IPL
ഇതുപോലൊരു ഇന്നിങ്സ് മുമ്പ് കണ്ടിട്ടില്ല, 1000 റണ്‍സ് നേടിയത് പോലെ; തുറന്ന് പറഞ്ഞ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 03:01 am
Wednesday, 9th April 2025, 8:31 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.

ആദ്യ ഇന്നിങ്സില്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. 40 പന്തില്‍ നിന്ന് ഒമ്പത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്.

നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും, ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും, ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമാകാനും പ്രിയാന്‍ഷിന് സാധിച്ചിരുന്നു.

ഇപ്പോള്‍ താരത്തിന്റെ ഈ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. പ്രിയാന്‍ഷ് ആര്യയുടെ സെഞ്ച്വറി തനിക്ക് 1000 റണ്‍സ് തികയ്ക്കുന്നതിന് തുല്യമാണെന്നും ഇതുപോലുള്ള മികച്ച ഒരു ഇന്നിങ്‌സ് മുമ്പ് കണ്ടിട്ടില്ലെന്നും സിദ്ദു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു നവ്‌ജോത് സിങ് സിദ്ദു.

‘പ്രിയാന്‍ഷ് ആര്യയുടെ സെഞ്ച്വറി എനിക്ക് 1000 റണ്‍സ് തികയ്ക്കുന്നതിന് തുല്യമാണ്. ഇതുപോലുള്ള മികച്ച ഒരു ഇന്നിങ്‌സ് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും അവന്‍ നിര്‍ത്തിയില്ല. അവന്റെ പരിശ്രമത്തില്‍ എല്ലാവരും അഭിമാനിക്കും,’ സിദ്ദു പറഞ്ഞു.

പഞ്ചാബ് പരിശീലകന്‍ റിക്കി പോണ്ടിങ്ങും താരത്തിന്റെ സെഞ്ച്വറി ആസ്വദിച്ചെന്നും പുറത്താകാതെ നില്‍ക്കാനും ടീം സ്‌കോറിലേക്ക് കൂടുതല്‍ റണ്‍സ് ചേര്‍ക്കാനുള്ള അവസരം ഉണ്ടായിട്ടും ആര്യ അവസരം മുതലാക്കിയില്ലെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

‘റിക്കി പോണ്ടിങ്ങും പ്രിയന്‍ഷിന്റെ സെഞ്ച്വറി ആസ്വദിച്ചു. എന്നിരുന്നാലും, പുറത്താകാതെ നില്‍ക്കാനും ടോട്ടലിലേക്ക് കൂടുതല്‍ റണ്‍സ് ചേര്‍ക്കാനുമുള്ള അവസരമുണ്ടായിട്ടും അവന്‍ മുതലാക്കിയില്ല. സെഞ്ച്വറി നേടിയതിന് ശേഷവും അവന്‍ വിശ്രമിച്ചില്ല. പ്രിയാന്‍ഷ് ജോലി പൂര്‍ത്തിയാക്കിയില്ല,’ സിദ്ദു പറഞ്ഞു.

പ്രിയാന്‍ഷിന് പുറമെ ശശാങ്ക് സിങ്ങും മാര്‍ക്കോ യാന്‍സനും മികച്ച പ്രകടനം പുറത്തെടുത്തു. ശശാങ്ക് 36 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഘട്ടത്തില്‍ യാന്‍സന്‍ 19 പന്തില്‍ നിന്ന് 34 റണ്‍സും നേടി.

Content Highlight: IPL 2025: PBKS vs CSK: Former Indian Cricketer Navjot Singh Sidhu Talks About The Centurion Priyansh Arya