'എന്തുകൊണ്ട് വിക്കറ്റ് എടുത്തില്ല എന്ന ചോദ്യത്തിന് അത് വിരാട് സാറിനും രോഹിത് സാറിനും അവകാശപ്പെട്ടതാണ് എന്നായിരുന്നു അര്‍ഷ്ദീപിന്റെ മറുപടി'
T20 world cup
'എന്തുകൊണ്ട് വിക്കറ്റ് എടുത്തില്ല എന്ന ചോദ്യത്തിന് അത് വിരാട് സാറിനും രോഹിത് സാറിനും അവകാശപ്പെട്ടതാണ് എന്നായിരുന്നു അര്‍ഷ്ദീപിന്റെ മറുപടി'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 12:13 pm

ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്നുവന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിട്ടാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് കിരീടമുയര്‍ത്തിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ മുത്തമിടുന്നത്.

2007ലാണ് ഇന്ത്യ ആദ്യമായി കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. ഇതോടെ ടി-20 ലോകകപ്പില്‍ ഒന്നിലധികം തവണ കിരീടം ചൂടുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടുമാണ് മറ്റ് രണ്ട് ടീമുകള്‍.

ബാറ്റര്‍മാരേക്കാളേറെ ബൗളര്‍മാര്‍ തിളങ്ങിയ ലോകകപ്പായിരുന്നു ഇത്. അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും അക്‌സര്‍ പട്ടേലും പല കുറി ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് ബൗളര്‍മാരായിരുന്നു. അയര്‍ലന്‍ഡിനും പാകിസ്ഥാനുമെതിരെ ബുംറ കളിയിലെ താരമായപ്പോള്‍ യു.എസ്.എക്കെതിരെ അര്‍ഷ്ദീപും പുരസ്‌കാരം സ്വന്തമാക്കി.

17 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങാണ് ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്. അഫ്ഗാനിസ്ഥാന്റെ ഫസലാഖ് ഫാറൂഖിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടാണ് താരം ചരിത്രം കുറിച്ചത്.

ഇത്തവണയും 10+ വിക്കറ്റ് നേടിയതോടെ ഒന്നിലധികം ടി-20 ലോകകപ്പുകളില്‍ പത്തിലധികം വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ഷ്ദീപ് സിങ്ങിന്റെ പിതാവ് ദര്‍ശന്‍ സിങ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാവുകയാണ്. ഈ ലോകകപ്പിന്റെ മൊമെന്റോ എന്ന നിലയില്‍ എന്തുകൊണ്ട് വിക്കറ്റുകള്‍ എടുത്തില്ല എന്ന് അദ്ദേഹം അര്‍ഷ്ദീപിനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അത് രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും അര്‍ഹതപ്പെട്ടതാണെന്നാണ് താരം മറുപടി നല്‍കിയതെന്നും പറയുകയാണ് അദ്ദേഹം.

 

‘ലോകകപ്പിന്റെ മൊമെന്റോ എന്ന നിലയില്‍ എന്തുകൊണ്ട് വിക്കറ്റുകള്‍ എടുത്തുകൊണ്ടുവന്നില്ല എന്ന് ഞാന്‍ അവനോട് ചോദിച്ചിരുന്നു. എന്നാല്‍ ‘അത് രോഹിത് സാറിനും വിരാട് സാറിനും അവകാശപ്പെട്ടതാണ്’ എന്നായിരുന്നു അവന്‍ മറുപടി പറഞ്ഞത്.

ലോകകപ്പ് ടീമിന്റെ ഭാഗമായതില്‍ അവന്‍ (അര്‍ഷ്ദീപ്) ഏറെ സന്തോഷവാനാണ്. മുഴുവന്‍ ഇന്ത്യക്കാരെന്ന പോലെ ഞങ്ങളും ഈ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ലോകകപ്പ് ചൂടിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് തന്റെ അവസാന ലോകകപ്പാണെന്നും ഇനി യുവതാരങ്ങള്‍ ഇന്ത്യയെ മുന്നോട്ട് നയിക്കട്ടെ എന്നും പറഞ്ഞാണ് വിരാട് പടിയിറങ്ങിയത്.

‘ടി-20യില്‍ നിന്നും വിരമിക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു എനിക്ക് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഞാന്‍ കരുതി. കിരീടം നേടിക്കൊണ്ട് വിട പറയുന്നത് വളരെ മികച്ചതാണ്,’ എന്നാണ് വിരമിക്കലിന് പിന്നാലെ രോഹിത് പറഞ്ഞത്.

 

Content highlight: Arshdeep Singh’s father said, “when I asked Arshdeep why didn’t he pick the wicket as a memento, his reply was ‘Rohit sir and Virat sir deserve that’

 

Also Read: ചരിത്രത്തിലെ ആദ്യ താരം, വിസ്മയിപ്പിച്ച് പോര്‍ച്ചുഗല്‍ വന്മതില്‍; റൊണാൾഡോയുടെ കണ്ണീരിലും പറങ്കിപ്പട മുന്നോട്ട്

 

Also Read: ഇന്ത്യന്‍ വിമണ്‍സ് ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് സ്‌നേഹ് റാണ! തൂക്കിയത് ആരും തൊടാത്ത് അപൂര്‍വ നേട്ടം!

 

Also Read: ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ദ്രാവിഡ് ഇല്ലെന്ന് പറഞ്ഞതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ജെയ് ഷാ!