ബ്ലൂ വെയ്‌ലും ബര്‍ട്രന്റ് സോബ്രിസ്റ്റും പിന്നെ സോഷ്യല്‍ ഡാര്‍വിനിസവും
Daily News
ബ്ലൂ വെയ്‌ലും ബര്‍ട്രന്റ് സോബ്രിസ്റ്റും പിന്നെ സോഷ്യല്‍ ഡാര്‍വിനിസവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2017, 1:46 pm

ബ്ലൂ വെയ്ല്‍ എന്ന ഇന്റര്‍നെറ്റ് ഗെയിം ലോകത്തുടനീളം ഒട്ടേറെ കൗമാരപ്രായക്കാരുടെ ജീവന്‍ അപഹരിച്ചതിനെക്കുറിച്ച് ഭീതിജനകമായ വാര്‍ത്തകള്‍ക്കിടയില്‍ ഇതെഴുതുന്നയാളിന്റെ ശ്രദ്ധ ഉടക്കിയത്, ഫിലിപ്പ് ബുദെയ്കിന്‍ എന്ന ഇരുപത്തൊന്നുകാരന്‍ റഷ്യന്‍ പയ്യന്റെ വാക്കുകളിലേക്കാണ്. അവനാണല്ലോ ഈ മരണക്കളിയുടെ സൂത്രധാരന്‍.
മൂല്യമില്ലാത്ത ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് ലോകത്തെയും സമൂഹത്തെയും ശുദ്ധീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് അവന്റെ ന്യായവാദം.

കടല്‍ത്തീരത്ത് കൊമ്പുകുത്തിച്ചാകുന്ന നീലത്തിമിംഗലങ്ങളായി സ്വയം മാറി ആത്മഹത്യ ചെയ്തവരെ അവന്‍ വിശേഷിപ്പിച്ചത് ബയോളജിക്കല്‍ വേസ്റ്റുകള്‍ എന്നാണ്. വേസ്റ്റുകള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലേ ശേഷിക്കുന്നവരുടെ ജീവിതം ഭദ്രമായിരിക്കൂ. തന്റെ പ്രവൃത്തിയുടെ ന്യായീകരണം എന്നതിനപ്പുറം, ഒരു നിലക്ക് അതിജയത്തിന്റെ മാരകമായ തത്വശാസ്ത്രമാണിത്. സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ പുത്തന്‍ പ്രയോഗം. അതേസമയം, ബുദെയ്കിന്റെ ന്യായീകരണം മൂര്‍ത്തമായി മറ്റൊരു ചിന്താരീതിയെയാണ് ഓര്‍മയില്‍ കൊണ്ടു വന്നത്.

ഇവിടെ ഞാന്‍ വെറുതെ, ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍നോ എന്ന നോവല്‍ ഓര്‍മിക്കുകയാണ്. ബ്രൗണിന്റെ റോബര്‍ട്ട് ലാങ്ഡന്‍ സീരീസിലെ മൂന്ന് നോവലുകളാണ് ഞാന്‍ വായിച്ചത്. സാഹിതീയമായി മഹത്തായ കൃതികളല്ല ഡാന്‍ ബ്രൗണിന്റെ നോവലുകള്‍. പള്‍പ്പ് ഫിക്ഷനുകള്‍ എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഇന്‍ഫര്‍നോയെക്കുറിച്ച് പീറ്റര്‍ കോണ്‍റാഡ്, ഗാര്‍ഡിയനില്‍ എഴുതിയ നിരൂപണം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്. “I used to think that Dan Brown was merely bad. Now, after reading the latest version of the apocalyptic thriller he rewrites every few years, I suspect he might be mad as well”.

അതങ്ങനെയായിരിക്കെത്തന്നെ, ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന, ലാങ്ഡന്‍ സീരീസില്‍പ്പെട്ട നോവലുകള്‍ ഒരുപാട് വിവരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. അതെല്ലാം ആധികാരികമാണെന്ന് നോവലിസ്റ്റ് അവകാശപ്പെടുകയും ചെയ്യുന്നു. കലാചരിത്രവും ശാസ്ത്ര, സാഹിത്യ, തത്വശാസ്ത്ര പ്രതീകങ്ങളുമൊക്കെയായി ഇന്‍ഫെര്‍നോയിലുമുണ്ട് ഒട്ടേറെ വിവരങ്ങള്‍.

ഇതില്‍ ബെര്‍ട്രന്റ് സോബ്രിസ്റ്റ് എന്ന ഒരു കഥാപാത്രമുണ്ട്. മഹാബുദ്ധിമാനും അല്‍പം മനോരോഗിയുമായ, ജനിതകശാസ്ത്രത്തില്‍ തനി രാവണനായ ഒരാള്‍. ഇയാള്‍ നിര്‍മിച്ച വൈറസിനെ കണ്ടെത്തുക എന്ന ദൗത്യമാണ് നോവലില്‍ റോബര്‍ട്ട് ലാങ്ഡന്റേത്. ഈ വൈറസാകട്ടെ, മനുഷ്യസമൂഹത്തെ വന്ധീകരിക്കുന്ന ഒന്നാണ്. ഈ വൈറസ് പ്രവര്‍ത്തനക്ഷമമാകുകയും സംക്രമിക്കുകയും ചെയ്യുന്നതിന് മുമ്പ് കണ്ടെത്തി നശിപ്പിക്കുന്നതിനു വേണ്ടിയാണ് ലാങ്ഡന്റെ സഞ്ചാരം.

ഈ സഞ്ചാരത്തിനിടയില്‍ ദാന്തെ അലിഗിയേറിയുടെ മുഖംമൂടി തുടങ്ങിയ ഒട്ടേറെ പ്രതീകങ്ങളും ചിഹ്നങ്ങളും കടന്നു വരുന്നു. ദാന്തെയുടെ ഡിവൈന്‍ കോമഡിയുടെ ആദ്യഭാഗത്തിന്റെ പേരാണല്ലോ Inferno (നരകം). ലാങ്ഡന്റെ കൂടെയുള്ളത് സിയെന്ന ബ്രൂക്‌സ് എന്ന ഡോക്ടറാണ്. പക്ഷേ, അവള്‍ യഥാര്‍ത്ഥത്തില്‍ സോബ്രിസ്റ്റിന്റെ ആരാധികയും കാമുകിയുമാണെന്ന് നാം പതുക്കെ അറിയുന്നു.

ബയോ ടെററിസ്റ്റ് എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്ന സോബ്രിസ്റ്റ് ജനസംഖ്യാ വര്‍ദ്ധനവ് എന്ന മഹാദുരന്തത്തെ അതീവ ഗൗരവത്തോടെ കാണുന്നു. ഇതെക്കുറിച്ച അയാളുടെ ആശങ്കകളെ WHO യും അതിന്റെ അധ്യക്ഷയായ എലിസബത്ത് സിന്‍സ്‌കിയും അംഗീകരിക്കുന്നുണ്ട്.

അതേസമയം അതിനുള്ള സോബ്രിസ്റ്റിന്റെ പരിഹാരത്തെ അവര്‍ എതിര്‍ക്കുന്നു. സോബ്രിസ്റ്റിന്റെ മാരക വൈറസിനെ കണ്ടെത്താന്‍ വേണ്ടി അയാളെ പിടി കൂടാന്‍ സിന്‍സ്‌കി നടത്തിയ കരുനീക്കം വിജയത്തിലെത്തുമെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുകളഞ്ഞു.

നോവലിന്റെ അവസാനത്തില്‍ മനസ്സ് മാറുന്നുണ്ടെങ്കിലും തന്റെ ഗുരുവിന്റെ വൈറസിനെ കണ്ടെത്തുക എന്നത് തന്നെയാണ് ലാങ്ഡന്റെ കൂടെ കൂടാനുള്ള സിയെന്നയുടെ പ്രേരണ. അതാകട്ടെ, അതിനെ നശിപ്പിക്കാനല്ല, മറിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടിയായിരുന്നു.

മനുഷ്യസമൂഹത്തിന്റെ വേര് തന്നെ അറുത്തുകളയുന്ന ഈ പ്രവൃത്തിക്ക് ബെര്‍ട്രന്റ് സോബ്രിസ്റ്റ് എന്ന പ്രതിഭാധനനെ പ്രേരിപ്പിച്ചതെന്ത്? ഇതിന് മറുപടി നോവലില്‍ത്തന്നെയുണ്ട്. ഒരു ട്രാന്‍സ്ഹ്യൂമനിസ്റ്റ് ഭീകരനാണ് സോബ്രിസ്റ്റ്. സോബ്രിസ്റ്റിന്റെ Trans-humanism ത്തെയാണ് ഫിലിപ്പ് ബുദെയ്കിന്റെ വാക്കുകള്‍ ഓര്‍മയിലേക്ക് കൊണ്ടു വന്നത്.

എന്താണ് ട്രാന്‍സ്ഹ്യൂമനിസം? ഒരു ഫ്യൂച്ചറിസ്റ്റ് പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമാണിത്. ഹ്യൂമനിസത്തോടുള്ള എതിര്‍പ്പില്‍ നിന്ന് രൂപപ്പെട്ട, Post-humanism വുമായി ഇത് ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്. ആധുനികതയുടെ സാഹിത്യ, സാമൂഹ്യ ബോധങ്ങളെയും “ആധുനികതയുടെ നിര്‍മിതി”യായ മനുഷ്യനെയും മരണത്തിന് വിട്ടു കൊടുത്ത്, “മനുഷ്യന്‍ എന്ന ഏകവചനത്തില്‍ ശ്വാസം മുട്ടിച്ചത്തുപോയ” വൈവിധ്യങ്ങളുടെ വീണ്ടെടുക്കലാണല്ലോ ഉത്തരാധുനിക ചിന്താ വ്യവഹാരങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന്. മനുഷ്യന്‍ എന്ന പരിമിതിയെ അതിവര്‍ത്തിക്കാന്‍ ശ്രമിക്കുന്നേടത്ത് ട്രാന്‍സ്ഹ്യൂമനിസവും സമാനമായ ചിന്തകള്‍ മുന്നോട്ട് വെക്കുന്നു.

പരിമിതികളെ അതിജയിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ മനുഷ്യോല്‍പത്തിയോളം തന്നെ പഴക്കമുണ്ട്. Quest for immortaltiy എന്നത് പലപ്പോഴും സാഹിത്യത്തിന്റെയും പുരാണൈതിഹ്യങ്ങളുടെയും മതത്തിന്റെയും തത്വചിന്തയുടെയും പ്രധാന പ്രമേയമായിരുന്നിട്ടുണ്ട്. അമരത്വം തേടി നടന്ന, സുമേറിയന്‍ ഇതിഹാസപുരുഷന്‍ ഗില്‍ഗമേഷിന്റെ പുരാവൃത്തം ഇതിന്റെ പഴയ മാതൃകയാണ്. രൂപത്തെയും ആശയത്തെയും കുറിച്ച, പ്ലേറ്റോവിയന്‍ ദര്‍ശനത്തിലും അനശ്വരതയെസ്സംബന്ധിച്ച വിചാരങ്ങള്‍ കാണാം.

 

ആശയങ്ങളുടെ പ്രത്യക്ഷങ്ങള്‍ മാത്രമാണ് രൂപങ്ങള്‍. രൂപങ്ങള്‍ നശിച്ചുപോകുമ്പോഴും ആശയങ്ങള്‍ നിലനില്‍ക്കുന്നു. Ubermensch (Over man/ Superman) എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചത് ആധുനികതയുടെ തന്നെ ദാര്‍ശനികന്മാരിലൊരാളായ ഫ്രെഡറിക് നിഷേയാണ്. uber എന്ന ലത്തീന്‍ പദത്തിന് beyond എന്നാണ് അര്‍ത്ഥം. ദൈവത്തിന്റെ മരണം പ്രഖ്യാപിക്കുന്ന ubermensch പുതിയ മൂല്യങ്ങളുടെ സ്രഷ്ടാവാണ്. ക്രിസ്തുമതത്തോടുള്ള എതിര്‍പ്പില്‍, അത് മുന്നോട്ടു വെക്കുന്ന മൂല്യങ്ങളെയെല്ലാം നിഷേ നിരാകരിക്കുന്നുണ്ട് (Thus Spoke Zarathusthra).

അതീതനാവാനുള്ള പരിശ്രമത്തില്‍ ബുദ്ധന്‍ മുന്നോട്ട് വെക്കുന്നത് നിര്‍വാണം എന്ന കാഴ്ചപ്പാടാണ്. നിര്‍വാണം എന്നാല്‍ പ്രാപിക്കേണ്ട ഒരു പദവിയാണ്, അല്ലാതെ ജീവിതത്തിന്റെ അവസാനമല്ല. നിര്‍വാണം പ്രാപിക്കുന്നവന്‍ അമരനായിത്തീരുകയാണ് ചെയ്യുന്നത്. കുറേക്കൂടി മൂര്‍ത്തമായി superman എന്ന് തന്നെ അര്‍ത്ഥം പറയാവുന്ന പദവും സങ്കല്‍പവും അവതരിപ്പിച്ചത് കങ് ഫ്യൂഷിസ് ആണ്. നിഷേയുടെ സൂപ്പര്‍മാന്‍ ദയയെ മറികടന്നവനാണെങ്കില്‍, കങ് അവതരിപ്പിക്കുന്നത് ദയയുടെ നിയമങ്ങള്‍ക്ക് വിധേയനായ അതീത മനുഷ്യനെയാണ്.

The man who lives by the highest ethical standards എന്ന് വിളിക്കാം അദ്ദേഹം ചുന്‍ സൂ (Chun Tzu) എന്ന് വിളിക്കുന്ന അതിമാനവനെ. സ്വാഭിമാനം, ഉദാരത, ആത്മാര്‍ത്ഥത, സ്ഥൈര്യം, ദയ എന്നീ മൂല്യങ്ങള്‍ അവയുടെ ഏറ്റവും പൂര്‍ണതയില്‍ ഒത്തു ചേരുമ്പോഴാണ് അതിമാനവന്‍ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് കങ് ഫ്യൂഷിസിന്റെ സിദ്ധാന്തം.

അതേസമയം, കങ് ഫ്യൂഷിസിനെയോ ബുദ്ധനെയോ പിന്തുടരുന്നതല്ല ട്രാന്‍സ്ഹ്യൂമനിസം. ഇതിന്റെ ഏറ്റവുമാദ്യത്തെ വെര്‍ഷനായി മനസ്സിലാക്കപ്പെടാറുള്ളത് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെ.ബി.എസ് ഹാല്‍ഡെയിന്റെ Daedalus: Science and the Future എന്ന പുസ്തകമാണ്. ഹാല്‍ഡെയിന്റെ നിരീക്ഷണത്തില്‍ ഒരു കെമിക്കല്‍ അല്ലെങ്കില്‍ ഫിസിക്കല്‍ ഇന്‍വെന്റര്‍ എപ്പോഴും ഒരു പ്രൊമിത്യൂസ് ആയിരിക്കും.

 

ഏതെങ്കിലും ദൈവത്തെ അപമാനിക്കാത്ത ഒരു കണ്ടുപിടുത്തവുമില്ലെന്ന് അദ്ദേഹം പറയുന്നു. ഓരോ രസതന്ത്ര, ഭൗതികശാസ്ത്ര കണ്ടുപിടുത്തവും മതനിന്ദ (blasphemi) ആണെങ്കില്‍ എല്ലാ ജീവശാസ്ത്രനേട്ടങ്ങളും മതപരമായി അധര്‍മങ്ങള്‍ (perversion) ആണ്.

Trans-humanism എന്ന സംജ്ഞ ആദ്യമായുപയോഗിച്ചതും ഇതിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്നതും ജീവശാസ്ത്രജ്ഞനായ ജൂലിയന്‍ ഹക്‌സ്‌ലി ആണ്. നിന്ദ്യവും ക്രൂരവും ഹ്രസ്വവുമായ ജീവിതകാലത്തെ അതിജയിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്.

ടെക്‌നിക്കല്‍ സിംഗുലാരിറ്റി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, അള്‍ട്രാ ഇന്റെലിജന്റ് മെഷീന്‍ തുടങ്ങിയ വിഭാവനങ്ങള്‍ ടാന്‍സ്ഹ്യൂമനിസത്തിന് പുതിയ ചില ഭാവങ്ങള്‍ നല്‍കി. ഈ ആശയത്തിന് പുതിയ കാലത്ത് ശക്തമായ ഊടും പാവും നല്‍കിയത് FM2030 എന്നറിയപ്പെട്ട ഫരീദൂന്‍ എം ഇസ്ഫന്ദിയാരി എന്ന ഇറാനിയാണ്. ഫ്യൂച്ചറിസ്റ്റ് തത്വചിന്തകനും അധ്യാപകനുമായ ഇദ്ദേഹം ബഹുമുഖപ്രതിഭയാണ്.

സാമൂഹിക രാഷ്ട്രീയം. ശാസ്ത്രം, തത്വചിന്ത, കല, കായികം തുടങ്ങി പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1948ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇറാന്റെ ബാസ്‌കറ്റ് ബോള്‍ ടീമില്‍ അംഗമായിരുന്നു.

അതിവര്‍ത്തിത മാനവികതയെ പ്രയോഗവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫരീദൂന്‍ എം ഇസ്ഫന്ദിയാരി തന്റെ പേര് മാറ്റിയത്. FM2030 എന്ന നാമം സ്വീകരിച്ചതിന് രണ്ട് കാരണങ്ങളാണ് അദ്ദേഹം പറയാറുള്ളത്. ഒന്ന് അടുത്ത നൂറ്റാണ്ടിലും ജീവിക്കാനും തന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കാനും തനിക്കാവുമെന്ന പ്രതീക്ഷ (1930ലാണ് അദ്ദേഹം ജനിച്ചത്).

രണ്ടാമത്തേത് നാമകരണത്തിലുള്ള സാമ്പ്രദായികതകളെ നിരാകരിക്കാന്‍. പേരുകള്‍ മതം, ദേശം, എത്‌നിസിറ്റി തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും ട്രാന്‍സ്ഹ്യൂമനുകള്‍ ഇതിനെയൊക്കെയും അതിവര്‍ത്തിക്കേണ്ടവരാണെന്നും അദ്ദേഹം കരുതി.

ഫരീദൂന്‍ എം ഇസ്ഫന്ദിയാരി

1973ല്‍ അദ്ദേഹം Up Wingers: A Futurist Manifesto എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1989ല്‍ പ്രസിദ്ധീകൃതമായ Are You a Trans-human?: Monitoring and Stimulating Your Personal Rate of Growth in a Rapidly Changing World ആണ് മറ്റൊരു വിഖ്യാത കൃതി. സ്വന്തം നാമകരണത്തിന്റെ ഒന്നാമത്തെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ വിധി ഇദ്ദേഹത്തെ അനുവദിച്ചില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് അദ്ദേഹം കടന്നുപോലുമില്ല. കൃത്യം രണ്ടായിരാമാണ്ടില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ പിടിപെട്ട് അദ്ദേഹം മരണമടഞ്ഞു.

FM2030 നെപ്പറ്റി ഡാന്‍ ബ്രൗണിന്റെ നോവലില്‍ പരാമര്‍ശമുണ്ട്. സോബ്രിസ്റ്റിന്റെ സംഘം ഇത്തരം പേരുകള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്തായാലും പോസ്റ്റ്ഹ്യൂമന്‍ കണ്ടിഷനിലേക്ക് നയിക്കുന്ന ഒരുകൂട്ടം ചിന്തകളുടെ സമാഹാരമാണ് ട്രന്‍സ്ഹ്യൂമനിസം എന്ന് പറയാം. അതാകട്ടെ, ഹ്യൂമനിസവുമായി ചില ചിന്തകളൊക്കെ പങ്കുവെക്കുന്നുമുണ്ട്.

ലിബറല്‍ ജനാധിപത്യം, സോഷ്യല്‍ ഡെമോക്രസി, മനുഷ്യപരിണാമത്തിലുള്ള ബോധപൂര്‍വകമായ ഇടപെടല്‍, അമരത്വം, ലിംഗപ്രശ്‌നങ്ങള്‍, പരിസ്ഥിതിവാദം, ടെക്‌നോളജി, ടെക്‌നിക്കല്‍ സിംഗുലാരിറ്റി തുടങ്ങിയവയോടുള്ള സമീപനത്തിലും ഊന്നലിലും വ്യത്യസ്ത നിലപാടുകളുള്ള പല വിഭാഗങ്ങളായി പിന്നീട് ട്രാന്‍സ്ഹ്യമനിസം മാറി.

ഇവരില്‍ കൂടുതല്‍ പേരും നിരീശ്വരവാദികളോ സന്ദേഹവാദികളോ ആണെങ്കിലും മതവീക്ഷണങ്ങളെ അംഗീകരിക്കുന്ന ചെറുവിഭാഗങ്ങളും ഉണ്ട്. FM2030 ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വെക്കുന്ന മറ്റൊരാശയം മനുഷ്യന്‍ എന്ന ഇന്നത്തെ ജീവജാതിയില്‍ നിന്ന് തന്നെയുള്ള പരിണാമമാണ്. ഈ അതിവര്‍ത്തനത്തെയാണ് ട്രാന്‍സ്ഹ്യൂമനിസം എന്ന പ്രയോഗം സൂചിപ്പിക്കുന്നതെന്ന് കരുതാം.

 

ഈ പരിണാമത്തെ ത്വരിപ്പിക്കുന്നതിന്, അങ്ങനെയൊന്ന് സാധ്യമാകുന്നത് വരെ ഭൂമി നിലനില്‍ക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ബര്‍ട്രന്റ് സോബ്രിസ്റ്റ് ആലോചിച്ചത്. അതായത്, അതിജീവനവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളുടെ മാരകമായ പ്രത്യക്ഷീകരണം. സര്‍വൈവല്‍ ഒഫ് ദി ഫിറ്റസ്റ്റ് എന്ന ആശയത്തിന്റെ ആക്രാമകമായ രൂപം.

സോബ്രിസ്റ്റിന്റെ നിരീക്ഷണത്തില്‍ മനുഷ്യാനന്തരപരിണാമത്തിന് ഏറ്റവും വലിയ തടസ്സം ജനസംഖ്യാപ്പെരുപ്പമാണ്. ഇതിനെ നിയന്ത്രിക്കാന്‍ എന്ത് കടുംകൈയും ചെയ്യണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. സാംക്രമികരോഗങ്ങള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി അയാള്‍ ചിന്തിച്ചിരുന്നു. പിന്നീടാണ് വന്ധീകരണവൈറസ് എന്ന ആശയത്തിലേക്ക് എത്തിയത്. എന്തായാലും അര്‍ഹതയില്ലാത്തതെല്ലാം നശിക്കട്ടെ എന്നു തന്നെയായിരുന്നു അയാള്‍ ചിന്തിച്ചത്. ഇതേ ആശയമാണ് ഫിലിപ്പ് ബുദെയ്കിനില്‍ നിന്നും നാം കേട്ടത്.

അതിജയത്തിന്റെയും അമരത്വത്തിന്റെയും ദയാരഹിതമായ ചിന്തകള്‍ തന്നെയാവണം സാമൂഹികതലത്തില്‍ വംശീയവും വിഭാഗീയവുമായ ഉന്മൂലന ചിന്തകളുടെയും കാതല്‍. അര്‍ഹതയുള്ളതിന്റെ അതിജീവനം എന്ന തത്വം കൊളോണിയലിസം മുതല്‍ നാസിസം ഉള്‍പ്പെടെയുള്ള ഫാഷിസ്റ്റ് ദര്‍ശനങ്ങള്‍ വരെയുള്ളവയ്ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഇവിടെ നമുക്ക് മനുഷ്യന്റെ അതിവര്‍ത്തനവുമായി ബന്ധപ്പെട്ട, അതീത മനുഷ്യനുമായി ബന്ധപ്പെട്ട, കങ് ഫ്യൂഷിസിന്റെ വിചാരങ്ങള്‍ ഒന്നുകൂടി ഓര്‍ക്കാമെന്ന് തോന്നുന്നു.

കുറേക്കൂടി സാമൂഹികമായ പ്രതിബദ്ധതയിലേക്കാണ് അത് ചാഞ്ഞു നില്‍ക്കുന്നത്. ഞാന്‍ പഠിച്ചേടത്തോളം പ്രവാചകന്മാരുടെ ദര്‍ശനങ്ങളും ഇതില്‍ തന്നെ ഊന്നുന്നു. മനുഷ്യന്റെ ഉല്‍ഭവത്തെക്കുറിച്ച അന്വേഷണവുമായി അവന്റെ നിലനില്‍പിനെയും നശ്വരതയെ അതിവര്‍ത്തിക്കലിനെയും വേദപാഠങ്ങള്‍ ബന്ധപ്പെടുത്തുന്നുണ്ട്.

ഡാന്‍ ബ്രൗണ്‍

അതിജയത്തിന് വേണ്ടിയുള്ള മല്‍സരവുമായി ബന്ധപ്പെട്ട അതിജാഗ്രതയാണ് ജനപ്പെരുപ്പത്തെക്കുറിച്ച അത്യുല്‍ക്കണ്ഠകളായി മാറുന്നത്. ഇതിന്റെ തീവ്രത തന്നെയാണ് സോബ്രിസ്റ്റിനെപ്പോലുള്ള (അതൊരു കഥാപാത്രം മാത്രമാണെങ്കിലും, അയാള്‍ പ്രതിനിധാനം ചെയ്യുന്ന വീക്ഷണം, ട്രാന്‍സ്ഹ്യൂമനിസ്റ്റ് ടെററിസം എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഡാന്‍ ബ്രൗണ്‍ സാക്ഷ്യപ്പെടുത്തുന്നു) ആളുകളെ സൃഷ്ടിക്കുന്നത്.

പ്രകൃതിയുടെ തെരഞ്ഞെടുപ്പ് എന്ന ആശയം മനുഷ്യന്റെ ധാര്‍മികബോധവുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നില്ല. അതേസമയം അര്‍ഹതയില്ലാത്തതിനെ, ബുദെയ്കിന്‍ പറഞ്ഞ ബയോളജിക്കല്‍ വേസ്റ്റുകളെ നിര്‍മാര്‍ജനം ചെയ്യുക എന്നത് അങ്ങനെയൊരേറ്റുമുട്ടല്‍ നടത്തുന്നു. ഇക്കാരണത്താലാവാം മൂല്യങ്ങളെക്കുറിച്ച ധാരണകളെ ആദ്യം അട്ടിമറിക്കുന്നത്. മൂല്യമില്ലാത്തവര്‍ നശിക്കട്ടെ എന്നാണല്ലോ, ബുദെയ്കിന്‍ പറഞ്ഞത്.
തിമിംഗലങ്ങള്‍ കൊമ്പു കുത്തിച്ചാകുന്നതിന് പ്രത്യയശാസ്ത്രപരമായ പിന്‍ബലമോ മറ്റെന്തെങ്കിലും പ്രേരണകളോ ഇല്ല. അതേസമയം ഏതെങ്കിലും തരത്തില്‍ ഡിപ്രഷന്‍ അനുഭവിക്കുന്നവരെ സൈക്കോപാത്തുകളാക്കി മാറ്റി രംഗമൊഴിയാന്‍ അവരെ പ്രേരിപ്പിക്കുന്നത് ക്രൂരവും പ്രകൃതിവിരുദ്ധവുമാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് പേറ്റന്റ് രജിസ്റ്റര്‍ ചെയ്യുകയും അതിന് വില കൂട്ടുകയും ചെയ്യുന്ന കുത്തകകളും അവര്‍ക്ക് വേണ്ടി വിലനിയന്ത്രണം എടുത്തു കളയുന്ന സര്‍ക്കാരുകളും പറയുന്ന ന്യായവും ഏതാണ്ട് ഇതുപോലെ വരും.

 

വാങ്ങാനും വാങ്ങാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യപരമായ സ്വാതന്ത്ര്യം. എന്നുവെച്ചാല്‍ മരിക്കണോ ജീവിക്കണോ എന്ന തെരഞ്ഞെടുപ്പ്. എന്നാല്‍ മരണം തെരഞ്ഞെടുക്കുന്നവരാകട്ടെ, നിവൃത്തികേട് കൊണ്ട് മാത്രം അങ്ങനെ ചെയ്യുന്നവരാണ്. അത്തരത്തില്‍ നിവൃത്തി കെട്ടവര്‍ നിലനില്‍ക്കേണ്ടതില്ല എന്നത് തന്നെയാണ് മൂലധനാധിപത്യത്തിന്റെ മതം.

മറ്റൊരു നിലക്ക് പറഞ്ഞാല്‍ മൂലധനവും സര്‍ക്കാരുകളും സംഘടിതമായി ചെയ്യുന്നത് സ്വന്തം നിലക്ക് തനിച്ച് ചെയ്യുമ്പോള്‍ മാത്രമാണ് ഫിലിപ്പ് ബുദെയ്കിനെപ്പോലുള്ളവര്‍ കുറ്റവാളികളാകുന്നത്. ചാര്‍ലി ചാപ്ലിന്റെ മൊസ്യു വെര്‍ദു, കൊലപാതകങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ നീതിപീഠത്തോടും ഗവണ്‍മെന്റിനോടും പറഞ്ഞതു പോലെ, ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം ഞാന്‍ ഏകനും അമച്വറും ആണെന്നത് മാത്രമാണ്.

താമസിയാതെ വീണ്ടും കാണാം എന്ന് പറഞ്ഞു കൊണ്ടാണ് വെര്‍ദു ഗില്ലറ്റിന്‍ യന്ത്രത്തിനരികിലേക്ക് നടക്കുന്നത്. മരിക്കാന്‍ പോകുന്നവന്‍ എവിടെ വെച്ച് കാണാന്‍! നിങ്ങളുടെ മതവിശ്വാസമനുസരിച്ച് നരകത്തിലേക്കാണല്ലോ ഞാന്‍ പോകുന്നത്, അവിടെ വെച്ച്, ഇന്‍ഫെര്‍നോയില്‍ വെച്ചു തന്നെ, അധികം താമസിയാതെ വീണ്ടും കാണാം എന്ന് വ്യംഗ്യം. ഇന്നത്തെ ഏത് കുറ്റവാളിക്കും അധികാരത്തോടും നീതിവ്യവസ്ഥയോടും ധൈര്യമായി പറയാവുന്ന വാക്യം തന്നെ.