അട്ടപ്പാടിക്കാരെ കൊല്ലാനിറങ്ങുന്ന ആനകളെ കൂടി 'വന്യജീവി പ്രേമി'കളായ വനംവകുപ്പ് കാണണം
details
അട്ടപ്പാടിക്കാരെ കൊല്ലാനിറങ്ങുന്ന ആനകളെ കൂടി 'വന്യജീവി പ്രേമി'കളായ വനംവകുപ്പ് കാണണം
നീതു രമമോഹന്‍
Saturday, 20th August 2022, 7:51 pm
വന്യജീവികളുടെ ആക്രമണമുണ്ടാകുമ്പോള്‍, അത് വലിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ട് വന്നാല്‍ മാത്രമേ കുടുംബത്തിന് ക്ലെയിം കിട്ടൂ. അല്ലെങ്കില്‍ അത് കൊല്ലങ്ങളോളം നീണ്ടുപൊയ്‌ക്കൊണ്ടിരിക്കും. ബസൊക്കെ തടഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി അടിപിടിയിലേക്കൊക്കെ നീണ്ടുപോയാല്‍ അവര്‍ വേണമെങ്കില്‍ പൈസ തരും. അല്ലാത്തപക്ഷം പൈസയും കിട്ടില്ല. ഇപ്പൊത്തന്നെ പത്തുമുപ്പത് പേരുടെ പൈസ പെന്‍ഡിങ്ങായി കിടപ്പുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാലക്കാട് അട്ടപ്പാടിയില്‍ രണ്ട് ജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ നഷ്ടമായത്. രണ്ടാഴ്ച മുമ്പ് രാത്രി സ്വന്തം വീട്ടുമുറ്റത്ത് വെച്ചാണ് മല്ലീശ്വരി എന്ന വീട്ടമ്മയൈ കാട്ടാന ചവിട്ടിക്കൊന്നത്.

കഴിഞ്ഞദിവസം രാത്രി പുതുര്‍ പഞ്ചായത്തില്‍ പെട്ട ഇലച്ചിവഴി എന്ന സ്ഥലത്ത് കാട്ടാന വീണ്ടും ഒരാളെ ചവിട്ടിക്കൊന്നിരിക്കുകയാണ്. നിര്‍മാണ തൊഴിലാളിയായ രാമദാസ് എന്ന 55കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളമെടുക്കാനായി പുഴയിലേക്ക് പോയ ഇദ്ദേഹത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.

അട്ടപ്പാടിയില്‍ മറ്റെല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് അവിടത്തെ ജനങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാന ശല്യവും ഇത്തരം ആക്രമണങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുന്നത്.

ഇതിന് പരിഹാരമെന്താണ് എന്ന ചോദ്യത്തിന് പക്ഷെ ഫോറസ്റ്റ് ഓഫീസര്‍മാരും സര്‍ക്കാരും കൈ മലര്‍ത്തുന്ന അവസ്ഥയാണ്. ഞങ്ങളെന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുകയാണ് നാട്ടുകാരും.

ഈ സാഹചര്യത്തില്‍ പുതുര്‍ പഞ്ചായത്തിലെ ജനങ്ങള്‍ നിലവില്‍ നേരിടുന്ന ഭീഷണികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഒപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങള്‍ ഭീഷണിയാകുമ്പോഴും വനംവകുപ്പ് കൈമലര്‍ത്തുന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് അട്ടപ്പാടിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ ബേസില്‍ പി. ദാസും പുതുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീറും.

ബേസില്‍ പി. ദാസ്

രണ്ടാഴ്ച മുമ്പ് പ്രദേശത്ത് വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പൊലീസ് പ്രതികാര നടപടി സ്വീകരിച്ചതാണ് ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഏക ‘നടപടി’യെന്നാണ് ബേസില്‍ പറയുന്നത്.

”കേരളത്തിലെ മലയോര മേഖലകളില്‍ നിന്ന് കഴിഞ്ഞ കുറേ നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന, നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളിലൊന്നാണ് വന്യജീവി- മനുഷ്യ സംഘര്‍ഷത്തിന്റേത്. ഇതില്‍ കാര്‍ഷിക മേഖലകളില്‍, കുടിയേറ്റ മേഖലകളില്‍, വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ എല്ലാം ആനയും കടുവയും പന്നിയുമടക്കമുള്ള ജീവികള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരികയും കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുകയും അതിനോടൊപ്പം തന്നെ കര്‍ഷകന്റെ ജീവന് അപകടമുണ്ടാക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്.

ഇതില്‍ ഏറ്റവും അവസാനത്തെ സംഭവം ഇന്നലെ രാത്രിയാണുണ്ടായത്. അട്ടപ്പാടിയില്‍ പുതുര്‍ പഞ്ചായത്തില്‍ പെട്ട ഇലച്ചിവഴി എന്ന പ്രദേശത്ത്, രാത്രി എട്ടര മണിയോട് കൂടി പുഴയിലേക്ക് വെള്ളമെടുക്കാന്‍ പോയ കൂലിപ്പണിക്കാരനായ സാധാരണക്കാരനെ കാട്ടാന ചവിട്ടി കൊന്നു.

അദ്ദേഹം പുഴയിലേക്ക് വെള്ളമെടുക്കാന്‍ പോയപ്പോള്‍ സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. തല ചവിട്ടിയരച്ചാണ് ഇദ്ദേഹത്തെ കൊന്നിരിക്കുന്നത്.

അട്ടപ്പാടിയിലെ തന്നെ കാവുണ്ടിക്കല്‍ എന്ന പ്രദേശത്ത് മല്ലീശ്വരി എന്ന നാല്‍പതുകാരിയായ വീട്ടമ്മയെ ആന ചവിട്ടിക്കൊന്നിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ജൂലൈ 27നായിരുന്നു ആ സംഭവം.

ഉറക്കത്തിനിടയില്‍ മുറ്റത്തെ തൊഴുത്തില്‍ നിന്ന് കന്നുകാലികളുടെ കരച്ചില്‍ കേട്ടതിനെത്തുടര്‍ന്ന് അത് നോക്കാന്‍ വേണ്ടി ഭര്‍ത്താവിനൊപ്പം മുറ്റത്തേക്കിറങ്ങിയതായിരുന്നു അവര്‍. ആ സ്ത്രീയെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ചാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

നിസ്സഹായനായി അത് നോക്കിനില്‍ക്കേണ്ടി വന്ന ആ ഭര്‍ത്താവിന്റെ ഭീതി ഇത്ര കാലമായിട്ടും വിട്ടുമാറിയിട്ടില്ല. അങ്ങനെ രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായിരിക്കുന്നത്.

കാവുണ്ടിക്കല്ലില്‍ വീട്ടമ്മ കൊല്ലപ്പെട്ട ദിവസം ജനങ്ങളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ഒരു ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കാവുണ്ടിക്കല്ലില്‍ അട്ടപ്പാടിയിലേക്കുള്ള പ്രധാന പാത ഉപരോധിക്കുകയും ചെയ്തിരുന്നു.

ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആ ഉപരോധത്തിന്റെ ഒടുക്കം തഹസീല്‍ദാരും മണ്ണാര്‍ക്കാട് ഡി.എഫ്.ഒയും അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

അവര്‍ അന്ന് നടത്തിയ ചര്‍ച്ചയില്‍ സമരം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു, ‘അട്ടപ്പാടിയില്‍ മനുഷ്യന്റെ ജീവന് അപകടമുണ്ടാക്കുന്ന കാട്ടാനകളെ ഇവിടെ നിന്ന് ഏതെങ്കിലും മറ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും’ എന്നായിരുന്നു അവരുടെ പ്രധാന വാഗ്ദാനം.

ആ വാഗ്ദാനം വിശ്വസിച്ചാണ് ജനങ്ങള്‍ അന്ന് ആ സമരം അവസാനിപ്പിച്ചത്. പക്ഷെ, ഇതിന്റെ തൊട്ടടുത്ത ദിവസം, സമരത്തിന് നേതൃത്വം നല്‍കിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരായ പന്ത്രണ്ടോളം പേര്‍ക്കെതിരെ ഗതാഗതം തടസപ്പെടുത്തി എന്നാരോപിച്ച് അഗളി പൊലീസ് കേസെടുത്തു.

ആ കേസ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടു എന്നല്ലാതെ ഇത്രയും ആഴ്ചകളായിട്ടും കാട്ടാന ശല്യത്തെ പ്രതിരോധിക്കാന്‍ ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല,” എ.ടി.വി അട്ടപ്പാടി എന്ന ചാനലിന്റെ മാനേജിങ് ഡയറക്ടറായ ബേസില്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് വീട്ടമ്മ കൊല്ലപ്പെട്ട കാവുണ്ടിക്കല്ലില്‍ ഒരു വലിയ ആനക്കൂട്ടമാണ് കുറച്ച് ദിവസങ്ങളായി നിലയുറപ്പിച്ചിരിക്കുന്നതെന്നും കഴിഞ്ഞദിവസം ആക്രമണമുണ്ടായ പുതുര്‍ പഞ്ചായത്ത് നിരന്തരമായ ആനശല്യം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുന്ന മേഖലയാണെന്നും ബേസില്‍ പറയുന്നു.

”പകല്‍ സമയത്ത് പോലും പുറത്തിറങ്ങി നടക്കാന്‍ പേടിയാണ്. വന്യജീവികളുടെ ജീവന് മാത്രം വില കല്‍പിക്കുന്ന, മനുഷ്യജീവന് അതിന്റെ നൂറിലൊരംശം പോലും വില നല്‍കാത്ത തീര്‍ത്തും മനുഷ്യത്വവിരുദ്ധമായ ഡിപ്പാര്‍ട്ട്മെന്റാണ് ഇവിടത്തെ വനംവകുപ്പ്.

മനുഷ്യന് ഉപദ്രവമായി വളരുന്ന വന്യജീവികളെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ദുഖകരമായ അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിന് മാറ്റം വരണം.

ഇവിടെയാണ് തിരുത്തലുകള്‍ ആവശ്യമുള്ളത്. വനംവകുപ്പെന്ന ഡിപ്പാര്‍ട്ട്മെന്റിനെ മനുഷ്യനോട് കൂടി അടുത്തുനില്‍ക്കുന്ന ഡിപ്പാര്‍ട്ട്മെന്റാക്കി മാറ്റേണ്ടതുണ്ട്. ഇല്ലെങ്കില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ മനുഷ്യര്‍ തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടാകും.

വനമേഖലകളില്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നു, അത് കാട്ടാനയും കാട്ടുപന്നിയുമടക്കം നശിപ്പിക്കുന്നു, കര്‍ഷകരുടെ ജീവനെടുക്കുന്നു. അപ്പോഴും കേവല പരിസ്ഥിതിവാദികളായ, യാഥാര്‍ത്ഥ്യത്തോട് ഒരു തരത്തിലും അടുത്ത് നില്‍ക്കാത്ത ചില കാല്‍പനിക ജീവികള്‍ പതിവായി ചില പ്രസ്താവനകള്‍ നടത്തുകയാണ്.

വസ്തുതയെന്താണ് എന്ന് പരിശോധിക്കാതെ ‘മനുഷ്യന്‍ കാട് കയ്യേറിയത് കൊണ്ടാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്’, എന്ന ശുദ്ധ വിവരക്കേടാണ് ഇവര്‍ പറയുന്നത്. ഇത്തരം കാല്‍പനിക വാദങ്ങളെ നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്.

ഇന്ന് കേരളത്തിലെ കാടുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം വന്യജീവികള്‍ ഇവിടെയുണ്ട്. നമ്മുടെ വനമേഖലക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാട്ടാനയുടെ എണ്ണത്തിന്റെ ആറോ എട്ടോ ഇരട്ടി കാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്.

മനുഷ്യന്‍ കാട് കയറിയിട്ടല്ല, മറിച്ച് കേരളത്തിലെ വനത്തിന്റെ വിസ്തൃതി കൂടിയതും വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഈ കേവല പരിസ്ഥിതി വാദികള്‍ മനസിലാക്കേണ്ടതുണ്ട്.

കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ക്രിയാത്മകമായ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. അത്തരം പദ്ധതികള്‍ക്ക് ആര് മുന്‍കൈ എടുക്കും എന്നതാണ് ചോദ്യം.

അട്ടപ്പാടിയിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ മലയോര മേഖലകളിലെയും വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന മനുഷ്യര്‍ക്കൊക്കെ ഒരു തരത്തിലും ജീവിക്കാന്‍ പറ്റാത്ത ഇന്നത്തെ സാഹചര്യം മാറ്റിയെടുക്കേണ്ടതുണ്ട്. അതിന് വനംവകുപ്പിനെ തിരുത്തിയെടുക്കേണ്ടതുണ്ട്.

സാധ്യമാകാത്ത കാര്യമാണ്, എങ്കിലും ജനങ്ങള്‍ അവരെ തിരുത്തിക്കുക തന്നെ വേണം,” ബേസില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൃത്യമായ പദ്ധതികളും ഫലപ്രദമായ നടപടികളുമാണ് ആവശ്യമെന്നാണ് പുതുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ പറയുന്നത്.

മുഹമ്മദ് ബഷീര്‍

”വനംവകുപ്പിന്റെ അടുത്ത് സംസാരിച്ചിട്ട് ഒരു രക്ഷയുമില്ല. ആന അക്രമിച്ചതുമായി ബന്ധപ്പെട്ട് അവരെ വിളിക്കുന്ന സമയത്ത് തൊട്ടടുത്ത സ്ഥലത്തെ ആനകളെ ഓടിക്കുകയായിരുന്നു അവര്‍.

ഒരു രണ്ട് വര്‍ഷക്കാലമായി എവിടെ നിന്നൊക്കെയോ ആനകള്‍ മൊത്തമായി അട്ടപ്പാടിയിലേക്ക് കയറിയിട്ടുണ്ട്. കര്‍ണാടക- തമിഴ്‌നാട് വനഭാഗത്ത് നിന്നും ആനകള്‍ മൊത്തമായി ഇപ്പോള്‍ ഇവിടെ തന്നെയാണ്. കൊമ്പന്മാര്‍ തന്നെ നാലോ അഞ്ചോ എണ്ണമുണ്ട്. പിന്നെ ഒരു ഏഴെണ്ണത്തിന്റെ കൂട്ടമുണ്ട്, 11 എണ്ണത്തിന്റെ വേറൊരു കൂട്ടമുണ്ട്. എവിടെ നോക്കിയാലും ദിവസവും ഏതെങ്കിലും ഏരിയയില്‍ ദിവസവും ആനകളുണ്ടാകും.

ഇന്നലെ ഇവിടത്തെ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞത്, അവര്‍ക്ക് ഒരു റെസ്റ്റുമില്ല, എങ്ങനെയെങ്കിലും ഇവിടെ നിന്ന് ട്രാന്‍സ്ഫര്‍ കിട്ടി പോയാല്‍ മതിയായിരുന്നു, എന്നാണ്. അത്രയും ദാരുണമാണ് ഞങ്ങളുടെ അവസ്ഥ.

ഈയൊരു രണ്ട് മാസത്തിനിടെ മൂന്നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. വന മേഖല കൂടുതലായത് കാരണം ഫോറസ്റ്റ് ഓഫീസര്‍മാരോടും ഞങ്ങള്‍ക്ക് പരാതി പറയാന്‍ പറ്റുന്നില്ല.

കഴിഞ്ഞ ദിവസം തന്നെ കുടത്തില്‍ വെള്ളമെടുത്ത് വരുന്നതിനിടെയാണ് രാമദാസ് എന്നയാള്‍ കൊല്ലപ്പെട്ടത്. അവിടെ കെട്ടിയിരുന്ന വേലികള്‍ പൊളിച്ച് തോട്ടത്തിനകത്തുകടന്ന് പുല്ലുതിന്നുകയായിരുന്ന ആന ഇവരെ ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പട്ടി കുരക്കുന്ന ശബ്ദം കേട്ടാണ് ആന ഓടി വന്നത് എന്നാണ് പറയുന്നത്. തല ചവിട്ടിയരച്ച നിലയിലായിരുന്നു.

രാത്രി ഒമ്പതരക്ക് സംഭവം അറിഞ്ഞ് പത്ത് മണിയായപ്പോഴേക്കും ഞങ്ങള്‍ അവിടെയെത്തി. ബോഡിയുടെ കിടപ്പുകണ്ട് പേടിച്ച് ഊരുകാര്‍ പോലും അടുത്തിരുന്നില്ല.

ചിലപ്പൊ ആളുകളെ എടുത്ത് വലിച്ചെറിയും അല്ലെങ്കില്‍ ഒരു തട്ട് തട്ടും എന്നല്ലാതെ ഇത്രയും ക്രൂരമായി ആനകള്‍ ചെയ്യാറില്ലായിരുന്നു. ഇപ്പൊ ആനയുടെ കയ്യില്‍പെട്ടാല്‍ പിന്നെ ജീവനോടെ തിരിച്ചുകിട്ടുക ബുദ്ധിമുട്ടാണ്. ഇദ്ദേഹത്തെ കൊന്ന ഉടനെ ആന ഭവാനിപ്പുഴ കടന്ന്, ബോര്‍ഡര്‍ കടന്ന് തമിഴ്‌നാട്ടിലേക്ക് പോയി,” ബഷീര്‍ പറയുന്നു.

വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കാത്ത പക്ഷം വന്യജീവി ആക്രമണത്തില്‍ മരിച്ച് പോകുന്നവരുടെ കുടുംബങ്ങള്‍ക്ക് ക്ലെയിം പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

”പിന്നെ വേറൊരു കാര്യം, വന്യജീവികളുടെ ആക്രമണമുണ്ടാകുമ്പോള്‍, അത് വലിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ട് വന്നാല്‍ മാത്രമേ കുടുംബത്തിന് ക്ലെയിം കിട്ടൂ. അല്ലെങ്കില്‍ അത് കൊല്ലങ്ങളോളം നീണ്ടുപൊയ്‌ക്കൊണ്ടിരിക്കും. ബസൊക്കെ തടഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി അടിപിടിയിലേക്കൊക്കെ നീണ്ടുപോയാല്‍ അവര്‍ വേണമെങ്കില്‍ പൈസ തരും.

അല്ലാത്തപക്ഷം പൈസയും കിട്ടില്ല, കുടുബത്തിന് ഒരു ജീവനും പോയി. ഇപ്പൊത്തന്നെ പത്തുമുപ്പത് പേരുടെ പൈസ പെന്‍ഡിങ്ങായി കിടപ്പുണ്ട്.

ഇന്നലെ രാമദാസ് കൊല്ലപ്പെട്ട സ്‌പോട്ടിലേക്ക് ഞാന്‍ പോയിരുന്നു. ആ ബോഡി വണ്ടിയില്‍ കയറ്റിയ സമയത്ത് പോലും കൂടെ പോകാന്‍ ആരുമില്ലായിരുന്നു. ഞങ്ങളെന്താണ് ചെയ്യുക, എന്ന അവസ്ഥയിലാണ് ഫോറസ്റ്റുകാരും. അവര്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തണ്ടര്‍ബോള്‍ട്ടും പൊലീസും അപ്പോള്‍തന്നെ സ്ഥലത്തെത്തി ബോഡി പരിശോധിച്ചിരുന്നു. ഇന്‍ക്വസ്റ്റ് അടക്കമുള്ള ബാക്കി കാര്യങ്ങള്‍ അപ്പൊത്തന്നെ നടത്തി ബോഡി എടുത്തു.

വനംവകുപ്പ് ഉദ്യോഗസ്ഥരും നിസ്സഹായരാണ്. എന്ത് തന്നെയാണെങ്കിലും മനുഷ്യരല്ലേ, ഒരു പരിധിയുണ്ടല്ലോ.

ഒന്നുരണ്ട് ആനകളാണ് ഏറ്റവും പ്രശ്‌നക്കാരായിട്ടുള്ളത്, എല്ലാ ആനകളുമില്ല. ഈ പ്രശ്‌നക്കാരായ ആനകളെ ഐഡന്റിഫൈ ചെയ്യാനും അവയെ ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാക്കണോ. ഒന്നുകില്‍ അവയെ പിടിച്ചുകൊണ്ട് പോകാനോ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്ത് ഒഴിവാക്കാനോ നോക്കണം. അല്ലാത്തപക്ഷം രാത്രി ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. ഞങ്ങളൊക്കെ കര്‍ഷകരാണ്. രാവും പകലും തോട്ടത്തിലൊക്കെ പണിയെടുക്കുന്നവരാണ്.

ആന കാട്ടിനകത്ത് നിന്നും വരുന്നത് തന്നെ വാഴ കഴിക്കാനും പശുവിന്റെ പുല്ല് കഴിക്കാനും ചോളം കഴിക്കാനുമാണ്. കര്‍ഷകരുടെ വീട്ടിലും പരിസരത്തുമൊക്കെ സ്വാഭാവികമായും ഇതുണ്ടാകും. അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇത് വളരെ ബുദ്ധിമുട്ടാണ്.

ഇപ്പോള്‍ അട്ടപ്പാടിയില്‍ രാത്രി സമയത്ത് നടന്നുപോകാനോ ബൈക്കുമായി പോകാനോ പ്രയാസമാണ്. പേടിച്ചുപേടിച്ചാണ് പോകുന്നത്. ആനകളുടെ ആക്രമണത്തില്‍ മരിച്ചവരുടെ ബോഡികള്‍ കണ്ടുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും രാത്രി പുറത്തിറങ്ങി നടക്കാന്‍ തോന്നില്ല.

ഇന്നലെ കൊല്ലപ്പെട്ട രാമദാസന്റെ കുടുംബത്തിന് ക്ലെയിം കിട്ടാന്‍ വേണ്ടി പഞ്ചായത്ത് നടപടിയെടുത്തിട്ടുണ്ട്. സംഭവം നടന്ന് ഉടന്‍ തന്നെ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചിരുന്നു. ക്ലെയിമിന് വേണ്ടി അപേക്ഷിക്കാനും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഇന്നലെ തന്നെ ഞങ്ങള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കൊടുത്തിട്ടുണ്ടായിരുന്നു. സെക്രട്ടറി വഴി അത് കളക്ടര്‍ക്കും കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്,” ഇടതുപക്ഷ പ്രവര്‍ത്തകന്‍ കൂടിയായ ബഷീര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു ഒന്നുരണ്ട് വര്‍ഷത്തിനിടെയാണ് അട്ടപ്പാടിയില്‍ കാട്ടാന ശല്യവും ആക്രമണവും ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇതേക്കുറിച്ചും ബഷീര്‍ സംസാരിച്ചു.

”കഴിഞ്ഞ ഒരു വര്‍ഷമായി ആനകളുടെ ആക്രമണം രൂക്ഷമാണ്. ഈ മാസം തന്നെ നാല് കര്‍ഷകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങളും നിസഹായരാണ്. ഓരോ കര്‍ഷകന്‍ മരണപ്പെടുമ്പോഴും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.

ഒന്നാമത്തെ കാര്യം, ഇവിടെ ആനകള്‍ക്ക് ഒളിച്ച് താമസിക്കാനുള്ള ഏരിയ വളരെ കൂടുതലാണ്. അട്ടപ്പാടിയില്‍ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ തന്നെ അഞ്ച് കിലോമീറ്ററിനകത്ത് ഫോറസ്റ്റ് ഭൂമിയില്ലാത്ത സ്ഥലമില്ല. ഏതെങ്കിലും ഒരു അതിര് എന്തായാലും ഫോറസ്റ്റ് ഏരിയയായിരിക്കും. ജനസാന്ദ്രത കുറവുള്ളത് കാരണം വേലികള്‍ നിര്‍മിച്ചിരിക്കുന്നതും അത്ര ഫലപ്രദമല്ല.

ഈ പശ്ചാത്തലത്തില്‍ പ്രശ്‌നക്കാരായ ആനകളെ പ്രദേശത്ത് നിന്നും മാറ്റുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വേലി നിര്‍മിക്കുന്ന കാര്യങ്ങള്‍ക്കും മറ്റും പുതിയ സ്‌കീമുകള്‍ കൊണ്ടുവരേണ്ടതുണ്ട്. തമിഴ്‌നാടൊക്കെ ചെയ്തത് പോലെ ആനക്കുഴികള്‍ നിര്‍മിച്ചാല്‍ ഒരു പരിധി വരെ പരിഹാരമായേക്കും. ആന പുഴയിലേക്ക് വരുന്ന ഭാഗങ്ങളിലൊഴികെ ബാക്കിയുള്ള സ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ആനക്കുഴികള്‍ നിര്‍മിക്കുന്നത് ഫലപ്രദമായിരിക്കും.

ഇതിന് ശക്തമായ നടപടി തീര്‍ച്ചയായും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണം. ഞങ്ങള്‍ ജനങ്ങളോട് മറുപടി പറയേണ്ടതുണ്ടല്ലോ. ഉന്നത തലത്തില്‍ ഇതിന് വേണ്ടി പ്രോട്ടോക്കോള്‍ ഉണ്ടാക്കുന്നത് നന്നായിരിക്കും. റാപിഡ് റെസ്‌പോണ്‍സ് ടീം സജീവമാക്കണം.

പുതുര്‍ പഞ്ചായത്ത് വലിയൊരു പഞ്ചായത്താണ്. ഈ സാഹചര്യത്തില്‍ ഇവിടത്തെ ഫോറസ്റ്റുകാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്, എന്നാലേ ഏരിയ കവര്‍ ആവൂ. നൂറ് കിലോമീറ്ററില്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡിന് എത്രത്തോളം കവര്‍ ചെയ്യാന്‍ പറ്റും, രണ്ടുമൂന്ന് സ്ഥലങ്ങളില്‍ ആനയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പറ്റില്ല. ഫോറസ്റ്റ് ഏരിയയെ ഓരോ സെക്ടറായി തിരിച്ചുകൊണ്ട് അവിടെ കൃത്യമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോളോഅപ് ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ ഈ ആനശല്യം കുറക്കാന്‍ പറ്റും,” ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് അട്ടപ്പാടിയിലേയോ പാലക്കാട്ടേയോ മാത്രം പ്രശ്‌നമല്ല, വയനാട് അടക്കം മലയോര, വന മേഖലകളില്‍ സാധാരണ ജനങ്ങള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത് ഇത്തരം വന്യജീവി ആക്രമണങ്ങളെ ഭയന്നുകൊണ്ടാണ്. വനമേഖലയും വന്യജീവികളുടെ എണ്ണവും വര്‍ധിച്ച് വരികയാണെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ കാണിക്കുമ്പോഴും ‘പരിസ്ഥിതി വാദികള്‍’ ഇതിന് വിരുദ്ധമായ അഭിപ്രായങ്ങളുന്നയിക്കുന്നത് തീര്‍ത്തും നിരാശാജനകമാണ്.

പ്രശ്‌നങ്ങള്‍ക്ക് വേണ്ട പ്രായോഗിക പരിഹാരങ്ങളും ജീവിക്കാന്‍ സൗകര്യമൊരുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതികളുമാണ് ഇവിടത്തെ ജനങ്ങള്‍ക്കാവശ്യം. അതിനപ്പുറത്തേക്കുള്ള കൈമലര്‍ത്തലുകള്‍ക്കും ‘ഔദ്യോഗിക’ രേഖകള്‍ നിരത്തിയുള്ള വിശദീകരണ- ന്യായീകരണങ്ങള്‍ക്കും വന്യജീവികള്‍ക്കുമുന്നില്‍ ഇരയാക്കപ്പെടുന്ന ഇവരുടെ ജീവനുകളുടെ മുന്നില്‍ ഒരു സ്ഥാനവുമില്ല.

Content Highlight: Attacks from elephants became a continuous story in Attappadi, Forest department remains numb

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.