കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും ഔദ്യോഗികമായി രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടുമായി പ്രതിഷേധക്കാര്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭകര്‍ക്കെതിരെയുള്ള നടപടി സൈന്യവും ശക്തമാക്കി. പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സംഘര്‍ഷ മേഖലകളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഇതിനിടെ പ്രസിഡന്റ് ഗോതബയ രാജപക്സെയും ഭാര്യയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ബുധനാഴ്ച രാവിലെ സൈനിക വിമാനത്തില്‍ രാജ്യം വിട്ടതായി ശ്രീലങ്കന്‍ വ്യോമസേന സ്ഥിരീകരിച്ചു.
പ്രസിഡന്റില്‍ നിക്ഷിപ്തമായ എക്‌സിക്യൂട്ടീവ് അധികാരത്തിന് കീഴിലാണ് നടപടിയെന്നും വ്യോമസേന വിശദീകരിച്ചു. ഗോതബയക്കൊപ്പം ഭാര്യ ലോമ രാജപക്‌സെയും സഹോദരന്‍ ബേസില്‍ രാജപക്‌സെയും രാജ്യം വിട്ടുവെന്നാണ് വാര്‍ത്തകളെങ്കിലും ഗോതബയയും ഭാര്യയും മാത്രമാണ് രാജ്യം വിട്ടതെന്നാണ് ശ്രീലങ്കന്‍ വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയെ രാജ്യം വിടാന്‍ സഹായിച്ചത് ഇന്ത്യയാണെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തള്ളി. ഇത്തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തവയും ഊഹാപോഹങ്ങളാണെന്നും ഹൈക്കമ്മിഷന്‍ അറിയിച്ചു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിന് മുന്നോടിയായി രാജപക്സെ ലങ്ക വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമ്മീഷന്റെ പ്രതികരണം.
ഗോതാബയ രാജപക്സെയ്ക്ക് ശ്രീലങ്കയ്ക്ക് പുറത്തേക്ക് കടക്കാന്‍ ആവശ്യമായ സഹായം ചെയ്തത് ഇന്ത്യയാണെന്ന അടിസ്ഥാനരഹിതവും ഊഹാപോഹം നിറഞ്ഞതുമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തള്ളിക്കളഞ്ഞിരുന്നു. ജനാധിപത്യപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും മുന്നേറാനുള്ള ശ്രീലങ്കന്‍ ജനതയുടെ അഭിലാഷത്തിന് തുടര്‍ന്നും ഇന്ത്യ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വീറ്റ് ചെയ്തു.