ഈ പോക്കാണെങ്കില്‍ കപ്പും ഇവര്‍ പൊക്കുമോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ആസ്റ്റണ്‍ വില്ല
Sports News
ഈ പോക്കാണെങ്കില്‍ കപ്പും ഇവര്‍ പൊക്കുമോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ആസ്റ്റണ്‍ വില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th December 2023, 10:54 am

ഇംഗ്ലീഷ് പ്രീമിയര്‍ ആഴ്സണലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ല. ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ല സ്വപ്‌നതുല്യമായ വിജയകുതിപ്പാണ് നടത്തുന്നത്. ഈ മികച്ച വിജയത്തിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളാണ് ആസ്റ്റണ്‍ വില്ലയയെ തേടിയെത്തിയത്.

ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ തുടര്‍ച്ചയായി 15 വിജയങ്ങളാണ് ആസ്റ്റണ്‍ വില്ല സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആസ്റ്റണ്‍ വില്ല സ്വന്തം ഹോം ഗ്രൗണ്ടില്‍ 15 വിജയങ്ങളുമായി അണ്‍ബീറ്റണ്‍ റണ്‍ നടത്തുന്നത്.

ആസ്റ്റണ്‍ വില്ല പരിശീലകന്‍ ഉനായ് എമറിയും ഒരു അവിസ്മരണീയ നേട്ടം സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 15 മത്സരങ്ങള്‍ വിജയിക്കുന്ന അഞ്ചാമത്തെ പരിശീലകനെന്ന നേട്ടമാണ് എമറി സ്വന്തമാക്കിയത്. അലക്‌സ് ഫെര്‍ഗൂസന്‍, പെപ് ഗാര്‍ഡിയോള, യുര്‍ഗന്‍ ക്‌ളോപ്പ്, റോബര്‍ട്ടോ മാന്‍സീനി എന്നീ പരിശീലകരാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-4-1-1 എന്ന ഫോര്‍മേഷനിലാണ് ആസ്റ്റണ്‍ വില്ല കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു ഗണ്ണേഴ്സ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ ജോണ്‍ മഗ്ലിനിലാണ് ആസ്റ്റണ്‍ വില്ലയുടെ വിജയഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ ആഴ്‌സണല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധം മറികടക്കാന്‍ ആയില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ല സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും 35 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 36 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്സണല്‍.

content highlights: Aston Villa defeated English Premier Arsenal by a one-sided goal.