എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മലയാള സിനിമക്ക് അത്ര സുപരിചിതമല്ലാത്ത ടൈം ട്രാവല്‍ ഫാന്റസി ജോണറില്‍ ഒരുങ്ങിയ സിനിമ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ ഒരുക്കിയത്.
രണ്ടരവര്‍ഷത്തിന് ശേഷമുള്ള നിവിന്‍ പോളിയുടെ തിരിച്ച് വരവ് എന്ന നിലയിലും മഹാവീര്യര്‍ ശ്രദ്ധ നേടിയിരുന്നു. 2019ല്‍ പുറത്ത് വന്ന മൂത്തോനാണ് ഒടുവില്‍ പുറത്തിറങ്ങിയ നിവിന്‍ ചിത്രം.
അപൂര്‍ണാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ചത്. ഇടവേളക്ക് ശേഷമുള്ള തന്റെ തിരിച്ച് വരവ് താരം ഗംഭീരമാക്കിയിട്ടുണ്ട്. ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിവിന്റെ കഥാപാത്രമാണ് അപൂര്‍ണാനന്ദന്‍. വേഷത്തിലും ഭാവത്തിലും പുതുമയുള്ള കഥാപാത്രം.
തുടക്കം മുതല്‍ തന്നെ നിഗൂഢത ഒളിപ്പിച്ച കഥാപാത്രം. ഇടക്ക് വരുന്ന ചില സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അപൂര്‍ണാനന്ദന്‍ ആരാണെന്ന സംശയം പ്രേക്ഷകരില്‍ എപ്പോഴും നിലനിര്‍ത്താന്‍ എബ്രിഡ് ഷൈന് സാധിക്കുന്നുണ്ട്.
ചിത്രത്തിന്റെ തുടക്കത്തില്‍ സാത്വികഭാവത്തിലാണ് അപൂര്‍ണാനന്ദനെ കാണുന്നതെങ്കില്‍ കോടതി വ്യവഹാരങ്ങളിലേക്ക് വരുമ്പോള്‍ അത് സാധാരണ മനുഷ്യന്റേത് പോലെയാവുന്നു. സൗണ്ട് മോഡുലേഷനൊക്കെ ഇവിടെ മാറ്റം വരുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ പോലെ പ്രേക്ഷകര്‍ക്ക് ഇയാള്‍ വ്യാജനാണോ ഒറിജിനലാണോ എന്ന സംശയം വരുന്നുണ്ട്.
കോടതിയിലിരിക്കുമ്പോള്‍ സമ്മിശ്ര ഭാവങ്ങളാണ് അപൂര്‍ണാനന്ദന്. സാധാരണ മനുഷ്യരെ പോലെ സംസാരിക്കുമ്പോഴും ഇടക്ക് സന്യാസി വര്യനെ പോലെ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നുണ്ട് ഈ കഥാപാത്രം. സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് നിവിന്‍ പോളിയുടെ അപൂര്ണാനന്ദന്.