ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മികച്ച ജയം. വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച ഏറ്റിരുന്നു. ഒബെഡ് മക്കോയ് ആറാടിയ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിപതറുകയായിരുന്നു.
അവസാന ഓവറില്‍ വെറും 138 റണ്‍സുമായി ഇന്ത്യ ഓള്‍ ഔട്ടായി. 31 പന്ത് നേരിട്ട് 31 റണ്‍സെടുത്ത് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉയര്‍ന്ന റണ്‍ നേട്ടക്കാരന്‍. വിന്‍ഡീസിനായി പേസ് ബൗളര്‍ ഒബെഡ് മക്കോയ് 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ മുന്നോട്ടുപോക്കും സുഖകരമായിരുന്നില്ല. ഓപ്പണിങ് ബാറ്റര്‍ ബ്രാണ്ടണ്‍ കിങ് നേടിയ 68 റണ്‍സാണ് വിന്‍ഡീസിനെ മത്സരത്തില്‍ നിലനിര്‍ത്തിയത്. മധ്യനിരയില്‍ തകര്‍ച്ച നേരിട്ട വിന്‍ഡീസിനെ കരകയറ്റിയത് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവണ്‍ തോമസാണ്. 19 പന്തില്‍ 31 റണ്‍സെടുത്ത ഡെവണ്‍ തന്നെയാണ് വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്.
ഐ.പി.എല്‍ ഇന്ത്യന്‍ ടീമിന് നല്‍കിയ ഒരുപാട് മികച്ച ടാലെന്റുകളുണ്ട് അക്കൂട്ടത്തില്‍ ഏറ്റവും പുതിയ താരമാണ് ലെഫ്റ്റ് ഹാന്‍ഡഡ് പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹത്തിന് ഇന്ത്യക്കായി രണ്ടാം മത്സരം കളിക്കാനുള്ള അവസരം ഇന്നലെ ലഭിച്ചിരുന്നു. മത്സരം ഇന്ത്യ തോറ്റെങ്കിലും അര്‍ഷ്ദീപിന്റെ പ്രകടനം മികച്ചുനിന്നിരുന്നു.
നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ അര്‍ഷ്ദീപിന്റെ 19ാം ഓവര്‍ മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഓവറില്‍ ഒന്നായിരുന്നു. അവസാന രണ്ട് ഓവറില്‍ 16 റണ്‍സായിരുന്നു അയ്യരിന് വേണ്ടിയിരുന്നത്. വിന്‍ഡീസിനെ പോലെയൊരു ടീമിന് അത് ഈസിയായി മറികടക്കാവുന്ന റണ്‍സായിരുന്നു. എന്നാല്‍ അര്‍ഷ്ദീപ് വീന്‍ഡീസിനെ അക്ഷാര്‍ത്ഥം വിറപ്പിച്ചു എന്ന് തന്നെ പറയാം.
ഭുവിയെ പോലെയൊരു അനുഭവസമ്പത്തുള്ള ബൗളറുണ്ടായിട്ടും രോഹിത് അര്‍ഷ്ദീപിനെ പെനള്‍ട്ടിമേറ്റ് ഓവറില്‍ പരീക്ഷിക്കുകയായിരുന്നു. അദ്ദേഹം ആ പരീക്ഷണത്തില്‍ വിജയിച്ചു എന്ന് പറയാന്‍ സാധിക്കുന്ന പ്രകടനമാണ് നടത്തിയത്.
വെറും ആറ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റും അദ്ദേഹം നേടിയിരുന്നു. അര്‍ഷ്ദീപിന്റെ ആദ്യ പന്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ സിംഗിള്‍ നേടിയപ്പോള്‍ രണ്ടാം ബോളില്‍ വെടിക്കെട്ട് ബാറ്റര്‍ റോവ്മാന്‍ പവലിനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടുള്ള നാല് പന്തില്‍ വെറും അഞ്ച് റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്.
എന്നാല്‍ അവസാന ഓവറിലെ ആവേശ് ഖാന്റെ ആദ്യ രണ്ട് പന്തില്‍ മത്സരം വിജയിപ്പിക്കുകയായിരുന്നു വിന്‍ഡീസ്. കാലിനെ ലക്ഷ്യം വെച്ചുള്ള യോര്‍ക്കറുകള്‍ക്ക് പേരുകേട്ട അര്‍ഷ്ദീപിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള എന്‍ട്രിയാണ് ഇന്നലത്തെ മത്സരത്തില്‍ കണ്ടത്.