പാലക്കാട്: തൃത്താലയില്‍ ഹെഡ് മാസ്റ്ററെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അധ്യാപകന്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.
ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകള്‍ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് കൂടിയാണ് അശ്വതി ശ്രീകാന്തിന്റെ പ്രതികരണം. സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു അശ്വതി.
അധ്യാപകനെതിരെ ഭീഷണി മുഴക്കിക്കൊണ്ട് വിദ്യാര്‍ത്ഥി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുട്ടിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തുള്ള കമന്റുകളാണ് പിന്നാലെയുണ്ടായത്.
എന്നാല്‍ അര്‍ഹിക്കുന്ന ശ്രദ്ധ, സ്‌നേഹം, വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകള്‍, സമയോചിതമായ ചില തിരുത്തലുകള്‍, പ്രായോചിതമായ ഗൈഡന്‍സ് ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്‌നക്കാരായി മാറുന്നതെന്ന് അശ്വതി ശ്രീകാന്ത് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അശ്വതിയുടെ പ്രതികരണം.
‘അഗ്രസീവായി പെരുമാറുന്ന കുട്ടികളെ നോക്കിയാല്‍, മിക്കവാറും അതിലേറെ അഗ്രസീവായ മാതാപിതാക്കള്‍ അവര്‍ക്കുണ്ടാകും. അല്ലെങ്കില്‍ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു കൊടുക്കാന്‍ കഴിയാത്ത പേരന്റ്‌സ്,’ അശ്വതി ശ്രീകാന്ത്
ഭയമുണ്ടാക്കലാണ് മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ന്ന വഴിയെന്നും അടിയും പരിഹാസവും കൊണ്ടല്ലാതെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അവരില്‍ പലരുടെയും ജീവിതം എത്രയോ മാറിയേനെ എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ടെന്നും അശ്വതി പറയുന്നു.
നാല്‍പത് വയസുകാരെ പോലെ നാല് വയസുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് ലോകമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. അതിനുള്ള ഒരേയൊരു മാര്‍ഗമാണ് അടിയെന്നും അശ്വതി പറഞ്ഞു.
അടിയും അപമാനവുമേറ്റ് സ്‌ട്രോങ്ങ് ആവാത്തത് കൊണ്ടല്ല കുട്ടികള്‍ കയറെടുക്കുന്നത്, അവര്‍ക്ക് ഇമോഷണല്‍ ആയിട്ടുള്ള സ്‌പേസ് കൊടുക്കാന്‍ നമുക്ക് കഴിയാത്തത് കൊണ്ടാണെന്നും അശ്വതി ശ്രീകാന്ത് പറയുന്നു.
അടിയോടൊക്കുമോ അണ്ണന്‍ തമ്പി എന്ന് തന്നെയാണ് ഇപ്പോഴും തോന്നലെങ്കില്‍ വിട്ടേരെ, ഇത് നിങ്ങള്‍ക്കുള്ളതല്ല എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തൃത്താല പൊലീസ് വിദ്യാര്‍ത്ഥിയെ വിളിച്ച് വരുത്തിയിരുന്നു.
തുടര്‍ന്ന് തന്റെ പിഴവ് തുറന്ന് പറഞ്ഞ വിദ്യാര്‍ത്ഥി മാപ്പ് പറയാന്‍ തയ്യാറാണെന്ന് പൊലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയെ അധികൃതര്‍ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Content Highlight: Aswathy Sreekanth react to spreading the student’s video in thrithala