കെ.പി.സി.സി വിലക്കിനെ മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി; വിലക്ക് മറികടന്ന് പങ്കാളിത്തം
മലപ്പുറം: കെ.പി.സി.സി താക്കീതിനെ മറികടന്ന് മലപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി.
മുൻ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ആയിരുന്ന റിയാസ് മുക്കോളി ഉൾപ്പെടെ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ റാലിയിൽ പങ്കെടുത്തു.
ഫലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്ന നിലപാടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തുടക്കം മുതൽ സ്വീകരിച്ചുവന്നിട്ടുള്ളതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
‘ആര്യാടൻ ഫൗണ്ടേഷൻ നടത്തിയ ആദ്യ പരിപാടി അബുൽ കലാം ആസാദ് കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികമാണ്. അത് ഉദ്ഘാടനം ചെയ്തത് യു.ഡി.എഫ് കൺവീനർ എം.എം. ഹസനാണ്. അതിൽ പങ്കെടുത്തത് എം.പിമാരും എം.എൽ.എമാരുമാണ്. അതെങ്ങനെയാണ് പാർട്ടി വിരുദ്ധമായി തീർന്നത് എന്ന് എനിക്കറിയില്ല.
ഡി.സി.സിയുമായി സഹകരിച്ച് നടത്തിയ രണ്ടാമത്തെ പരിപാടിയിൽ പ്രതിപക്ഷ നേതാവിനാണ് അവാർഡ് കൊടുത്തത്.
ഇത് മൂന്നാമത്തെ പരിപാടിയാണ്. ഇസ്രഈലിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയാണ് ഇത്,’ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
സമസ്ത നേതാവ് ബഹാവുദ്ധീൻ നദ്‌വിയും മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും റാലിയിൽ പങ്കെടുത്തിരുന്നു.
റാലി നടത്തരുതെന്ന കെ.പി.സി.സി താക്കീതിനെ മറികടന്നാണ് മലപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷൻ റാലിയും ജനസദസും സംഘടിപ്പിച്ചത്. ഡി.സി.സിയുടെ ഔദ്യോഗിക പരിപാടി കഴിഞ്ഞതാണെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മറ്റൊരു ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യമില്ലെന്നുമാണ് കെ.പി.സി.സി നിലപാട്.
പരിപാടി സംഘടിപ്പിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കത്തെഴുതിയിരുന്നു. എന്നാൽ എ ഗ്രൂപ്പ് പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. മലപ്പുറത്ത് കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിലെ വിഭാഗീയത കൂടുതൽ രൂക്ഷമാകുകയാണ്. ജില്ലാ കമ്മിറ്റിയിൽ എ ഗ്രൂപ്പിനെ അവഗണിച്ചുവെന്ന് ആരോപിച്ച് പുനസംഘടനാ കമ്മിറ്റിയിൽ നിന്ന് ആര്യാടൻ ഷൗക്കത്ത് നേരത്തെ രാജിവെച്ചിരുന്നു.
Content Highlight: Aryadan Foundation’s Palestine Solidarity rally despite discontent from KPCC