സ്‌കലോണിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പിറന്നാള്‍; അര്‍ജന്റീനയുടെ തലവര മാറ്റിയതിനെക്കുറിച്ച് സൂപ്പര്‍ കോച്ചിന് പറയാനുള്ളത് ഇങ്ങനെ
football news
സ്‌കലോണിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പിറന്നാള്‍; അര്‍ജന്റീനയുടെ തലവര മാറ്റിയതിനെക്കുറിച്ച് സൂപ്പര്‍ കോച്ചിന് പറയാനുള്ളത് ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th May 2023, 8:53 am

അര്‍ജന്റീനയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ മെസിയോളം തന്നെ അവകാശം ഉണ്ട് പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക്. മുന്‍ അര്‍ജന്റീന കളിക്കാരനും ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ചുമാരില്‍ ഒരാളുമായ സ്‌കലോണി ചൊവ്വാഴ്ച 44ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

വെറും ഒരു ശരാശരി ടീമായിരുന്ന അര്‍ജന്റീനയെ നാല് വര്‍ഷത്തെ തന്റെ പരിശീലന മികവിലാണ് സ്‌കലോണി ലോക ചാമ്പ്യന്മാരാക്കിയത്.

2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ പരാജയത്തിന് ശേഷമാണ് സാമ്പോളിക്ക് പകരക്കാരനായി സ്‌കലോണി അര്‍ജന്റീനയുടെ കോച്ചാകുന്നത്. അതുവരെ അര്‍ജന്റീന ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു സ്‌കലോണി. എന്നാല്‍ സ്‌കലോണി മുഖ്യ പരിശീലകന്റെ കുപ്പായം അണിഞ്ഞ ശേഷം അര്‍ജന്റീനയുടെ സുവര്‍ണ കാലഘട്ടം ആയിരുന്നെന്ന് പറയാം.

മൂന്ന് പതിറ്റാണ്ടുകാലം കിരീട വരള്‍ച്ചയുണ്ടായിരുന്ന അര്‍ജന്റീനയെ 2020ലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ സ്‌കലോണി, 2021ല്‍ കോപ്പ- യൂറോ ചാമ്പ്യന്‍മാരുടെ പോരാട്ടമായ ഫൈനലിസിമയിലും ടീമിനെ വിജയത്തിലെത്തിച്ചു. ഒടുവില്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ആവേശകരമായ ഫൈനലില്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തു സ്‌കലോണി. ഈ വിജയ രഹസ്യത്തെക്കുറിച്ച് സ്‌കലോണിക്ക് പറയാനുള്ളത് ഇങ്ങനെയാണ്.

‘മെസിയെ സ്വതന്ത്രനായി കളിപ്പിക്കുക എന്നതായിരുന്നു എന്റെ തന്ത്രങ്ങളുടെ കേന്ദ്ര ബിന്ദു. ആദ്യ ഘട്ടത്തില്‍ വേഗത്തിലുള്ള ശൈലിയായിരുന്നു പിന്തുടര്‍ന്നത്. എന്നാല്‍ മെസിയടക്കമുള്ള താരങ്ങള്‍ പ്രയാസപ്പെടുന്നത് മനസിലാക്കി വേഗത കുറച്ച് താരത്തെ സ്വതന്ത്രനാക്കി.

പല പരീക്ഷണങ്ങളിലൂടെ മെസിയെ പോലെ ഒരു ഇതിഹാസ താരത്തിന് അനിയോജ്യരായ കളിക്കാരെ കണ്ടെത്തി. അവരൊക്കെ മെസിയുടെ മനസറിഞ്ഞ് പന്ത് തട്ടിയതോടെയാണ് അര്‍ജന്റീനയുടെ തലവര മാറിയത്,’ സ്‌കലോണി പറയുന്നു.

2018 ഓഗസ്റ്റ് മൂന്നിന് ചുമതലയേറ്റ സ്‌കലോണിക്ക് കീഴില്‍ അര്‍ജന്റീന കളിച്ച 59 മത്സരങ്ങളില്‍ 39 വിജയം നേടാനായി. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഈ വര്‍ഷത്തെ മികച്ച കോച്ചിനുള്ള ഫിഫ ദി ബെസ്റ്റ് അവാര്‍ഡും സ്‌കലോണിയെ തേടിയെത്തിയിരുന്നു. അതുകൊണ്ട് തന്നെ സ്‌കലോണിയുടെ ജീവിതത്തിലെ ഏറ്റവും പ്രയപ്പെട്ട പിറന്നാളാകും ചൊവ്വാഴ്ചത്തേത്.