വാംഖഡെയില്‍ വെച്ച് നടക്കുന്ന ഐ.പി.എല്‍ 2023ലെ 31ാം മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റന്‍ സാം കറന്റെ അര്‍ധ സെഞ്ച്വറിയും ഹര്‍പ്രീത് സിങ് ഭാട്ടിയയുടെ മികച്ച ഇന്നിങ്‌സുമാണ് പഞ്ചാബിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
മത്സരത്തില്‍ മുംബൈക്കായി പന്തെറിഞ്ഞവരില്‍ പീയൂഷ് ചൗളയും ഹൃതിക് ഷോകീനുമൊഴികെ മറ്റെല്ലാവരും മികച്ച രീതിയില്‍ റണ്‍സ് വഴങ്ങിയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറായിരുന്നു.
മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 48 റണ്‍സാണ് താരം വഴങ്ങിയത്. 16 എന്ന എക്കോണമിയിലാണ് താരം റണ്‍സ് വഴങ്ങിയത്. ഇതില്‍ 31 റണ്‍സ് വഴങ്ങിയതും ഒറ്റ ഓവറിലാണ്.
മത്സരത്തിന്റെ 16ാം ഓവറിലായിരുന്നു അര്‍ജുനെ പഞ്ചാബ് ബാറ്റര്‍മാര്‍ പെരുമാറിവിട്ടത്. സാം കറനും ഹര്‍പ്രീത് സിങ് ഭാട്ടിയയും ചേര്‍ന്നായിരുന്നു അര്‍ജുനെ പഞ്ഞിക്കിട്ടത്.
ഓവറിലെ ആദ്യ പന്തില്‍ തനനെ സിക്‌സര്‍ പറത്തിയാണ് സാം കറന്‍ വരാന്‍ പോകുന്ന വെടിക്കെട്ടിനെ കുറിച്ചുള്ള ട്രെയ്‌ലര്‍ നല്‍കിയത്. രണ്ട് സിക്‌സറും നാല് ബൗണ്ടറിയുമടക്കമാണ് അര്‍ജുന്റെ ഓവറില്‍ പഞ്ചാബ് കിങ്‌സ് റണ്‍സ് അടിച്ചെടുത്തത്. രണ്ട് എക്‌സ്ട്രാസും ഈ ഓവറില്‍ പിറന്നിരുന്നു.
അര്ജുന് പുറമെ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ജോഫ്രാ ആര്‍ച്ചര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരും വലിയ രീതിയില്‍ റണ്‍സ് വഴങ്ങിയിരുന്നു. മൂന്ന് ഓവറില്‍ ബെഹ്രന്‍ഡോര്‍ഫ് 41 റണ്‍സ് വഴങ്ങിയപ്പോള്‍ നാല് ഓവര്‍ വീതം പന്തെറിഞ്ഞ കാമറൂണ്‍ ഗ്രീന്‍ 41ഉം ആര്‍ച്ചര്‍ 42 റണ്‍സും വഴങ്ങി.
29 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 55 റണ്‍സാണ് കറന്‍ സ്വന്തമാക്കിയത്. 189.66 എന്ന എക്കോണമി റേറ്റിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാല് ഓവര്‍ പിന്നിടുമ്പോള്‍ 33ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. നാല് പന്തില്‍ നിന്നും ഒരു റണ്‍സ് നേടി പുറത്തായ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. 12 പന്തില്‍ നിന്നും 17 റണ്‍സുമായി രോഹിത് ശര്‍മയും എട്ട് പന്തില്‍ നിന്നും 13 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.
Content highlight: Arjun Tendulkar concede 31 runs in an over