കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മമത പറഞ്ഞു. കര്‍ഷകബില്ലിനെതിരെ കേരളസര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് മമതയുടെ പ്രതികരണം.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുത്തില്ലെന്നും മമത പറഞ്ഞു.
‘ഈ കര്‍ഷക നിയമങ്ങളെ ശക്തമായി എതിര്‍ക്കുന്നു. ബില്ലുകള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കും’, മമത പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ഏഴാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് പുതിയ തീരുമാനവുമായി മമത രംഗത്തെത്തിയത്.
കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് തോമറാണ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്നും കേന്ദ്ര കൃഷിമന്ത്രി അവകാശപ്പെട്ടു.
നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു.
എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് ഇന്നത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത് ആത്മഹത്യാപരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
പ്രതികൂല കാലാവസ്ഥയും മഴയും കൊടും തണുപ്പും അവഗണിച്ചാണ് കര്‍ഷക സംഘടനകള്‍ നാല്‍പ്പതാം ദിവസവും സമരം തുടരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ സമാന്തര പരേഡ് അടക്കമുള്ളവ നടത്താന്‍ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്. ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അടുത്ത ചര്‍ച്ച.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക