Entertainment
ഇങ്ങനയുള്ള അല്ലുവിനെ കാണാനാണ് ആരാധകര്‍ക്കിഷ്ടം, റീ റിലീസില്‍ വമ്പന്‍ കളക്ഷനുമായി ആര്യ 2
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 06, 01:43 pm
Sunday, 6th April 2025, 7:13 pm

തെലുങ്കിലെ ടൈര്‍ 1 നടന്മാരില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. തെലുങ്കിന് പുറമെ മലയാളത്തിലും ഹിന്ദി ബെല്‍റ്റിലും ആദ്യം ഫാന്‍ബേസ് ഉണ്ടാക്കിയെടുത്ത താരവും അല്ലു അര്‍ജുന്‍ തന്നെയാണ്. പുഷ്പയുടെ ആദ്യ ഭാഗത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി ഉയര്‍ന്ന അല്ലു അര്‍ജുന്‍ രണ്ടാം ഭാഗത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് നായകന്മാരില്‍ ഒരാളായി മാറി.

പുഷ്പയിലൂടെ ഐക്കണ്‍ സ്റ്റാര്‍ എന്ന വിളിപ്പേരും അല്ലു അര്‍ജുന് വന്നുചേര്‍ന്നിരുന്നു. അതിന് മുമ്പ് വരെ സ്റ്റൈലിഷ് സ്റ്റാര്‍ എന്നായിരുന്നു അല്ലുവിന്റെ വിളിപ്പേര്. അല്ലു അര്‍ജുന്റെ പിറന്നാളിനോടനുബന്ധിച്ച് റീ റിലീസ് ചെയ്ത ആര്യ 2വാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. ആന്ധ്രയില്‍ നിന്ന് മാത്രം 4.02 കോടിയാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയത്.

അല്ലുവിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന റീ റിലീസ് കളക്ഷനാണിത്. വിജയ് ചിത്രം ഗില്ലിയാണ് നിലവില്‍ റീ റിലീസുകളില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. 10 കോടിയാണ് ചിത്രം രണ്ടാം വരവില്‍ നേടിയിരുന്നത്. ആന്ധ്രയിലെ തിയേറ്ററുകള്‍ക്കൊപ്പം കേരളത്തില്‍ ചുരുക്കം സ്‌ക്രീനുകളിലും ആര്യ 2 റീ റിലീസ് ചെയ്തിട്ടുണ്ട്.

അല്ലു അര്‍ജുന്‍- സുകുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ ചിത്രമായിരുന്നു ആര്യ 2. ഇതേ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ആര്യയും വന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. അതേ കഥാപാത്രത്തെ അഞ്ച് വര്‍ഷത്തിന് ശേഷം പുനഃസൃഷ്ടിച്ചപ്പോള്‍ വിജയം ആവര്‍ത്തിക്കുകയായിരുന്നു. ആര്യ എന്ന കഥാപാത്രത്തിന് മാത്രം വന്‍ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ സാധിച്ചു.

അധികം ഓവര്‍ ദ ടോപ്പ് ആക്ഷന്‍ സീനുകളില്ലാത്ത, റൊമാന്റിക്കായ അല്ലുവിനെയാണ് ആരാധകര്‍ മിസ് ചെയ്യുന്നതെന്നാണ് റീ റിലീസ് നല്‍കുന്ന സൂചന. റീ റിലീസിന്റെ തിയേറ്റര്‍ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിലെ പാട്ടുകള്‍ക്ക് ചുവടുവെച്ചും കൂടെ പാടിയും ആരാധകര്‍ തങ്ങളുടെ ഇഷ്ടനടന്റെ ചിത്രം ആഘോഷമാക്കുകയാണ്.

അതേസമയം പുഷ്പയുടെ വിജയത്തിന് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രം ഏതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. അറ്റ്‌ലീയുമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പിറന്നാള്‍ ദിനമായ ഏപ്രില്‍ എട്ടിന് പുറത്തുവിടുമെന്നാണ് കരുതുന്നത്. സണ്‍ പിക്‌ചേഴ്‌സാകും ചിത്രത്തിന്റെ നിര്‍മാതാക്കളെന്നും റൂമറുകളുണ്ട്.

Content Highlight: Arya 2 earned 4.02 crores from re release