national news
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയം അവസാനിപ്പിക്കും: അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 23, 10:45 am
Wednesday, 23rd March 2022, 4:15 pm

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനുമായി ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

തെരഞ്ഞെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി, ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കാര്‍പ്പറേഷനുകള്‍ ഒന്നിപ്പിക്കാനുള്ള ബില്ലിന് കേന്ദ്രം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടക്കുകയും, ബി.ജെ.പി വിജയിക്കുകയും ചെയ്താല്‍ ഞങ്ങള്‍ (ആം ആദ്മി പാര്‍ട്ടി) രാഷ്ട്രീയം അവസാനിപ്പിക്കും,’ ദല്‍ഹി നിയമസഭയ്ക്ക് മുന്നില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണെങ്കില്‍ക്കൂടിയും ബി.ജെ.പിക്ക് ചെറുപാര്‍ട്ടികളെയും ചെറിയ തെരഞ്ഞെടുപ്പുകളെയും ഭയമാണെന്നും എം.സി.ഡി തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുന്നത് ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിനും ജനാധിപത്യം നിലനിര്‍ത്തുന്നതിനും ജീവന്‍ ത്യജിച്ച രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ്.

തോല്‍വി ഭയന്ന് ഇന്നവര്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുകയാണ്. നാളെ അവര്‍ സംസ്ഥാനങ്ങളിലെയും രാജ്യത്തെയും തെരഞ്ഞെടുപ്പാവും മാറ്റിവെക്കുന്നത്,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ മൂന്ന് സിവില്‍ ബോഡികള്‍ ഒന്നാക്കി മാറ്റാനുള്ള ബില്ലിന് അംഗീകാരം ലഭിച്ചത്.

കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ ഇതിന് മുതിരാതിരുന്നതെന്നും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എന്തിനാണ് ഇത് സംബന്ധിച്ച കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന പേടിയുടെ ഭാഗമായാണ് ബി.ജെ.പി ഇത് ചെയ്യുന്നതെന്നും, ഇതിലൂടെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

Content Highlight: Arvind Kejriwal says ‘will leave politics if BJP wins MCD polls’