ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ നിലനില്‍ക്കെ താന്‍ എവിടേയും പോകുന്നില്ലെന്ന് എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്നലെ രാത്രിയോടെ സംസ്ഥാനത്തെ എം.എല്‍.എമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പാര്‍ട്ടി അധ്യക്ഷനായി ഗെലോട്ട് ദല്‍ഹിയിലേക്ക് മാറിയാല്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് ലഭിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഗെലോട്ടിന്റെ പരാമര്‍ശം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ഗെലോട്ട് പറഞ്ഞതായാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ‘ഞാന്‍ നിങ്ങളില്‍ നിന്ന് അകലെയായിരിക്കില്ല,’ എന്നും ഗെലോട്ട് എം.എല്‍.എമാരോട് പറഞ്ഞു.
താന്‍ എവിടെ പോയാലും രാജസ്ഥാനില്‍ സേവനം തുടരുമെന്നും നിലവില്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്നും അതിന് ശേഷം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
സച്ചിന്‍ പൈലറ്റിന്റെ രാഷ്ട്രീയ മുതലെടുപ്പ് തടയാന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ഗെലോട്ട് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലസ്ഥാനത്തേക്ക് മാറുന്നത് മുഖ്യമന്ത്രി സ്ഥാത്തേക്ക് ഏറ്റവും ഉചിതനായ ഒരാളെ ലഭിച്ചതിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോണിയ ഗാന്ധിയില്‍ നിന്ന് ഇതിന് അനുമതി വാങ്ങുകയും ചെയ്തിരുന്നു.