ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെട്രോ സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
മറ്റ് നഗരങ്ങളെപ്പോലെ അല്ല ദല്‍ഹിയെന്നും ദേശീയ തലസ്ഥാനമായ നഗരത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്.
ഇപ്പോള്‍ രോഗവ്യാപനം കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ദല്‍ഹിയെന്നും അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ദല്‍ഹിയോട് വ്യത്യസ്തമായി പെരുമാറണം. നഗരത്തില്‍ കൊവിഡ് വൈറസ് വ്യാപനം കുറയുന്നുണ്ട്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണ്. മറ്റ് നഗരങ്ങളില്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അങ്ങനെയാകട്ടെ. ദല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കണം’- അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഈ വിഷയം നിരവധി തവണ കേന്ദ്രത്തെ അറിയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഒരു നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’-കെജ് രിവാള്‍ പറഞ്ഞു.
ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരാണ് ദല്‍ഹി മെട്രോയെ ആശ്രയിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 22 മുതല്‍ ലോക്ഡൗണ്‍ ആരംഭിച്ചിരുന്നു. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ രാജ്യത്തെ മെട്രോ സര്‍വ്വീസുകളും നിര്‍ത്തലാക്കിയിരുന്നു.
പിന്നീട് വന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ രാജ്യത്തുടനീളം മിക്ക ബിസിനസ്സുകളും പ്രവര്‍ത്തനങ്ങളും തുറക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ അപ്പോഴും മെട്രോ സേവനങ്ങള്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനമായിരുന്നില്ല.
പിന്നീട് ലോക്ഡൗണില്‍ എന്തെല്ലാം ഇളവുകളാണ് വേണ്ടതെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ചോദിച്ചിരുന്നു. അന്ന് അവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മെട്രോ സര്‍വീസുകള്‍ അനുവദിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ അവസാനം വരെ പ്രതിദിനം മൂവായിരത്തിലധികം കൊവിഡ് കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
എല്ലാ ദിവസവും 500-1500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ 90 ശതമാനം കൊവിഡ് രോഗമുക്തിനിരക്കാണ് ദല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം മെട്രോ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറാണ്. കോവിഡ് -19 വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ആവശ്യമായ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപ്പിലാക്കും. ഞങ്ങളുടെ യാത്രക്കാര്‍ക്ക് യാത്ര സുരക്ഷിതമാക്കാന്‍ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കും- ഡി.എം.ആര്‍.സി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക