national news
പീഡനത്തിനിരയായ സ്ത്രീക്ക് രാഖി കെട്ടാന്‍ നിര്‍ദേശിച്ച് പ്രതിക്ക് ജാമ്യം; വിരമിച്ച ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ബി.ജെ.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 14, 07:59 am
Sunday, 14th July 2024, 1:29 pm

ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച് മൂന്ന് മാസങ്ങള്‍ക്കിപ്പുറം ബി.ജെ.പിയില്‍ ചേര്‍ന്ന് ജസ്റ്റിസ് രോഹിത് ആര്യ. 2013 സെപ്റ്റംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെയാണ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം സേവനമനുഷ്ഠിച്ചത്.

ഭോപ്പാലിലെ ബി.ജെ.പി സംസ്ഥാന ഓഫീസില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ ഡോ. രാഘവേന്ദ്ര ശര്‍മയില്‍ നിന്നാണ് രോഹിത് ആര്യ അംഗത്വം സ്വീകരിച്ചത്.

2021ല്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ സ്റ്റാന്‍ഡപ് കൊമേഡിയന്‍മാരായ മുനവര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചത് ജസ്റ്റിസ് രോഹിത് ആര്യ ആയിരുന്നു.

ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരത്തെ ഇവര്‍ ബോധപൂര്‍വ്വം വ്രണപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഈ ഉത്തരവ് റദ്ദാക്കി പിന്നീട് സുപ്രീം കോടതിയാണ് മുനവര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്.

2020ല്‍ ഒരു പീഡനക്കേസ് പ്രതിക്ക് ജസ്റ്റിസ് രോഹിത് ആര്യ ജാമ്യം അനുവദിച്ചത് വലിയ വിവാദമായിരുന്നു. പീഡനത്തിനിരയായ യുവതിക്ക് രാഖി കെട്ടി നൽകണമെന്നാണ് രോഹിത് ആര്യ അന്ന് വിധിച്ചത്.

പീഡനത്തിനിരയായ യുവതിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാം എന്ന വാക്കിന്റെ ഉറപ്പില്‍ ഹൈക്കോടതി പ്രതിക്ക് അന്ന് ജാമ്യം അനുവദിച്ചു. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ പാനല്‍ കൗണ്‍സലറായും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്റ്റാന്‍ഡിങ് കൗണ്‍സിലറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

2013 സെപ്റ്റംബര്‍ 12ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം 2015 മാര്‍ച്ച് 26ന് സ്ഥിരം ജഡ്ജിയായി നിയമിതനായി.

Content Highlight: Around 3 months after retirement, ex MP HC Judge joins BJP