ന്യൂദല്‍ഹി: അഞ്ച് വര്‍ഷം മുമ്പ് ബി.ജെ.പിക്കെതിരായി വോട്ടുചോദിച്ചെത്തിയ നിതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബീഹാറിലെ ജനങ്ങളുടെ വിശ്വാസത്തെ നിലനിര്‍ത്താനും എന്‍.ഡി.എയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞില്ലെന്നും ഉവൈസി പറഞ്ഞു.
വിജയിച്ചാല്‍ ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് അഞ്ച് വര്‍ഷം മുമ്പ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും രാഹുല്‍ ഗാന്ധിയും ഒരുമിച്ചു നിന്ന് വോട്ടു ചോദിച്ചത്. എന്നാല്‍ അതേ നിതീഷ് കുമാര്‍ പിന്നീട് ബി.ജെ.പിക്കൊപ്പം നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ മഹാസഖ്യത്തിലും എന്‍.ഡി.എയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് ബീഹാറിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഉവൈസി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ബി.ജെ.പിക്കെതിരായി പ്രവര്‍ത്തിക്കാന്‍ ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ ശക്തരാവേണ്ടതുണ്ടെന്നും ഇനിയും ബീഹാറിലെ ജനങ്ങളെ പറ്റിക്കരുതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
’15 വര്‍ഷത്തെ ബീഹാറിലെ നിതീഷ് കുമാര്‍ ഗവണ്‍മെന്റ് പരാജയമായിരുന്നുവെന്നതിന് തനിക്ക് തെളിവുകള്‍ നിരത്താന്‍ കഴിയും. ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്’, ഉവൈസി പറഞ്ഞു.