സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിയാക്കാനും, എ.എന്‍. ഷംസീറിനെ സ്പീക്കറാക്കാനുമുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി പദവി ഒരു സ്ഥാനക്കയറ്റമല്ല, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമാണന്ന് കരുതുന്ന ചുരുക്കം നേതാക്കളിലൊരാളാണ് എം.ബി. രാജേഷെന്നും, ഭാവനാസമ്പന്നവും ക്രിയാത്മകവുമാവട്ടെ പുതിയ നിയോഗമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
അത്രമേല്‍ രാഷ്ട്രീയമുള്ള ഒരു നേതാവാണ് എം.ബി രാജേഷ്. സ്പീക്കര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ കൃത്യമായും രാഷ്ട്രീയം പറഞ്ഞ് ചരിത്രമായ കാലത്തിന്റെ റൂളിംഗ് പുറപ്പെടുവിച്ച മനുഷ്യനാണ് അദ്ദേഹമെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ വിലപ്പെട്ട അനുഭവമാണെന്ന് എം.ബി. രാജേഷ് പറഞ്ഞു.
‘കേരള നിയമസഭ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിയമസഭകളില്‍ ഒന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മേളിച്ചതിനേക്കാള്‍ കേരള നിയമസഭ സമ്മേളിക്കുകയുണ്ടായി. നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ അങ്ങേ അറ്റത്തെ അവധാനത പുലര്‍ത്തുന്ന നിയമസഭയാണ് കേരളത്തിന്റേത്. അങ്ങനെ ഒരു സഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ വിലപ്പെട്ട അനുഭവമാണ്,’ എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. സ്പീക്കറായ എം.ബി. രാജേഷിന് പകരം എ.എന്‍. ഷംസീര്‍ സ്പീക്കറാകും. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.
എം.ബി. രാജേഷിന്റെ വകുപ്പ് തീരുമാനമായിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.
അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
എം.ബി രാജേഷ് മന്ത്രി!
അത്രമേല്‍ രാഷ്ട്രീയമുള്ള ഒരു നേതാവാണ്. സ്പീക്കര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ കൃത്യമായും രാഷ്ട്രീയം പറഞ്ഞ് ചരിത്രമായ കാലത്തിന്റെ റൂളിംഗ് പുറപ്പെടുവിച്ച മനുഷ്യന്‍. മന്ത്രി പദവി ഒരു സ്ഥാനകയറ്റമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമാണന്ന് കരുതുന്ന ചുരുക്കം നേതാവ്. ഭാവനാസമ്പന്നമാകട്ടെ പുതിയ നിയോഗം, ക്രിയാത്മകവും! ഒപ്പം തീക്കാറ്റുപോല്‍ പടരുന്ന എ.എന്‍ ഷംസീര്‍ സഭാനാഥനാകുമ്പോള്‍ ഒരു തലമുറ മാറ്റം നിശബ്ദമായി സംഭവിക്കുകയാണ്. ഇരുവര്‍ക്കും അഭിവാദ്യങ്ങള്‍ !