Advertisement
national news
ഫോൺ ചോർത്തൽ മുന്നറിയിപ്പ്; ആപ്പിളിന്റെ വിദഗ്ധസംഘം ഇന്ത്യയിലേക്ക്, വൈറസ് മാത്രമെന്ന് കേന്ദ്രസർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 24, 02:11 pm
Friday, 24th November 2023, 7:41 pm

ന്യൂദൽഹി: കേന്ദ്ര സർക്കാർ ഏജൻസികൾ പ്രതിപക്ഷ എം.പിമാർ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്താൻ ഉദ്ദേശിക്കുന്നു എന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയ സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ ഇന്ത്യയിലേക്ക് അയക്കാൻ ആപ്പിൾ.

ആപ്പിളിന്റെ ടെക്നിക്കൽ, സൈബർ സെക്യൂരിറ്റി വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് ഇന്ത്യയിൽ സന്ദർശനം നടത്തുക. നിലവിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് ഫോൺ ചോർത്തൽ മുന്നറിയിപ്പിൽ അന്വേഷണം നടത്തുന്നത്.

ഒക്ടോബറിൽ കോൺഗ്രസ്‌ നേതാവ് ശശി തരൂർ, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ, തൃണമൂൽ കോൺഗ്രസ്‌ എം.പി മഹുവ മൊയ്ത്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജ് ഉൾപ്പെടെയുള്ളവർക്ക് ആപ്പിളിന്റെ ഫോൺ ചോർത്തൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു.

അതേസമയം, ആപ്പിൾ ഫോണുകളിൽ വന്ന മുന്നറിയിപ്പിന് കാരണം വൈറസാണെന്ന വാദവുമായി കേന്ദ്രം രംഗത്ത് വന്നു.
തങ്ങളുടെ സിസ്റ്റത്തിൽ പോരായ്മകളുണ്ടെന്ന് അംഗീകരിക്കാനും ഉത്തരവാദിത്തമേറ്റെടുക്കാനും മടിക്കുന്ന കമ്പനികൾ ഉടൻ തന്നെ സർക്കാരിൽ കുറ്റം ആരോപിക്കും. എന്നിട്ട് കേന്ദ്രം ഫോൺ ചോർത്താൻ ശ്രമിക്കുന്നു എന്ന് നോട്ടിഫിക്കേഷൻ അയക്കുമെന്നും ഐ.ടി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാരിന്റെ പ്രസ്താവനയിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫോൺ ചോർത്തൽ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്തുകൊണ്ടാണ് നൽകാത്തത് എന്നത് സംബന്ധിച്ചുള്ള പ്രസ്താവന ആപ്പിൾ നേരത്തെ പുറത്തുവിട്ടിരുന്നു.

ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് തങ്ങൾ മുന്നറിയിപ്പ് നൽകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയാൽ സർക്കാർ പിന്തുണയോടെയുള്ള അറ്റാക്കർമാർ ഭാവിയിൽ അത് തിരിച്ചറിയാതിരിക്കാനുള്ള മാർഗങ്ങളിലേക്ക് മാറുമെന്നായിരുന്നു ആപ്പിൾ അറിയിച്ചത്.

Content Highlight: Apple to send experts to join hacking threat notification probe in India