എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു: വെളിപ്പെടുത്തലുമായി അശ്വിന്‍
Sports News
എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു: വെളിപ്പെടുത്തലുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th March 2024, 4:00 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരം മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

പരമ്പരയില്‍ ഉടനീളം മിന്നും പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ കരിയറിലെ നിര്‍ണായകമായ ഘട്ടത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. 2012ല്‍ ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലെ തോല്‍വിയാണ് കരിയറിലെ വലിയ വഴിത്തിരിവായതെന്ന് താരം പറഞ്ഞു. പരമ്പരയില്‍ അശ്വിന്‍ വിക്കറ്റ് വേട്ടക്കാരില്‍ നാലാമതായിരുന്നു.

എന്നാല്‍ 52.64 ശരാശരിയില്‍ താരം 737 റണ്‍സാണ് വഴങ്ങിയത്. ഇംഗ്ലണ്ടിന്റെ അലസ്റ്റര്‍ കുക്കും കെവിന്‍ പീറ്റേഴ്‌സനും വലിയ സ്‌കോര്‍ ആണ് താരത്തിന് നേരെ അടിച്ചെടുത്തത്. പരമ്പരയില്‍ അശ്വിന്റെ മികച്ച പ്രകടനം 3/80 ആയിരുന്നു. 2-1ന് പരമ്പര ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഒരു പത്രസമ്മേളനത്തിലാണ് അശ്വിന്‍ ഇതേക്കുറിച്ച് സംസാരിച്ചത്.

 

‘ഇംഗ്ലണ്ടുമായുള്ള ആ പരമ്പരയില്‍ കുക്കും പീറ്റേഴ്സണും എനിക്കെതിരെ റണ്‍സ് നേടിയത് കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. അതില്‍ എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. 5% മെച്ചപ്പെടുത്താന്‍ ഇത് എനിക്ക് ഒരു മികച്ച പാഠമായിരുന്നു. അന്നുമുതല്‍ അത് എന്റെ താഴ്ച്ചകളെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു,’ അശ്വിന്‍ പറഞ്ഞു.

അതിനെല്ലാം ശേഷം താരം വലിയ നേട്ടാമാണ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ 500 വിക്കറ്റ് സ്വന്തമാക്കിയത് ഉള്‍പ്പെടെ നിരവധി റെക്കോഡുകള്‍ താരത്തിനുണ്ട്. ഇപ്പോള്‍ കരിയറിലെ മറ്റൊരു നിര്‍ണായക നാഴികക്കല്ലും പിന്നിടാന്‍ അശ്വിന്‍ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ താരം തന്റെ 100ാം ടെസ്റ്റാണ് കളിക്കാനൊരുങ്ങുന്നത്.

 

 

 

 

Content Highlight: Ashwin with disclosure


Community-verified icon