ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന വിശ്വവിജയികളായത്. 1986ല്‍ മറഡോണക്ക് ശേഷം 2022ല്‍ ലയണല്‍ മെസിയിലൂടെയാണ് ലോകകപ്പ് കിരീടം അര്‍ജന്റീനയിലെത്തുന്നത്.
ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തോല്‍പിച്ചുകൊണ്ടായിരുന്നു അര്‍ജന്റീനയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളെയും തമ്മില്‍ പിരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന വിജയികളയാത്.
ലോകകപ്പ് ഫൈനലിന് മുമ്പ് മെസി നല്‍കിയ മോട്ടിവേഷന്‍ സ്പീച്ചിനെ കുറിച്ച് പറയുകയാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ ഫ്രാങ്കോ അര്‍മാനി.
ടി.വൈ.സി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസിയുടെ ലീഡര്‍ഷിപ്പിനെ കുറിച്ചും ഫൈനലിന് മുമ്പുള്ള അദ്ദേഹത്തിന്റെ വാക്കുകളെ കുറിച്ചും അര്‍മാനി സംസാരിച്ചത്.
‘ലോക്കര്‍ റൂമിനകത്തായാലും പുറത്തായാലും മെസി ഒരു മികച്ച ലീഡറാണ്. ഫ്രാന്‍സിനെതിരായ ഫൈനലിന് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാല്‍ സ്‌റ്റേഡിയത്തിലെത്തി എതിരാളികളെ വിഴുങ്ങിക്കളയാന്‍ പോലും തോന്നിപ്പോകും,’ അര്‍മാനി പറഞ്ഞു.
‘മറ്റാരെക്കാളുമേറെ അദ്ദേഹം ലോകകപ്പ് അര്‍ഹിച്ചിരുന്നു എന്നതാണ് സത്യം. തന്റെ വിജയകരമായ കരിയറിന് വിരാമമിടാന്‍ അദ്ദേഹം നേടേണ്ടിയിരുന്നത് അത് മാത്രമായിരുന്നു. ഓരോ മത്സരത്തിനുമായി അദ്ദേഹം എല്ലാം ഉപേക്ഷിച്ചു. വളരെ എളിമയുള്ള മനുഷ്യനാണ്,’ അര്‍മാനി കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിനെ കുറിച്ചും അര്‍മാനി സംസാരിച്ചു.
‘ഞാന്‍ അവനെ വളരെയധികം അഭിനന്ദിക്കുന്നു. അവന്‍ ചെറിയ ഒരു കുട്ടിയെ പോലെയായിരുന്നു. എനിക്കവനെ ഒരുപാടിഷ്ടമായിരുന്നു,’ അര്‍മാനി പറഞ്ഞു.
ഈ ലോകകപ്പില്‍ ഒറ്റ മത്സരം പോലും കളിക്കാന്‍ അര്‍മാനിക്ക് അവസരം ലഭിച്ചിരുന്നില്ല. എമിലിയാനോ മാര്‍ട്ടീനെസിനെയായിരുന്നു സ്‌കലോണി എന്നും ഗോള്‍ വല കാക്കാന്‍ നിയോഗിച്ചിരുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരെയും ഫൈനലില്‍ ഫ്രാന്‍സിനെതിരെയും അര്‍ജന്റീനയെ രക്ഷിച്ചത് മാര്‍ട്ടീനസായിരുന്നു.