ബാലൺ ഡി ഓർ ബെൻസിമ നേടിക്കോട്ടെ, പക്ഷെ മികച്ച കളിക്കാരൻ, അത് എക്കാലവും ഒരാൾ മാത്രമാണ്; മുൻ അർജന്റൈൻ സൂപ്പർ കോച്ച്
DSport
ബാലൺ ഡി ഓർ ബെൻസിമ നേടിക്കോട്ടെ, പക്ഷെ മികച്ച കളിക്കാരൻ, അത് എക്കാലവും ഒരാൾ മാത്രമാണ്; മുൻ അർജന്റൈൻ സൂപ്പർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th October 2022, 8:40 am

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് റയൽ മാഡ്രിഡ് സൂപ്പർതാരം കരീം ബെൻസിമയാണ്.

ഫ്രഞ്ച് ഫുട്‌ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.

യുവേഫ ചാമ്പ്യൻസ് ലീഗിലും ലാ ലിഗ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച റയലിന്റെ ഗോൾ മെഷീൻ കരീം ബെൻസിമ തന്നെയായിരുന്നു സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്.

ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോസ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ,യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

ആദ്യ മുപ്പത് പേരുകളിൽ നിലവിൽ പി.എസ്.ജി സൂപ്പർതാരമായ ലയണൽ മെസി ഉണ്ടായിരുന്നില്ല.

മെസിയെ നോമിനേഷനിൽ നിന്ന് ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോൾ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനയുടെ മുൻ പരിശീലകൻ ജോർജ് സാമ്പവോളി.

കഴിഞ്ഞ സീസണിലെ മാത്രം പെർഫോമൻസ് വെച്ച് വിലയിരുത്തൽ നടത്തിയത് കൊണ്ടാണ് മെസിക്ക് പുരസ്‌കാരം നഷ്ടമായതെന്നും താരത്തിന് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മതിയായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ലെന്നും സാമ്പവോളി പറഞ്ഞു.

കരിം ബെൻസിമ ബാലൺ ഡി ഓർ അർഹിക്കുന്നുണ്ടെന്നും എന്നാലത് മെസി അല്പം പുറകോട്ട് പോയത് കൊണ്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”മെസി ഈയിടെ കളിയിൽ അല്പം പുറകോട്ട് പോയത് നമുക്കെല്ലാം അറിയാവുന്നതാണ്. ബാഴ്‌സയിലെ അവസാന നാളുകളിൽ സൈനിങ് പുതുക്കാൻ കഴിയാതെ താരത്തിന് ക്ലബ്ബ് വിടേണ്ടി വന്നത് മാനസികമായി അദ്ദേഹത്തെ തളർത്തിയിരുന്നു.

പി.എസ്.ജിയിൽ എത്തിയിട്ടും തുടക്കം ഗംഭീരമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അത് അത് കൊണ്ട് മാത്രമാണ് ഏഴ് തവണ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവിന് ഇത്തവണ അവസരം നഷ്ടമായത്,” സാമ്പവോളി വ്യക്തമാക്കി.

വരാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തുകയും ഫ്രഞ്ച് വമ്പൻമാർക്ക വേണ്ടി അടുത്ത സീസണിൽ കൂടുതൽ സ്‌കോർ ചെയ്യാനുമായാൽ ബാലൺ ഡി ഓർ മെസിയുടെ കൈകളിലേക്ക് തന്നെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content HighlightS: Argentine super star is better than Ballon d’Or awardee karim Benzema, says former argentina Coach