Advertisement
football news
നാലല്ല, മെസിയുടെ പേരിലുള്ളത് മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രം; നിലപാട് അറിയിച്ച് യുവേഫ
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 05, 03:46 am
Friday, 5th May 2023, 9:16 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടം റദ്ദാക്കി യുവേഫ. വ്യക്തിഗത കണക്കില്‍ താരം മൂന്ന് ചാമ്പ്യന്‍സ് കിരീടമേ നേടിയിട്ടുള്ളൂ എന്ന് യുവേഫ അറിയിച്ചു.

2006, 2009, 2011, 2015 എന്നീ സീസണുകളില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായപ്പോള്‍ മെസി ടീമിനൊപ്പമുണ്ടായിരുന്നു. ഇതില്‍ 2006ലെ കിരീടനേട്ടത്തില്‍ നിന്നാണ് മെസിയുടെ പേര് യുവേഫ ഒഴിവാക്കിയത്. 2006ലെ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ മെസി ഫൈനല്‍ കളിച്ചില്ല എന്നതാണ് ഇതിന് നല്‍കുന്ന വിശദീകരണം.

2006ലെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങള്‍ താരത്തിന് കളിക്കാനായിരുന്നില്ല. ഇത് കണക്കിലെടുത്താണിപ്പോള്‍ താരത്തിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ ഈ സീസണില്‍ അതുവരെയുള്ള കളികളില്‍ ഒരുഗോളും രണ്ട് അസിസ്റ്റും നേടാന്‍ മെസിക്ക് കഴിഞ്ഞിരുന്നു.

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി വിട്ട് തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് വീണ്ടും എത്തും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചാമ്പ്യന്‍സ് ലീഗ് റദ്ദാക്കിയത് സംബന്ധിച്ച വാര്‍ത്ത വരുന്നത്. രണ്ട് വര്‍ഷം മുമ്പ് ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് പോയ മെസിക്ക് അവിടെ വെച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, നിലവില്‍ ഫുട്‌ബോളിലെ എല്ലാ ലോക റെക്കോര്‍ഡിലും മെസിക്കൊപ്പം മത്സരിക്കുന്ന പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടമാണുള്ളത്. യുവേഫയുടെ പുതിയ നിലപാട് വന്നതോടെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിന്റെ കണക്കില്‍ രണ്ടെണ്ണത്തില്‍ മെസി പിന്നിലായി.

Content Highlight: Argentina legend Lionel Messi’s first Champions League title has been canceled by UEFA