ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇസഡ് കാറ്റഗറി സുരക്ഷ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി നിരസിച്ചു. തനിക്കെതിരേ വെടിയുതിര്‍ത്തവര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉവൈസിയുടെ വാഹനത്തിനുനേരെ വെടിവെയ്പുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
‘ഇസെഡ് സുരക്ഷ എനിക്ക് വേണ്ട. രാജ്യത്തെ ദരിദ്രര്‍ക്കും പീഡിതര്‍ക്കുമെല്ലാം സുരക്ഷ നല്‍കുകയാണെങ്കില്‍ എനിക്കും തരൂ. എനിക്കെതിരെ വെടിവച്ചവര്‍ക്കെതിരെ യു.എ.പി.എ ചുമത്തൂ,’ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
‘ആരാണ് ബാലറ്റിനു പകരം തോക്കില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്? ഭരണഘടനയില്‍ വിശ്വാസമില്ലാത്ത തരത്തില്‍, അംബേദ്ക്കര്‍ ഉണ്ടാക്കിയ ഭരണഘടനയോട് ഇത്രയും വെറുപ്പും എതിര്‍പ്പുമുള്ള തരത്തില്‍ റാഡിക്കലൈസ് ചെയ്യപ്പെട്ട ഈ യുവാക്കള്‍ ആരാണ്?
ഞാന്‍ രണ്ടു തവണ എം.എല്‍.എയും നാലു തവണ എം.പിയുമായ ആളാണ്. അങ്ങനെയുള്ള ഒരാളെ ടോള്‍ ഗേറ്റില്‍ വണ്ടി നിര്‍ത്തി നാല് റൗണ്ട് വെടിവയ്ക്കാവുന്ന തരത്തിലാണോ രാജ്യത്തെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്,’ ഉവൈസി ചോദിച്ചു.