അത്തരത്തിലുള്ള പൊലീസ് വേഷങ്ങളിൽ നിന്ന് മലയാള സിനിമ ഇന്ന് ഒരുപാട് മാറി: ആസിഫ് അലി
Entertainment
അത്തരത്തിലുള്ള പൊലീസ് വേഷങ്ങളിൽ നിന്ന് മലയാള സിനിമ ഇന്ന് ഒരുപാട് മാറി: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2024, 4:27 pm

മലയാള സിനിമയിലെ യുവ നടന്മാരില്‍ ഏറെ ആരാധകരുള്ള നടനാണ് ആസിഫ് അലി. തന്റെതായ സ്റ്റൈലില്‍ അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് ആസിഫ്. ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചെത്തിയ പുതിയ ചിത്രമാണ് തലവന്‍.

ആദ്യമൊക്കെ സിനിമയില്‍ മസ്‌കുലര്‍ ആയിട്ടുള്ള പൊലീസ് വേഷങ്ങള്‍ ആയിരുന്നെന്നും ഇന്നതിന് ഒരുപാട് മാറ്റങ്ങള്‍ വന്നെന്നും പറയുകയാണ് ആസിഫ് അലി. തലവന്‍ സിനിമയുടെ തിരക്കഥയാണ് തന്നെ മറ്റൊരു പൊലീസ് വേഷംകൂടെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സിനിമയുടെ തിരക്കഥയുടെ ഓരോ ഘട്ടത്തിലും താന്‍ കൂടെയുണ്ടായിരുന്നെന്നും ആസിഫ് അലി മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആദ്യമൊക്കെ പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ മടിയുണ്ടായിരുന്നു. മുന്നേ നമ്മള്‍ കണ്ടിരുന്നത് ഹീറോയിക് പൊലീസ് കഥാപാത്രങ്ങളായിരുന്നു. മസ്‌കുലര്‍ ആയിട്ടുള്ള, ടൈറ്റ് ഫിറ്റ് ഷര്‍ട്ടും ക്രോപ്പ് ചെയ്ത മുടിയൊക്കെയുള്ള, തമിഴ് സിനിമകളില്‍ കണ്ടു കൊണ്ടിരുന്ന പൊലീസ് വേഷങ്ങള്‍. ഇന്നത് മാറി, നമ്മളെപ്പോലെയുള്ളവരാണ് പൊലീസുകാരും. ഇവര്‍ യൂണിഫോം മാറിവന്നാല്‍
ഒരു സാധാരണക്കാരന്റെ ഫീലാണ്.

കൂമന്‍, കുറ്റവും ശിക്ഷയും എന്നീ സിനിമകളിലെ എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ, ഈ സിനിമയുടെ തിരക്കഥ തന്നെയാണ് ഉടനെയൊരു പൊലീസ് വേഷം കൂടെ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരുവര്‍ഷത്തോളം തിരക്കഥയുടെ ഓരോ പരിണാമഘട്ടത്തിലും ഞാനുമുണ്ടായിരുന്നു. കാര്‍ത്തിക് എന്ന കഥാപാത്രം സര്‍വീസില്‍ കയറിയിട്ട് മൂന്നുവര്‍ഷം ആയതേയുള്ളൂ. സമര്‍ഥനായ, ഉത്സാഹവും ആവേശവും എടുത്തുചാട്ടവും ഒക്കെയുള്ളൊരു പൊലീസ് ഓഫീസറാണ് അദ്ദേഹം.

ആ ഒരു മാനസികനിലയിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകളുണ്ടായിരുന്നു. മാത്രമല്ല, ഞാന്‍ ചെയ്യുന്നത് മോശമാണെങ്കില്‍ അത് തുറന്നുപറയാവുന്ന അടുപ്പവും സ്വാതന്ത്ര്യവുമുള്ള സുഹൃത്താണ് ജിസ്.

ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ഇതൊരു കൂട്ടായ പരിശ്രമമാണ്. അതുകൊണ്ടുതന്നെ മാനസികസമ്മര്‍ദം കുറവായിരുന്നു,’ ആസിഫ് അലി പറഞ്ഞു.

 

Content Highlight: Asif Ali Talk About His Police Roles