എബി... ദി സൂപ്പര്‍മാന്‍
Cricket
എബി... ദി സൂപ്പര്‍മാന്‍
ജിതിന്‍ ടി പി
Thursday, 24th May 2018, 7:31 pm

എബി… ക്രിക്കറ്റ് ഇതിഹാസം അലന്‍ ബോര്‍ഡറെ എബി എന്നായിരുന്നു വിളിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഗാരി സോബേഴ്‌സ്, അലന്‍ ബോര്‍ഡര്‍, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയ ക്രിക്കറ്റ് മഹാരഥന്‍മാരെല്ലാം 90″s കിഡ്‌സിനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ചരിത്ര പുസ്തകത്തിലേ വീരപുരുഷന്‍ എന്ന നിലയില്‍ വായിച്ചുള്ള അറിവ് മാത്രമെ കാണൂ.. ഈ തലമുറയിലെ ക്രിക്കറ്റ് പ്രേമികളെ ഉത്തേജിപ്പിച്ച താരങ്ങളായിരുന്നു സച്ചിന്‍, പോണ്ടിംഗ്, ലാറ തുടങ്ങിയ ബാറ്റിംഗ് ഇതിഹാസങ്ങളും വോണ്‍, മഗ്രാത്ത്, മുരളീധരന്‍ തുടങ്ങിയ ബോളിംഗ് ജീനിയസുകളും.

അവര്‍ക്കിടയിലേക്കോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമോ ആണ് എബ്രഹം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് എന്ന് എബി ഡിയുടെ സ്ഥാനം. 2004 ല്‍ തുടങ്ങിയ കരിയര്‍ 2018 ല്‍ അവസാനിപ്പിക്കുമ്പോള്‍ കുറച്ച് നേരത്തെയായിപ്പോയില്ലെ എന്ന് പറഞ്ഞ് നെറ്റിചുളിക്കുന്നവരാണ് ഏറെയും. 2019 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഈ തീരുമാനം എന്നതാണ് ഈ സംശയത്തിന് ആധാരം.

 

ക്രിക്കറ്റ് ലോകത്തെ ഏറ്റവും നിര്‍ഭാഗ്യമുള്ള ടീമേതാണെന്ന് ചോദിച്ചാല്‍ ദക്ഷിണാഫ്രിക്കയെന്നും ന്യൂസിലാന്‍ഡെന്നുമായിരിക്കും അധികം പേരുടെയും ഉത്തരം. പ്രതിഭാധനരായ താരങ്ങള്‍ ഒരുപാടുണ്ടായിട്ടും പ്രധാനപ്പെട്ട ടൂര്‍ണ്ണമെന്റുകളൊന്നും വിജയിക്കാന്‍ പറ്റാത്ത ടീമുകളാണിവ. അതില്‍ ഒരുപക്ഷെ ഏറ്റവും ഉന്നതിയിലായിരിക്കും ദക്ഷിണാഫ്രിക്കയുടെ സ്ഥാനം.

എന്നാല്‍ ഗ്രെയിം സ്മിത്ത്, മാര്‍ക് ബൗച്ചര്‍, ഷോണ്‍ പൊള്ളോക്ക്, ജോണ്ടി റോഡ്‌സ്, ജാക്വിസ് കാലിസ് തുടങ്ങി ആധുനിക ക്രിക്കറ്റിലെ അതികായര്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന ദക്ഷിണാഫ്രിക്കന്‍ താരമാണ് എബി. പ്രധാനപ്പെട്ട ടൂര്‍ണ്ണമെന്റ് കിരീടമൊന്നും തന്നെ എബിയുടെ അക്കൗണ്ടിലില്ലായെന്നത് സത്യമായിരിക്കാം. എന്നാല്‍ തങ്ങളുടെ ടീമിനെ തോല്‍പ്പിച്ചിട്ടും വിദേശത്തെ ആരാധകര്‍ ഡിവില്ലിയേഴ്‌സിനെ സ്‌നേഹിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഡിവില്ലിയേഴ്‌സിനെ ഒരു പരാജിതനായി കണക്കാക്കാനാവില്ല. ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തും ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട് എന്നതുതന്നെയായിരിക്കും ആ അഞ്ചടി പത്തിഞ്ചുകാരന്റെ ഏറ്റവും വലിയ സമ്പാദ്യം.

 

സ്റ്റംപില്‍നിന്ന് ക്രീസിലേക്കുള്ള 1.22 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിന്ന് ഈ മനുഷ്യന്‍ തലങ്ങും വിലങ്ങും പായിക്കുന്ന ഷോട്ടുകള്‍ക്ക് ഒരുപക്ഷെ ക്രിക്കറ്റ് ബുക്കില്‍ പേര് കാണില്ല. ക്രീസ് വിട്ടിറങ്ങി പന്ത് അടിച്ചുപറത്തുന്ന എബിയേക്കാള്‍ ക്രീസിനുള്ളില്‍ നിന്നും ഇരുന്നും കിടന്നും ഷോട്ടുകള്‍ പായിക്കുന്ന എബിയെയാണ് കാണാന്‍ കഴിയുക. എന്നാല്‍ ഏതൊരു ബോളറുടെയും ആത്മവിശ്വാസം തകര്‍ക്കാന്‍ പറ്റുന്ന ഷോട്ടുകളായിരുന്നു എബിയുടെ ബാറ്റില്‍ നിന്ന് പിറന്നിരുന്നത്. അതിനായി ശരീരത്തെയും ബാറ്റിനെയും ഒരു അഭ്യാസിയെപ്പോലെ അയാള്‍ ക്രീസിനുള്ളില്‍ നിന്ന് മെരുക്കിയിരുന്നു.

നിറഞ്ഞുകവിഞ്ഞ ഗാലറികള്‍ സച്ചിന്‍… സച്ചിന്‍ എന്നുവിളിക്കുമ്പോള്‍ എങ്ങനെയാണ് സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതെന്ന് ടെന്‍ഡുല്‍ക്കറോട് ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ബാറ്റ് ചെയ്യുമ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ ബൗളറുടെ കൈയിലായിരിക്കുമെന്നും മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ലെന്നുമായിരുന്നു. സമാനമായ ആര്‍പ്പുവിളികളാണ് ഡിവില്ലിയേഴ്‌സ് ബാറ്റിംഗിനിറങ്ങുമ്പോഴും ഉണ്ടാകാറുള്ളത്. എന്നാല്‍ അവയൊന്നും ഗൗനിക്കാതെ പന്തിന്റെ ദിശ നിര്‍ണയിച്ചശേഷമാണ് ഡിവില്ലിയേഴ്‌സ് ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നത്. അതിനായി ശരീരത്തെ മുഴുവനായും അയാള്‍ ക്രീസിനുള്ളില്‍ ഉപയോഗിക്കും. ഡിവില്ലിയേഴ്‌സ് ക്രീസിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കളിയെ നിങ്ങള്‍ അഭിനന്ദിക്കാനോ വിലയിരുത്താനോ ശ്രമിക്കരുത്.. കണ്ട് അതിശയിക്കുകയെ വഴിയൊള്ളു.

 

എന്നാല്‍ കൂറ്റനടികളുമായി മാത്രമല്ല ഡിവില്ലിയേഴ്‌സിനെ കണ്ടിട്ടുള്ളത്. ഏറ്റവും പക്വമായ ഇന്നിംഗ്‌സ് നിരവധി കളിച്ചിട്ടുണ്ട് അദ്ദേഹം. 2012 ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കൈവിട്ട കളിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അത്ഭുതകരമായ സമനില നേടിക്കൊടുത്തത് എബിയുടെ അവസരോചിതമായ ഇന്നിംഗ്‌സായിരുന്നു. 220 പന്ത് നേരിട്ട് ഡിവില്ലിയേഴ്‌സ് അന്ന് നേടിയത് 33 റണ്‍സായിരുന്നു. അതില്‍ ഒറ്റ ബൗണ്ടറി പോലും ഇല്ലായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.!

ഗാലറിയുടെ ഏത് മൂലയിലേക്കും പന്തിനെ പായിക്കുന്ന ഡിവില്ലിയേഴ്‌സിന്റെ മറ്റൊരു രൂപമായിരുന്നു അഡ്‌ലെയ്ഡില്‍ അന്ന് കണ്ടത്. ആ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ മൈക്കേല്‍ ക്ലാര്‍ക്കിന്റെ ഇന്നിംഗ്‌സിനെയും സെഞ്ച്വറി നേടിയ വാര്‍ണറുടെയും ഹസിയുടെയും പ്രകടനത്തെയും കവച്ചുവെക്കുന്നതായിരുന്നു എബിയുടെ 33 റണ്‍സ്.

 

2014 ല്‍ കേപ്ടൗണില്‍ 228 പന്തില്‍ 43 റണ്‍സ്, 2015 ല്‍ ഇന്ത്യയെ വിജയത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയ 297 പന്തിലെ 43 റണ്‍സ് ഇതെല്ലാം എബിയുടെ മാജിക് ഇന്നിംഗ്‌സുകളില്‍ ചിലത് മാത്രമാണ്. ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറിയും എബിയുടെ പേരിലുണ്ട്.

ടെസ്റ്റില്‍ ആകെ 3000 റണ്‍സ് നേടിയവരില്‍ 50 റണ്‍സിലധികം ശരാശരിയുള്ള രണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് എബി. ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് ഡിവില്ലിയേഴ്‌സ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലായിരുന്നു എബി സംഹാരരൂപം പൂണ്ടത്. വേഗതയേറിയ അര്‍ധസെഞ്ചറിയും, സെഞ്ച്വറിയും ഒറ്റ ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയ എബി അന്ന് ക്രീസില്‍ സ്വന്തം ബാറ്റിംഗ് ആസ്വദിക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ 64 പന്തില്‍ 150 റണ്‍സ് നേടിയപ്പോഴും എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ് തന്നെയായിരുന്നു.

 

ടെസ്റ്റിലും ഏകദിനത്തിലും 50 റണ്‍സിന് മുകളിലാണ് എബിയുടെ ബാറ്റിംഗ് ശരാശരി.

ടി-20 പൂരമായ ഐ.പി.എല്ലിലും റണ്‍വേട്ടയില്‍ മുന്നിലാണ് എബി. 40 റണ്‍സ് ശരാശരിയില്‍ എബി അടിച്ചുകൂട്ടിയത് 3943 റണ്‍സാണ്. 150 നു മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്‌ലിക്കൊപ്പം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡിവില്ലിയേഴ്‌സ്.

 

ഫീല്‍ഡിംഗില്‍ എബിയോളം അമാനുഷനായ ക്രിക്കറ്റ് താരം ഇന്നുണ്ടോ എന്നത് സംശയമാണ്. ഓസ്‌ട്രേലിയക്കെതിരെ മറിഞ്ഞുവീണ് കിടന്നിട്ടും റണ്‍ ഔട്ടാക്കിയ പ്രകടനം തൊട്ട് ഏറ്റവുമൊടുവില്‍ ഐ.പി.എല്ലില്‍ കാഴ്ചവെച്ച സ്‌പൈഡര്‍മാന്‍ ക്യാച്ച് വരെ എത്തിനില്‍ക്കുന്നു എബിയുടെ ഫീല്‍ഡിംഗ് മാജിക്.

കൗമാരകാലത്ത് റഗ്ബിയിലും ടെന്നീസിലും നീന്തലിലുമെല്ലാം ഒരു കൈ നോക്കിയത് കൊണ്ടുതന്നെയായിരിക്കാം ഡിവില്ലിയേഴ്‌സിന് ഫീല്‍ഡില്‍ അനായാസമായി കളിക്കാന്‍ കഴിയുന്നത്.

 

2012 ലെ ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ട് ടൂര്‍. ടെസ്റ്റ് മത്സരങ്ങള്‍ക്ക് പൊതുവെ കാണികള്‍ കുറയുകയായിരുന്നു ക്രിക്കറ്റിന്റെ ജന്മസ്ഥലമായ ഇംഗ്ലണ്ടില്‍. കാണികള്‍ വരാനായി അന്ന് ഓവല്‍ സ്റ്റേഡിയത്തിനു പുറത്തായി ഒരു ബാനര്‍ ഉയര്‍ന്നു. “എബി എല്ലാ ടെസ്റ്റുകളിലും കളിക്കാനിറങ്ങും.” എന്നായിരുന്നു ആ ബാനറിലെ വാചകം.

മുന്‍പ് വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും ഗാരി സോബേഴ്‌സിനെയും പിന്നീട് സച്ചിനെയും ലാറയേയും സ്‌നേഹിച്ചപ്പോലെ ക്രിക്കറ്റ് പ്രേമികള്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും ഡിവില്ലിയേഴ്‌സിനെ സ്‌നേഹിച്ചു. അതിനവര്‍ കേപ്ടൗണെന്നോ മൊഹാലിയെന്നോ ലോര്ഡ്‌സെന്നോ സിഡ്‌നിയെന്നോ കൊളംബോയെന്നോ വേര്‍തിരിച്ചില്ല. ലോകത്തെ കളിക്കുന്ന ഏത് ഗ്രൗണ്ടും തന്റേതാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഡിവില്ലിയേഴ്‌സിന്റെ വിജയം.

 

അതെ… എബി വിജയിച്ച താരമാണ്. കിരീടങ്ങളുടെ എണ്ണത്തിലല്ല… അതിര്‍ത്തി കടന്നും തന്നിലെ ക്രിക്കറ്റിനെ സ്‌നേഹിപ്പിക്കുന്നതില്‍ അയാളോളം വിജയിച്ച താരം ഇക്കാലയളവില്‍ ഉണ്ടാകില്ല.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.