റൊണാള്‍ഡോക്കും റൂണിക്കും ശേഷം ഇവന്‍ മാത്രം; ചരിത്രം ആവര്‍ത്തിച്ച് റയല്‍ മാഡ്രിഡ് താരം
Football
റൊണാള്‍ഡോക്കും റൂണിക്കും ശേഷം ഇവന്‍ മാത്രം; ചരിത്രം ആവര്‍ത്തിച്ച് റയല്‍ മാഡ്രിഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 8:59 am

യൂറോകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ വീഴ്ത്തി തുര്‍ക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തുര്‍ക്കി പരാജയപ്പെടുത്തിയത്. ടൂർണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുര്‍ക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.

ലെപ്‌സിഗിലെ റെഡ്ബുള്‍റീനയില്‍ നടന്ന മത്സരത്തില്‍ 57ാം സെക്കന്‍ഡില്‍ തന്നെ മെറിഹ് ഡെമിററിലൂടെ തുര്‍ക്കി  മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു. യൂറോ കപ്പിന്റെ ചരിത്രത്തില്‍ നോക്ക് ഔട്ട് റൗണ്ടിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്.

തുര്‍ക്കിക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നുമാണ് താരം ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ തുര്‍ക്കി ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ 65ാം മിനിട്ടില്‍ മെറിഹ് വീണ്ടും തുര്‍ക്കിക്കായി ഗോള്‍ നേടി. 59ാം മിനിട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു. 65ാം മിനിട്ടില്‍ മൈക്കല്‍ ഗ്രിഗോറിറ്റ്ഷിലൂടെ ഓസ്ട്രിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒടുവില്‍ സമനില ഗോളിനായി ഓസ്ട്രിയ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും തുര്‍ക്കിയുടെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ തുര്‍ക്കിക്കുവേണ്ടി ഒരു അസിസ്റ്റ് നേടി അര്‍ധ ഗുലര്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്. ഇതിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടവും ഗുലർ സ്വന്തമാക്കി. യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരു എഡിഷനില്‍ ഒരു ഗോളും അസിസ്റ്റും നേടുന്ന മൂന്നാമത്തെ യുവതാരമായി മാറാനാണ് ഗുലറിന് സാധിച്ചത്. തന്റെ 19ാം വയസിലാണ് റയല്‍ മാഡ്രിഡ് യുവതാരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് ഇതിഹാസതാരം വെയ്ന്‍ റൂണിയും പോര്‍ച്ചുഗല്‍ ലെജൻഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആണ്. 2004ലെ യൂറോ കപ്പിലായിരുന്നു റൊണാള്‍ഡോയും ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ജിയക്കെതിരെയുള്ള മത്സരത്തിലാണ് ഗുലർ യൂറോ കപ്പിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. ഇതിനുപിന്നാലെ യൂറോകപ്പിന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈ 19കാരന്‍ സ്വന്തമാക്കിയിരുന്നു. 2004ലെ യൂറോ കപ്പില്‍ ഗോള്‍ നേടിക്കൊണ്ട് റൊണാള്‍ഡോ നേടിയ റെക്കോഡ് ആയിരുന്നു ഗുലര്‍ മറികടന്നത്.

അതേസമയം ഇനി ഗുലറും കൂട്ടരും ജൂലൈ ഏഴിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ്. റൊമാനിയയെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറിയ നെതര്‍ലാന്‍ഡ്‌സിനെയാണ് തുര്‍ക്കി നേരിടുക. ബെര്‍ലിനിലെ ഒളിമ്പിയസ്റ്റാഡിയനിലാണ് മത്സരം നടക്കുക.

 

Content Highlight: Arda Gular Great Record in Euro Cup