'കോസ്റ്റ്യൂം ഡിപ്പാർട്മെന്റിൽ ആളുണ്ടായില്ല; ആരോടും പറയേണ്ടെന്ന് പറഞ്ഞ് ഇന്ദ്രൻസ് ചേട്ടൻ പാൻറ് ആൾട്ടർ ചെയ്തു തന്നു'
Film News
'കോസ്റ്റ്യൂം ഡിപ്പാർട്മെന്റിൽ ആളുണ്ടായില്ല; ആരോടും പറയേണ്ടെന്ന് പറഞ്ഞ് ഇന്ദ്രൻസ് ചേട്ടൻ പാൻറ് ആൾട്ടർ ചെയ്തു തന്നു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th October 2023, 8:25 pm

ഇന്ദ്രൻസ് എന്ന നടന്റെ എളിമയെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോകൻ. ഭദ്രം സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഒരു പാന്റ് ആൾട്ടർ ചെയ്യാൻ വേണ്ടി അമൽ എന്ന പയ്യൻ കോസ്റ്റ്യൂം ഡിപ്പാർമെന്റിൽ പോയപ്പോൾ ഇന്ദ്രൻസ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും അശോകൻ പറയുന്നുണ്ട്. ഇന്ദ്രൻസ് ആ പാന്റ് വാങ്ങി ആൾട്ടർ ചെയ്‌തെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു.

ഷൂട്ടിങ് ലൊക്കേഷനിൽ ഇന്ദ്രൻസ് വന്നുകഴിഞ്ഞാൽ കാരവനിൽ ഇരിക്കില്ലെന്നും താരം പറഞ്ഞു . റസൂൽ പൂക്കുട്ടിയുടെയും ഇന്ദ്രൻസിന്റെയും കൂടെ ഒറ്റ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമേഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.

‘ഭദ്രം സിനിമ ചെയ്യുന്ന സമയത്ത് എന്റെ കൂടെയുള്ള ചെക്കൻ, അമൽ എന്നാണ് പേര്. ആൾട്ടർ ചെയ്യണം എന്ന് പറഞ്ഞ് പാൻറ് കൊടുത്തു. ഇന്ദ്രൻസ് ചേട്ടൻ കാരവനിൽ ഇരിക്കില്ല. എപ്പോഴും കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിന്റെ സൈഡിൽ മാത്രമേ ഇരിക്കുകയുള്ളൂ.

പെട്ടെന്ന് ഇവൻ കോസ്റ്റ്യൂം ഡിപ്പാർട്മെന്റിൽ പോയിട്ട് ‘ചേട്ടാ ഷോട്ടായി, ഈ പാന്റ് ആൾട്ടർ ചെയ്യണം’ എന്ന് പറഞ്ഞപ്പോൾ അവിടെ ആരുമില്ല. ഇന്ദ്രൻസ് ചേട്ടൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇന്ദ്രൻസ് ചേട്ടൻ നേരെ പാൻറ് എടുത്തിട്ട് കട്ട് ചെയ്തു ആൾട്ടർ ചെയ്തിട്ട് , ‘നീ ഇത് അവൻറെ അടുത്ത് പറയണ്ട’എന്ന് പറഞ്ഞു,’ അർജുൻ അശോകൻ പറഞ്ഞു.

ഇന്ദ്രൻസ് സെറ്റിൽ വന്നു കഴിഞ്ഞാൽ കാരവനിൽ ഇരിക്കില്ലെന്നും തങ്ങളുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കില്ലെന്നും റസൂൽ പൂക്കുട്ടിയും ഈ സമയം കൂട്ടിച്ചേർത്തു.
‘സെറ്റിൽ വന്നുകഴിഞ്ഞാൽ കാരവനിൽ ഇരിക്കുകയില്ല. ഞങ്ങളുടെ കൂടെയിരുന്ന് ആഹാരം കഴിക്കില്ല. കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിന്റെ കൂടെയോ വേറെ ഏതെങ്കിലും ആളുകളുടെ കൂടെയോയാണ് ഭക്ഷണം കഴിക്കുക. അവിടെ പോയി ആഹാരം കഴിച്ച് ചായയൊക്കെ കുടിക്കുന്നുണ്ടാകും. കോസ്റ്റ്യൂം ഒക്കെ ഇട്ടിട്ടായിരിക്കും പോയിരിക്കുക.

വേറെ എവിടെയും പുള്ളിയെ തപ്പിയിട്ട് കാര്യമില്ല. ഈ സ്ഥലങ്ങളിൽ തപ്പിയാൽ മാത്രമേ കിട്ടുകയുള്ളൂ. എനിക്ക് തോന്നുന്നില്ല ഇങ്ങനെയൊക്കെ ഒരു മനുഷ്യനുണ്ടാകുമെന്ന്. ഹ്യുമിലിറ്റി= ഇന്ദ്രൻസ്,’ റസൂൽ പൂക്കുട്ടി പറഞ്ഞു.

അതേസമയം റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധായകനാവുന്ന ഒറ്റ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Arjun ahokan about indrans