Advertisement
Kerala News
ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോള്‍ ഒരു സീറ്റ് ബാക്കി; നിരക്ക് മൂന്നിരട്ടി കൂടുതല്‍; പ്രവാസികള്‍ക്കായി പ്രതികരിക്കാന്‍ ഒരു കക്ഷിയുമില്ല; അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 01, 12:21 pm
Thursday, 1st June 2023, 5:51 pm

കോഴിക്കോട്: പ്രവാസിയുടെ യാത്രാദുരിതത്തെ കുറിച്ചുള്ള സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു. കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് യാത്ര ചെയ്തപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ 17 സീറ്റ് കാലിയായിരുന്നു. എന്നാല്‍ ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് ഒഴിവ് ഉള്ളതായി കാണിച്ചിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ടിക്കറ്റ് നിരക്ക് മൂന്നിരട്ടി കൂടുതലായിരുന്നെന്നും എന്തിനാണ് പ്രവാസികളെ ഇങ്ങനെ കൊള്ളയടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികള്‍ ചോര നീരാക്കുന്ന പണം കൊള്ളയടിക്കാന്‍ വേണ്ടി മാത്രം കുറേയാളുകളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരേ ദൂരത്തേക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്ന സംവിധാനം തന്നെ വല്ലാത്ത അനീതിയാണെന്നും വേനല്‍ക്കാല അവധി വരുമ്പോള്‍ വിമാനക്കമ്പനികള്‍ പ്രവാസികളെ കാലങ്ങളായി കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

വിഷയത്തില്‍ പ്രതികരിക്കാന്‍ ഒരു കക്ഷിയും ഇല്ലെന്നും ഏത് ഭരണം വന്നാലും ഇങ്ങനെ തന്നെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് പ്രവാസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്തു. യാത്രചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ 17 സീറ്റ് കാലിയായിരുന്നു. ടിക്കറ്റെടുക്കാന്‍ നോക്കിയ സമയത്ത് ഒരു സീറ്റ് മാത്രമാണ് ഒഴിവ് ഉള്ളതായി കാണിച്ചിരുന്നത്. ടിക്കറ്റ് നിരക്കാകട്ടെ മൂന്നിരട്ടി കൂടുതലും. എന്തിനാണ് പ്രവാസികളെ ഇങ്ങനെ കൊള്ളയടിക്കുന്നത്. പ്രവാസികള്‍ ചോര നീരാക്കുന്ന പണം കൊള്ളയടിക്കാന്‍ വേണ്ടി മാത്രം കുറേ ജന്മങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും ഒരു കക്ഷിയും ഇല്ല. ഒരേ ദൂരത്തേക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്ന സംവിധാനം തന്നെ വല്ലാത്ത അനീതിയാണ്. വേനല്‍ക്കാല അവധി വരുമ്പോള്‍ വിമാനക്കമ്പനികള്‍ പ്രവാസികളെ കാലങ്ങളായി കൊള്ളയടിക്കുന്നു. ഏത് ഭരണം വന്നാലും കേട് മാറുന്നില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് പ്രവാസികളും തിരിച്ചറിയണം.

Contenthighlight : Ashtaf thamassery’s facebook post on expatriate’s travel plight gets attention