കലയോളം കലാകാരന്മാരെയും സ്നേഹിക്കുന്നവരാണ് മലയാളികൾ, പക്ഷെ സ്നേഹം വിദ്വേഷമാവരുത്: ആസിഫ് അലി
Entertainment
കലയോളം കലാകാരന്മാരെയും സ്നേഹിക്കുന്നവരാണ് മലയാളികൾ, പക്ഷെ സ്നേഹം വിദ്വേഷമാവരുത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th July 2024, 3:37 pm

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

താരസംഘടനയായ അമ്മ, ഫെഫ്ക്ക എന്നിവരെല്ലാം വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം ആസിഫ് അലിയുടെ പ്രതികരണത്തിനായിരുന്നു എല്ലാവരും കാത്തിരുന്നത്. ഇപ്പോൾ വാർത്ത സമ്മേളനത്തിൽ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

‘കഴിഞ്ഞദിവസം എന്നെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും ടി.വി ചാനലുകളിലും സംസാരിക്കുന്നത്തിനൊപ്പം അദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചരണം നടക്കുന്നതായി ഞാൻ കണ്ടിരുന്നു. അതിനൊരു അവസരം ഉണ്ടാകരുത് എന്നതുകൊണ്ടാണ് ഞാനിപ്പോൾ സംസാരിക്കുന്നത്.

സത്യം പറഞ്ഞാൽ എനിക്ക് ഇതിനെക്കുറിച്ച് ഒരു അഭിപ്രായം പറയണമെന്നോ മാധ്യമങ്ങളോട് സംസാരിക്കണമെന്നോ ഉണ്ടായിരുന്നില്ല. ഇന്നലെ ഉണ്ടായ ഒരു വിദ്വേഷ പ്രചരണവും അതുകാരണം അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങൾ ഞാൻ കണ്ടത് കൊണ്ടുമാണ് ഇപ്പോൾ സംസാരിക്കുന്നത്.

ആ നിമിഷത്തിൽ അദ്ദേഹത്തിന് തോന്നിയതാവാം. ഒന്ന് അപ്പോൾ വേദിയിലേക്ക് വിളിക്കുമ്പോൾ പേര് വ്യക്തമാക്കി വിളിക്കാമായിരുന്നു. ആദ്യം വിളിക്കാൻ മറന്നുപോയി. ബാക്ക് സ്റ്റേജിൽ നിന്ന് റിക്വസ്റ്റ് ചെയ്ത ശേഷം പേര് മാറ്റി വിളിക്കുന്ന സാഹചര്യം ഉണ്ടായി. എല്ലാ മനുഷ്യർക്കും ഉണ്ടാവുന്ന ഒരു ടെൻഷൻ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവും.

അതിനൊപ്പം തന്നെ അദ്ദേഹത്തിന് കാലിനു ബുദ്ധിമുട്ടുള്ളതുകൊണ്ട് വേദിയിലേക്ക് കയറാൻ പ്രയാസമായി. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾക്കിടയിലൂടെയാണ് അദ്ദേഹം കടന്നുപോയത്. നമ്മളെല്ലാവരും പ്രതികരിക്കുന്ന പോലെ തന്നെയാണ് അദ്ദേഹവും പ്രതികരിച്ചത്. പക്ഷെ അത് ക്യാമറയിലൂടെ പുറത്തേക്ക് വന്നപ്പോൾ കുറച്ചുകൂടെ എടുത്ത് കാണിച്ചു എന്നാണ് എനിക്ക് തോന്നിയത്.

എനിക്കതിൽ നൂറ് ശതമാനവും ഒരു തരത്തിലുള്ള വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. ആ നിമിഷത്തിൽ അദ്ദേഹം അങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ അദ്ദേഹം അനുഭവിച്ച എന്തെങ്കിലും പിരിമുറുക്കം കാരണമായിരിക്കും. അല്ലാതെ എനിക്കൊരു പ്രയാസവും തോന്നിയില്ല.

അദ്ദേഹം ജയരാജ്‌ സാറിനെ വിളിക്കുമ്പോൾ ഞാൻ അവിടെ നിന്ന് മാറി നിൽക്കുകയും ചെയ്തു. കാരണം എനിക്ക് ചെയ്യാനുള്ള കാര്യം ഞാൻ ചെയ്തു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ മാറിയിരുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഈ കാര്യങ്ങൾ ഞാൻ ഓൺലൈനിൽ ശ്രദ്ധിച്ചത്. എനിക്ക് നല്ല പനിയായിരുന്നു. ഇതിന് എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു.

കാരണം ഞാൻ പറയുന്ന ഒരു മറുപടി മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ പാടില്ല. ഈ കാര്യം മതപരമായ രീതിയിൽ വരെ ചർച്ച ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തി. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ അങ്ങനെയൊന്നുമില്ല. ഒരു നിമിഷം അദ്ദേഹത്തിനുണ്ടായ ഒരു തോന്നൽ മാത്രമാണത്.

ഇന്ന് രാവിലെയാണ് ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചത്. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു. എനിക്കൊരുപാട് വിഷമമുണ്ടായി. അദ്ദേഹത്തിന്റെ ഒരു പ്രായം വെച്ചോ സീനിയോരിറ്റി വെച്ചോ എന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ അതെത്തിച്ചു. അതിലൊക്കെ ഒരുപാട് വിഷമമുണ്ട്.

വീണ്ടും പറയുന്നു, എനിക്ക് സപ്പോർട്ട് തന്നതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ലോകത്തുള്ള എല്ലാ മലയാളികളും പറ്റുന്ന പോലെ എന്നെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. എന്നെ ആളുകൾ ഇത്രയും ഇഷ്ടപെടുന്നു. കലയോളം തന്നെ കലാകാരൻമാരെ സ്നേഹിക്കുന്നവരാണ് മലയാളികൾ എന്ന് ഇന്നലെ തെളിയിച്ചു. പക്ഷെ അതിനൊപ്പം അദ്ദേഹത്തിനെതിരെ ഒരു വിദ്വേഷം പ്രചരണം ഉണ്ടാവുന്നതിൽ എനിക്ക് താത്പര്യമില്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വാസിക്കുന്നില്ല. മറ്റൊരു ചർച്ചയിലേക്ക് ഇതിനെ കൊണ്ടുപോവരുത്. ഇത് കഴിഞ്ഞതായി ഞാൻ ആഗ്രഹിക്കുന്നു.

 

Content Highlight: Asif ali About Ramesh Narayanan And His Statement About Issue