എം.ടി വാസുദേവന്‍ നായര്‍ക്കുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ഒന്‍പത് ചെറുകഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ സംവിധാനം ചെയ്ത ഒന്‍പത് ഷോര്‍ട് ഫിലിമുകളെ ചേര്‍ന്ന ആന്തോളജി ചലച്ചിത്രമാണ് മനോരഥങ്ങള്‍. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, രഞ്ജിത്ത്, ജയരാജ്, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, അശ്വതി വി.നായര്‍ എന്നിവരാണ് മനോരഥങ്ങളുടെ സംവിധായകര്‍.
മനോരഥങ്ങളില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രണ്ട് സിനിമകളാണുള്ളത്. ശിലാലിഖിതവും ഓളവും തീരവും. അതില്‍ ഓളവും തീരവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മോഹന്‍ലാലും ദുര്‍ഗ കൃഷ്ണയുമാണ്. എം.ടിയുടെ ഓളവും തീരവും കഥയെ ആസ്പദമാക്കി ഇതിന് മുന്‍പും സിനിമ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 1970ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകന്‍ പി.എന്‍. മേനോന്‍ ആയിരുന്നു.
ഓളവും തീരവും വീണ്ടും ചെയ്യണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധമായിരുന്നെന്ന് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അശ്വതി നായര്‍. 1970ല്‍ പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമക്ക് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ കഥകളില്‍ നിന്നും ചില കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഓളവും തീരവും വീണ്ടും സിനിമയാക്കിയപ്പോള്‍ കഥയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ഉള്ള തിരക്കഥ ആയിരുന്നു ഉപയോഗിച്ചതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.
‘ലാല്‍ സാറിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പ്രിയദര്‍ശന്‍ സാറിന്റെ നിര്‍ബന്ധമായിരുന്നു ഓളവും തീരവും. സാറിന് വേറെ ചോയ്‌സ് ഒന്നും ഉണ്ടായിരുന്നില്ല. എനിക്കിത് തന്നെ ചെയ്യണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു.
പിന്നെ അച്ഛനോട് സംസാരിച്ചപ്പോള്‍ ചെയ്യണമെങ്കില്‍ ചെയ്യാം കുഴപ്പമില്ല എന്ന് പറഞ്ഞു. ഓളവും തീരവും ഒറിജിനല്‍ സിനിമയുടെ സ്‌ക്രിപ്റ്റ്, ആ സിനിമക്ക് വേണ്ടി കുറെ കൂട്ടിച്ചേര്‍ക്കലുകളൊക്കെ നടത്തി എഴുതിയതായിരുന്നു.
എന്നാല്‍ മനോരഥങ്ങളിലെ ഓളവും തീരവും സിനിമയുടെ സ്‌ക്രിപ്റ്റ് അച്ഛന്‍ എഴുതിയ കഥ എങ്ങനെയാണോ അങ്ങനെ തന്നെ ഒരു തിരക്കഥയുടെ രൂപത്തിലേക്കാക്കി ചെയ്തതാണ്. അതുകൊണ്ട് തന്നെ ഓളവും തീരവും ഒറിജിനല്‍ സിനിമയില്‍ നിന്ന് മനോരഥങ്ങളിലെ ഓളവും തീരത്തിലേക്ക് വരുമ്പോള്‍ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ ഒക്കെ ഉണ്ടാകും,’ അശ്വതി നായര്‍ പറയുന്നു.
Content Highlight: Aswathi Nair Talks About Priyadarshan and Olavum Theeravum