കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു സംഘത്തെ യു.പിയിലേക്ക് അയക്കണം: അബ്ദുള്ളക്കുട്ടി
Kerala News
കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു സംഘത്തെ യു.പിയിലേക്ക് അയക്കണം: അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2022, 4:59 pm

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാപരമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.

ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഗുജറാത്തില്‍ മാത്രം പോയാല്‍ പോര. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു സംഘത്തെ യോഗിയുടെ യു.പിയിലേക്ക് അയക്കണം. കെ.എസ്.ആര്‍.ടി. എം.ഡി നെതര്‍ലാന്‍ഡ്‌സിലേക്ക് പോയി എന്ന വാര്‍ത്ത കണ്ടു. അതല്ല വേണ്ടിയിരുന്നത്. യു.പിയിലേക്കാണ് പോകേണ്ടതെന്നും അവിടെ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ സമസ്ത മേഖലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. അടിസ്ഥാന വികസന രംഗത്തും കാര്‍ഷിക വ്യാവസായിക മേഖലയില്‍ വലിയ പുരോഗതികള്‍ ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 14 വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം വൈകി വന്ന ബുദ്ധിയെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നില്ലെന്നും അഭിനന്ദിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇ ഗവേണന്‍സിനുള്ള ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

2019ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ തുടങ്ങിയ ഡാഷ് ബോര്‍ഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്പില്‍ തത്സമയം ഇതുവഴി വിലയിരുത്താം.

ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോര്‍ഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗും നല്‍കാം. ഇതുവഴി ആരോഗ്യകരമായ മത്സരം സിവില്‍ സര്‍വീസ് രംഗത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.

കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസര്‍ ഉമേഷ് എന്‍.എസും ഗുജറാത്തിലേക്ക് പോകുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.