Advertisement
മത്സ്യ കൃഷിക്ക് കുളം നിർമിക്കുന്നെന്ന് വാദം; വൈത്തിരിയിൽ വൻ തോതിൽ വയൽ നികത്തൽ
Kerala News
മത്സ്യ കൃഷിക്ക് കുളം നിർമിക്കുന്നെന്ന് വാദം; വൈത്തിരിയിൽ വൻ തോതിൽ വയൽ നികത്തൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 02:58 am
Wednesday, 9th April 2025, 8:28 am

വയനാട്: വയനാട് വൈത്തിരിയിൽ വൻ തോതിൽ വയൽ നികത്തുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട്. മത്സ്യ കൃഷിയ്ക്കായി കുളം നിർമിക്കാൻ വേണ്ടിയാണ് വയൽ നികത്തുന്നതെന്നാണ് വാദം. 75 മീറ്റർ നീളവും 35 മീറ്റർ വീതിയുമുള്ള വലിയ കുളമാണ് നിർമിക്കുന്നത്. കുളം നിർമാണത്തിനായി എടുക്കുന്ന മണ്ണ് വയലിൽ തന്നെയാണ് ഇടുന്നത്. അനുമതിയില്ലാത്ത വയൽ നികത്തലിന് കരാറെടുത്തിരിക്കുന്നത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയാണ്.

വയൽ നികത്താൻ അനുമതി ലഭിച്ചിട്ടില്ലെന്നും വാക്കാൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയാണെന്നും കരാർ ഏറ്റെടുത്ത സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഷാനിബ് പറഞ്ഞു. ഒരുമാസത്തോളമായി കുളം നിർമാണം നടക്കുന്നുണ്ട്.

വയൽ നികത്തലിനോട് അധികൃതർ കണ്ണടയ്ക്കുകയാണെന്ന് വാർഡ് മെമ്പർ ജ്യോതിഷ് പറഞ്ഞു. ‘വലിയ കുളമാണ് വയലിൽ നിർമിക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ വളർത്താനാണെന്നാണ് ഇവർ പറയുന്നത്. ഉടനെ തന്നെ ഞങ്ങൾ ഫിഷറീസുമായി ബന്ധപ്പെട്ടു അവർ അത്തരമൊരു അധികാരം നൽകിയിട്ടില്ല. റവന്യു വകുപ്പിനും ഇതറിയില്ല. പഞ്ചായത്ത് ഭരണ സമിതിക്ക് മുമ്പാകെ കുളം നിർമാണത്തിനായുള്ള അപേക്ഷ വന്നിട്ടില്ല.

പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നാണ് കുളം നിർമിക്കുന്നവർ പറഞ്ഞത്. എന്നാൽ പഞ്ചായത്ത് അനുമതി കൊടുത്തിട്ടില്ല. ഇത് കബനി നദിയുടെ ഉത്ഭവ സ്ഥലമാണ്. നദി ഇപ്പോൾ വറ്റി വരണ്ട സ്ഥിതിയിലാണ്. കൂടാതെ ദുരന്ത ബാധിത പ്രദേശമെന്ന നിലക്ക് ഇത്തരം നിർമാണ പ്രവർത്തികൾ ഒന്നും തന്നെ ഇവിടെ നടത്താൻ പാടില്ല എന്ന നിയമമുണ്ട്. ഇത് ചെയ്യുന്നത് ഈ നാട്ടിലെ ആളുകൾ തന്നെയാണ്. ഈ പ്രദേശത്ത് ഇത്തരത്തിലുള്ള നിർമാണങ്ങൾ നടത്താൻ പാടില്ല എന്നത് അവർക്ക് കൃത്യമായി അറിയാം,’ ജ്യോതിഷ് പറഞ്ഞു.

ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വാക്കാൽ അനുമതി നേടിയിട്ടുണ്ടെന്നുള്ള കരാറുകാരന്റെ വാദം തെറ്റാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫിഷറീസ് വകുപ്പ് അത്തരം ഒരു കാര്യത്തിന് അനുമതി നൽകിയിട്ടില്ലെന്നും അവിടെ അനുമതി നല്കാൻ കഴിയില്ലെന്നും പറഞ്ഞതായി ഏഷ്യാനെറ്റ് പറഞ്ഞു. പഞ്ചായത്തും അനുമതി നൽകിയിട്ടില്ല.

സാധാരണ ചെറിയ രീതിയിൽ കർഷകർ കൃഷി ആവശ്യത്തിനായി ചെറിയ കുളങ്ങൾ നിർമിക്കാറുണ്ട്, മത്സ്യകൃഷിയും നടത്താറുണ്ട് അതിന് സബ്സിഡി നൽകാറുണ്ടെന്നും എന്നാൽ ഇത്രയും വലിയ കുളത്തിന് അനുമതിയില്ലെന്നും ഫിഷറീസ് വകുപ്പ് പറഞ്ഞു. ദുരന്ത സാധ്യത മേഖലയാണ് വൈത്തിരി. അവിടെയാണ് ഇത്തരമൊരു നിർമാണം നടക്കുന്നത്. മത്സ്യക്കൃഷിക്ക് കുളം നിർമിക്കുകയെന്ന വ്യാജേനെ അവിടെ വലിയൊരു കുളം നിർമിക്കുകയും വലിയ ഭാഗം വയൽ നികത്തുകയും ചെയ്തിട്ടുണ്ട്.

കരാർ ഏറ്റെടുത്തിരിക്കുന്നത് വൈത്തിരി സ്വദേശി തന്നെയാണെങ്കിലും ഉടമകൾ ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. നെൽവയൽ തണ്ണീർത്തട നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. അത് നിലനിൽക്കവെയാണ് വയൽ കുഴിച്ച് കുളമുണ്ടാക്കുകയും ആ മണ്ണ് ഉപയോഗിച്ച് വയൽ നികത്തുകയും ചെയ്യുന്നത്.

അതേ പ്രദേശത്ത് തന്നെ മറ്റൊരു കെട്ടിട നിർമാണവും നടക്കുന്നുണ്ട്. ഇത് ഉടമകൾക്ക് വേണ്ടി നിർമിക്കുന്ന വില്ലയാണെന്നാണ് വാദം.

 

 

Content Highlight:  Argument that a pond is being built for fish farming; Large-scale land filling in Vythiri