Kerala News
ചരിത്ര നേട്ടത്തോടെ എ.പി.എന്‍.ഡി 2025 കോണ്‍ഫറന്‍സിന് സമാപനം: അപൂര്‍വ രോഗങ്ങളള്‍ക്ക് ചികിത്സ അപൂര്‍വമാകില്ലെന്ന് മന്ത്രിയുടെ ഉറപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
20 hours ago
Saturday, 15th March 2025, 8:09 pm

തിരുവനന്തപുരം: ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡര്‍ മാനേജ്‌മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് വിജയകരമായി സമാപിച്ചു.

ന്യൂറോ-മസ്‌കുലാര്‍ രോഗങ്ങള്‍ക്കും നവീന ചികിത്സാ മാര്‍ഗങ്ങള്‍ക്കും ഊന്നല്‍ നല്‍കി സംഘടിപ്പിച്ച ‘അഡ്വാന്‍സസ് ഇന്‍ ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡേഴ്‌സ്-APND 2025’ കോണ്‍ഫറന്‍സ് ചരിത്ര നേട്ടത്തോടെയാണ് സമാപിച്ചത്.

സമ്മേളനത്തില്‍ ന്യൂറോ-മസ്‌കുലാര്‍ രോഗങ്ങളുടെ വിവിധ ഘട്ടങ്ങളും നൂതന ചികിത്സാ മാര്‍ഗങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്തു. രോഗികള്‍ക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി ആവശ്യമായ പോളിസികള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത വിവിധ രാജ്യങ്ങളിലെ മാതൃകാ നയങ്ങള്‍ അവലംബിച്ച് വിലയിരുത്തി.

ന്യൂറോ-മസ്‌കുലാര്‍ രോഗങ്ങള്‍ക്കും നവീന ചികിത്സാ മാര്‍ഗങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ് APND25 സമ്മേളനം സംഘടിപ്പിച്ചത്. 20ലധികം ഗവേഷണ പ്രബന്ധങ്ങളും വിഷയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ അപൂര്‍വ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയര്‍ (Kerala United Against Rare Diseases) പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.

എസ്.എം.എ പോലുള്ള അപൂര്‍വ രോഗബാധിതരായ സര്‍വസാധാരണക്കാര്‍ക്കും സൗജന്യചികിത്സ നല്‍കാനുള്ള ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണയോടെയാണ് കെയര്‍ പദ്ധതി വിജയകരമായി മുന്നേറുന്നത്. രോഗങ്ങള്‍ അപൂര്‍വമായിരിക്കാം, എന്നാല്‍ പരിചരണം അപൂര്‍വമാകരുത് എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെറും മരുന്നുകളില്‍ ഒതുങ്ങുന്നതല്ല കെയര്‍ പദ്ധതി. ഫിസിയോതെറാപ്പി, കൗണ്‍സിലിങ്, പോഷകസഹായവും ഇതിലൂടെ ഉറപ്പാക്കുന്നു. പദ്ധതി സര്‍ക്കാരിന്റെ നൈതിക ബാധ്യതയാണെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ പ്രൊഫ. കെ. രാജശേഖരന്‍ നായര്‍, പ്രൊഫ. കെ. ആനന്ദം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിന്നറ്റ് മോറിസ്, ആരോഗ്യ വകുപ്പിലെ നോഡല്‍ ഓഫീസര്‍ ഡോ. യു.ആര്‍. രാഹുല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

കോണ്‍ഫറന്‍സ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ.പി. വിനയന്‍ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ഡോ. മേരി ഐപ് നന്ദിയും പറഞ്ഞു. ‘അസുഖം അപൂര്‍വമാകാം, പക്ഷേ ചികിത്സ അപൂര്‍വമാകരുത്’ എന്ന സന്ദേശം മുന്‍നിര്‍ത്തി സംഘടിപ്പിച്ച APND25ന് ചെയര്‍മാന്‍ ഡോ. വിനയനും സെക്രട്ടറി മേരി ഐപുമാണ് നേതൃത്വം നൽകിയത്.

Content Highlight: APND 2025 Conference concludes