റൊസാരിയോയിലെ മുത്തശ്ശിമാര്‍ മാത്രമല്ല കേരളത്തിലെ നാട്ടിന്‍ പുറങ്ങളിലെ കൊച്ചുകുട്ടികള്‍ പോലും നെഞ്ചേറ്റുന്നവരാണ് വിപ്ലവ നക്ഷത്രം “ചെ” യും, കാല്‍പന്തില്‍ വിപ്ലവം തീര്‍ത്തുകൊണ്ടിരിക്കുന്ന ലിയോണല്‍ മെസ്സിയും. ചെഗുവേരയെന്നത് ലോകത്തെ വിപ്ലവ സ്വപ്നങ്ങളുടെ പ്രതീകമാണെങ്കില്‍ മെസ്സി അര്‍ജന്റീനന്‍ ഫുട്ബോളില്‍ വീണ്ടുമൊരു വിപ്ലവം കൊണ്ടുവന്ന ഫുട്ബോള്‍ ഇതിഹാസവും…
ഒരാള്‍ റൊസാരിയോയില്‍ ജനിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ വിമോചനത്തിനായി പോരാടിയപ്പോള്‍ മാറ്റേയാള്‍ റോസാരിയോയില്‍ നിന്ന് കാറ്റലോണിയയിലെ ലെയ്ഡിലേക്ക് ജീവിതം കരുപിടിപ്പിക്കാന്‍ പറിച്ച് നടപ്പെട്ടവന്‍…
സാന്താ ഫേ പ്രവിശ്യയില്‍പ്പെട്ട റൊസാരിയോ, അര്‍ജന്റീനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. പരാനാ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന പട്ടണത്തില്‍ 1987 ജൂണ്‍ 24 നാണ് മെസ്സിയുടെ ജനനം. പിതാവ് ഹോര്‍ഗെ മെസ്സി തെക്കന്‍ റൊസാരിയോവിലെ ഗ്രാന്‍ഡോലിയില്‍ ഒരു ലോഹസംസ്‌കരണ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. ഫുട്ബോള്‍ ഭ്രാന്തനായിരുന്നു ഹോര്‍ഗെ. അമ്മ അപാര്‍സ്യോയും ഭാര്യ സീലിയയും മക്കളുമടങ്ങുന്ന കുടുംബത്തെ മുന്നോട്ട് നയിക്കാന്‍ കഷ്ടപ്പെടുന്നതിനിടയിലും ഫുട്‌ബോള്‍ എന്ന സ്വപ്നത്തെ നെഞ്ചോട് ചേര്‍ത്തിരുന്നു.
അഞ്ചാം വയസ്സില്‍, തന്റെ അച്ഛന്‍ പരിശീലിപ്പിച്ചിരുന്ന പ്രാദേശിക ക്ലബ്ബായ ഗ്രന്‍ഡോളിയില്‍ ചേര്‍ന്നാണ് മെസ്സിയുടെ ഫുട്ബോള്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഏഴാം വയസ്സില്‍ റൊസാരിയോവിലെ “ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സി”ല്‍. കളിജീവിതവുമായി മുന്നോട്ട് പോകവെ 11 ാം വയസ്സിലാണ് വളര്‍ച്ചയ്ക്ക് ആവശ്യമായ ഹോര്‍മോണിന്റെ അഭാവം കൊച്ചുമെസ്സിയെ അലട്ടുന്നത് കുടുംബം തിരിച്ചറിയുന്നത്.
പതിനൊന്നുകാരന്റെ കഴിവില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നിട്ടും അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ “റിവര്‍ പ്ലേറ്റിന്” താരത്തിന്റെ മാസം തോറുമുള്ള ചികിത്സാ ചിലവ് വഹിക്കാന്‍ നിര്‍വാഹമില്ലാതെ വരികയായിരുന്നു. പിന്നീടങ്ങോട്ട് നടന്നതെല്ലാം പുതിയൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. മെസ്സിയുടെ കഴിവിനെക്കുറിച്ച് അറിഞ്ഞ ബാര്‍സലോണയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായിരുന്ന കാര്‍ലെസ് റെക്സാച്ച് പുതിയൊരു ജീവിതമായിരുന്നു മെസ്സിയുടെ കുടുംബത്തിനു സമ്മാനിച്ചത്.
മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം അദ്ദേഹവുമായി കരാറിലേര്‍പ്പെട്ട ബാര്‍സലോണ സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കില്‍ ചികിത്സക്കുള്ള പണം ക്ലബ്ബ് വഹിച്ചുകൊള്ളാമെന്ന് വാക്ക് നല്‍കുകയായിരുന്നു. ഇതനുസരിച്ച് താരത്തിന്റെ കുടുംബം കാറ്റലോണിയയിലേക്ക് മാറിത്താമസിക്കുകയും മെസ്സി ബാര്‍സലോണയുടെ യൂത്ത് ടീമുകളില്‍ കളിച്ച് തുടങ്ങുകയും ചെയ്തു.
സ്പെയിനിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ കുടുംബം മടങ്ങിയപ്പോള്‍ അവിടെ തുടരാനായിരുന്നു പതിമൂന്നുകാരന്റെ തീരുമാനം. മകന്റെ നിശ്ചയദാര്‍ഢ്യത്തിനു കൂട്ടായി അച്ഛനും സ്പെയിനില്‍ തുടര്‍ന്നു.
കാല്‍പന്തിന്റെ ലോകത്ത് മുന്നേറുകയെന്ന ഉറച്ച തീരുമാനമെടുത്ത അവന്‍ പിടിച്ചു നില്‍ക്കുക തന്നെ ചെയ്തു. ബാഴ്സയിലെ മികവാര്‍ന്ന പരിശീനത്തിനും സാഹചര്യങ്ങള്‍ക്കുമൊപ്പം സ്വന്തം പ്രതിഭകൂടിയായപ്പോള്‍ അവന്‍ ഉയരുക തന്നെ ചെയ്തു. മൂന്നു വര്‍ഷംകൊണ്ട്, വെറും പതിനാറാം വയസ്സില്‍ ബാഴ്സലോണയുടെ സീനിയര്‍ ടീമിലിടം നേടിയ താരം ചരിത്രം രചിച്ച് മുന്നേറുകയായിരുന്നു.
2005 ല്‍ അര്‍ജന്റീനയ്ക്കൊപ്പം ലോക യൂത്ത് കിരീടം, 2008 ലെ ഒളിമ്പിക്സ് കിരീടം, ബാഴ്സലോണയ്ക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, സ്പാനിഷ് ലീഗ് കിരീടങ്ങള്‍, കോപ്പ് ഡെല്‍ റേ (കിങ്സ് കപ്പ് ) കിരീടങ്ങള്‍ തുടങ്ങി നേട്ടങ്ങളുടെ കൊടുമുടിയിലേക്കായിരുന്നു റൊസാരിയോയുടെ പുത്രന്‍ നടന്നുകയറിയത്.
ടീമിലെ നേട്ടങ്ങള്‍ക്കുപുറമെ വ്യക്തിഗത നേട്ടത്തിലും ഫുട്ബോള്‍ ലോകത്ത് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു ഫുട്ബോള്‍ ലോകത്തെ “മിശിഹ”. 2009ല്‍ കരിയറിലാദ്യമായി ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട താരം ഇക്കാലയളവില്‍ അഞ്ച് തവണയാണ് ലോക ഫുട്ബോളര്‍ പദവിയ്ക്ക് അര്‍ഹനായത്.
2014 ബ്രസീല്‍ ലോകകപ്പില്‍ മെസ്സിയുടെ അര്‍ജന്റീന ജര്‍മ്മനിയോട് പരാജയപ്പെട്ടപ്പോള്‍ പരിഹസിച്ചവരുടെ മുന്നിലൂടെയാണയാള്‍ കോപ അമേരിക്കയുടെ ഫൈനലിലേക്ക് നടന്ന് കയറിയത്. ഫൈനലില്‍ ചിലിയോട് തന്റെ പെനാല്‍ട്ടി പിഴച്ചപ്പോള്‍, മൈതാനത്ത് വീണ്ടും കണ്ണീര്‍ വീണപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം തിരിച്ചു വരവിലും തലയുയര്‍ത്തി തന്നെയാണ് നില്‍ക്കുന്നത്.
റഷ്യന്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് മെസ്സി വീണ്ടും പെനാല്‍ട്ടി പാഴാക്കിയപ്പോള്‍ താരത്തിന്റെ പെനാല്‍ട്ടി വൈദഗ്ധ്യവും വിമര്‍ശനവിധേയമായി. അന്താരാഷ്ട്ര കരിയറില്‍ ഇതുവരെയും 103 പെനാല്‍ട്ടി കിക്കെടുത്ത താരത്തിനു ആകെ പിഴച്ചത് വെറും 24 കിക്കുകള്‍ മാത്രമാണ്. ബാക്കി 79 കിക്കുകളും എതിര്‍ ടീമിന്റെ വലകുലുക്കിയിരുന്നെന്ന സത്യം നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.
ലോകകപ്പില്‍ മുത്തമിടാതെ ഒരുതാരവും ഇതിഹാസമാകില്ലെന്ന് വിലപിക്കുന്നവരുണ്ടാകാം, എന്നാല്‍ ലിയോ നിങ്ങള്‍ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ജനതയ്ക്ക് എന്നോ ഇതിഹാസമായി തീര്‍ന്നവനാണ്… ഇടംങ്കാലില്‍ ഒളിപ്പിച്ച മാന്ത്രികതയുമായി മൈതാനത്ത് നിറഞ്ഞാടുന്ന ലിയോ നിങ്ങള്‍ക്ക് തോല്‍ക്കാന്‍ കഴിയുകയില്ല..
1970 നു ശേഷം അര്‍ജന്റീനയില്ലാതെ ഒരു ലോകകപ്പെന്ന അവസ്ഥയില്‍ നിന്ന് ഈ ടീമിനെ ഇവിടെവരെയെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ ലിയോ നിങ്ങള്‍ ഒരു ദുരന്ത നായകനായി കളം വിടുകയില്ല… അതിജീവനത്തിന്റെ മറ്റൊരുരൂപമാണ് നിങ്ങള്‍.