അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസവും പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പങ്കുവെച്ച് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ. ജി.പി.എസ് സിഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിൽ ട്രക്ക് കണ്ടെത്താനായില്ലെന്ന് മന്ത്രി പറഞ്ഞു.
റോഡിലെ 98 ശതമാനം മണ്ണും നീക്കിയെന്നാണ് രക്ഷാ പ്രവർത്തകരെ ഉദ്ധരിച്ചുകൊണ്ട് മന്ത്രി പറഞ്ഞത്.
പുഴയിലും തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റോഡിൽ ട്രക്ക് കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡിലെ മണ്ണ് മുഴുവനായി നീക്കുമെന്നും എങ്കിലും സിഗ്നൽ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താൻ സാധ്യതയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ രൂപപ്പെട്ട മൺകൂനയിൽ പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ രക്ഷാ പ്രവർത്തനത്തിന് വേണ്ടി ആർമി കൂടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇനി ആർമിയുടെയും നേവിയുടെയും നേതൃത്വത്തിൽ ആയിരിക്കും രക്ഷാ പ്രവർത്തനം നടക്കുകയെന്നും മന്ത്രി അറിയിച്ചു. രാത്രി രക്ഷാ പ്രവർത്തനം ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് അർജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കൾ കർണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തിരച്ചിൽ ആരംഭിച്ചത്.