Advertisement
GDP Rate
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലെന്ന് സമ്മതിച്ച് അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 30, 04:00 am
Saturday, 30th December 2017, 9:30 am

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായെന്ന് സമ്മതിച്ച് ധനമന്ത്രി ലോക്‌സഭയില്‍. മുന്‍ വര്‍ഷം എട്ടു ശതമാനമായിരുന്ന ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 2016-17 വര്‍ഷത്തില്‍ 7.1 ശതമാനമായാണ് കുറഞ്ഞതെന്ന് അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കി.

അതേസമയം ആന്തരികവും ബാഹ്യവുമായ അനവധി കാരണങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ ജെയ്റ്റലി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ നോട്ട് നിരോധനത്തേയോ ജി.എസ്.ടിയേയോ പരാമര്‍ശിച്ചില്ല.

സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മാന്ദ്യം രാജ്യത്തെ വ്യാവസായിക, സേവന മേഖലകളിലും പ്രതിഫലിച്ചു. അതേസമയം സാമ്പത്തിക വളര്‍ച്ചയെ പഴയതോതിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും ഉല്‍പാദനം, ഗതാഗതം, ഊര്‍ജം, എന്നീ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം പരിഗണന നല്‍കുന്നുണ്ടെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുവെങ്കിലും ഐ.എം.എഫിന്റെ കണക്കനുസരിച്ച് അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ 2016 ല്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 ലെ കണക്കനുസരിച്ച് ഇന്ത്യ ലോകത്തെ അതിവേഗ വളര്‍ച്ചയുള്ള രാജ്യങ്ങളില്‍ രണ്ടാമതാണെന്നും അദ്ദേഹം പറഞ്ഞു.