Crime
ഹോങ്കോങിലേക്ക് പണം കടത്തല്‍; എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 09, 09:30 am
Tuesday, 9th January 2018, 3:00 pm

 

ന്യൂദല്‍ഹി: ഹോങ്കോങ്ങിലേക്ക് കള്ളപ്പണം കടത്താന്‍ ശ്രമിച്ച് ജെറ്റ് എയര്‍വെയ്‌സ് എയര്‍ഹോസ്റ്റസ് പൊലീസ് പിടിയില്‍. മൂന്നരക്കോടിയോളം വരുന്ന യു.എസ് ഡോളറാണ് ദേവശി കുല്‍ശ്രഷ്ത എന്ന ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരിയില്‍ നിന്നും കണ്ടെടുത്തത്.

കള്ളപ്പണം കടത്താന്‍ ഇവരെ സഹായിച്ച ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്. എട്ട് തവണ ഇവര്‍ ഹോങ്കോങ്ങിലേക്ക് പണം കടത്തിയതായി തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഏകദേശം പത്ത് ലക്ഷം ഡോളറിലധികമാണ് ഇവര്‍ ഇന്ത്യയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് എത്തിച്ചിരുന്നത്. ഓരോ തവണ ഡോളര്‍ കടത്തുന്നതിന് അനുസരിച്ച് തിരിച്ച് ഇന്ത്യയിലേക്ക് ഇവര്‍ സ്വര്‍ണ്ണവും കടത്തിയിരുന്നതായി അധികൃതര്‍ പറഞ്ഞു.

ജെറ്റ് എയര്‍വെയ്‌സില്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഉടന്‍തന്നെ എയര്‍ ഹോസ്റ്റസിനെ വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. അന്വേഷണം കൂടുതല്‍ വ്യാപകമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.