Advertisement
Kerala News
ഔദ്യോഗിക ഉത്തരവുകളും സര്‍ക്കുലറുകളും മലയാളത്തില്‍ തന്നെ പുറത്തിറക്കണം: ധനവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 03:09 am
Wednesday, 9th April 2025, 8:39 am

തിരുവനന്തപുരം: ഉത്തരവുകളും സര്‍ക്കുലറുകളും മലയാളത്തില്‍ തന്നെ പുറപ്പെടുവിക്കണമെന്ന് ഉത്തരവിട്ട് ധനവകുപ്പ്. നേരത്തെ പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ധനവകുപ്പിന്റെ നിര്‍ദേശം.

2017 മെയ് ഒന്ന് മുതല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു.

എന്നാല്‍ എട്ട് വര്‍ഷം പിന്നിട്ടിട്ടും ഈ ഉത്തരവുകള്‍ പല സ്ഥാപനങ്ങളും നടപ്പിലാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

2017ലെ ഉത്തരവ് പ്രകാരം കേന്ദ്ര വകുപ്പുകള്‍, സുപ്രീം കോടതി, ഹൈക്കോടതി തുടങ്ങിയ സ്ഥാപനങ്ങളുമായി നടത്തുന്ന വിനിമയങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലാകാം. ഇംഗ്ലീഷ് ഔദ്യോഗികഭാഷയായി ഉപയോഗിക്കേണ്ടതായ സാഹചര്യങ്ങളില്‍ കുറിപ്പ് ഫയല്‍ മലയാളത്തിലായിരിക്കണമെന്നും മറ്റെല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നുമായിരുന്നു വിജ്ഞാപനം.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും അന്ന് പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരള സിവില്‍ സര്‍വീസസ് ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നായിരുന്നു അറിയിപ്പ്.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഔദ്യോഗികഭാഷ സംബന്ധിച്ച് വകുപ്പുതല സമിതി, വകുപ്പുതല ഏകോപന സമിതി, ജില്ലാതല ഔദ്യോഗിക ഭാഷാ സമിതി എന്നിവ രൂപീകരിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ യോഗം ചേരണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

കൂടാതെ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഹാജര്‍ പുസ്തകം അടക്കമുള്ള രജിസ്റ്ററുകളും പൂര്‍ണമായും മലയാളത്തില്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിരുന്നു.

2013ലാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ മലയാളത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.

Content Highlight: Official orders and circulars should be published in Malayalam: Finance Department