ന്യൂദല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ ഖനന നടപടികള്‍ ആരംഭിച്ചേക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ആര്‍.എസ്.ഐ). കുത്തബ് മിനാറില്‍ നിന്നും ഹിന്ദു ദേവന്മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന ഹിന്ദുത്വ വാദികളുടെ ആരോപണത്തിന് പിന്നാലെയാണ് നടപടി. സര്‍വേ റിപ്പോര്‍ട്ട് സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറും.
വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ദല്‍ഹി കുത്തബ് മിനാറിനെതിരെയും വിവാദ പരാമര്‍ശങ്ങളുമായി ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരുന്നു.
1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹം കണ്ടെത്തിയെന്നായിരുന്നു ഹിന്ദുത്വ വാദികള്‍ ആരോപിച്ചത്.
കുത്തുബ് മിനാറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ കൊത്തി വച്ച നിലയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
കുത്തബ് മിനാറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ജില്ലാ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
സ്മാരകം നിര്‍മിച്ചത് ഹിന്ദു ചക്രവര്‍ത്തിയായ രാജാ വിക്രമാദിത്യനാണെന്ന് അവകാശവാദങ്ങളും ഉയര്‍ന്നിരുന്നു. കുത്തബ് മിനാര്‍ നിര്‍മിച്ച കാലം മുതല്‍ മസ്ജിദിന്റെ തൂണുകളിലുള്ള ശില്‍പങ്ങളെ ചൊല്ലി നിലവില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
നേരത്തെ കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന ആവശ്യവുമായി വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വക്താവ് വിനോദ് ബന്‍സാല്‍ കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ ‘വിഷ്ണു സ്തംഭം’ ആണെന്ന് അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചെതന്നും ആരോപിച്ചിരുന്നു.