എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാൾക്കെതിരെയുള്ള വിദ്വേഷമാകരുത്: ആസിഫ് അലി
Entertainment
എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാൾക്കെതിരെയുള്ള വിദ്വേഷമാകരുത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th July 2024, 2:57 pm

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

താരസംഘടനയായ അമ്മ, ഫെഫ്ക്ക എന്നിവരെല്ലാം വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം ആസിഫ് അലിയുടെ പ്രതികരണത്തിനായിരുന്നു എല്ലാവരും കാത്തിരുന്നത്.

പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ ഭാഗമായി ആസിഫ് അലിയും അണിയറ പ്രവർത്തകരും സെന്റ് ആൽബർട്ട് കോളേജിൽ വെച്ച് നടത്തിയ പ്രൊമോഷൻ പരിപാടിയിൽ ആദ്യമായി ആസിഫ് സംഭവത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

തനിക്കുള്ള സപ്പോർട്ടിന് നന്ദിയുണ്ടെന്നും എന്നാൽ തന്നോടുള്ള സ്നേഹം മറ്റൊരാളോടുള്ള വിദ്വേഷം തീർക്കാനായി ഉപയോഗിക്കരുതെന്നും ആസിഫ് പറഞ്ഞു. അദ്ദേഹത്തിന്റെ വിഷമം താൻ മനസിലാക്കുന്നുവെന്നും ആസിഫ് കൂട്ടിച്ചേർത്തു.

‘ഞാൻ ഒരുപാട് പോസ്റ്റുകൾ കണ്ടു എന്നെ സപ്പോർട്ട് ചെയ്‌തുകൊണ്ട്. ഒരുപാട് സന്തോഷമുണ്ട്. പക്ഷെ എനിക്കൊരു വിനീതമായ അഭ്യർത്ഥനയുണ്ട്.

എന്നെ അനുകൂലിച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നതും മറ്റൊരാൾക്ക്‌ എതിരെയുള്ള ഹേറ്റ് ക്യാമ്പയിനായി മാറരുത്. അതെന്റെ ഒരു അപേക്ഷയാണ്. കാരണം അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസിലാവും. അതുകൊണ്ട് ദയവ് ചെയ്ത് അതൊരു ഹേറ്റ് ക്യാമ്പയിനായി മാറരുത്. എല്ലാവർക്കും ഒരുപാട് നന്ദി,’ആസിഫ് അലി പറഞ്ഞു.

 

Content Highlight: Asif Ali’s Statement  About Issue With Ramesh Narayanan