കോഴിക്കോട്: തനിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞ പി.വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
അന്‍വറിന്റെ മാപ്പ് പറയലിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപസംഘങ്ങങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും മനസിലായെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അന്‍വറിന്റെ ആരോപണങ്ങള്‍ അന്ന് വന്നപ്പോള്‍ താന്‍ കേവലം അയാള്‍ക്ക് മാത്രമല്ല മുഖ്യമന്ത്രിക്ക് ആണ് മറുപടി കൊടുത്തതെന്നും കാരണം അന്ന് തന്നെ അത് മറ്റാരോ അന്‍വറിന് എഴുതിക്കൊടുത്തതാണെന്ന് താന്‍ മനസിലാക്കിയെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു ഇങ്ങനെയൊരു ആരോപണം എന്റെ വിഭാഗത്തിലെ ആരെങ്കിലുമാണ് എഴുതി തന്നതെങ്കില്‍ അന്ന് തന്നെ അത് കീറി കളയുമായിരുന്നെന്ന് പറഞ്ഞെന്നും അതിനാല്‍ ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതായിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അന്ന് മുഖ്യമന്ത്രിക്കെതിരായ ആരോപണം വന്നപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത് സി.പി.ഐ.എമ്മിലെ ഉന്നത നേതാക്കള്‍ ആയിരുന്നു.
പാര്‍ട്ടിയില്‍ പിണറായിയെ എതിര്‍ക്കാന്‍ ശക്തി ഇല്ലാത്തവര്‍ അന്‍വറിന്റെ പിന്തുണയോട് കൂടി ഇതെല്ലാം ചെയ്യുകയായിരുന്നു. ഇതില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഉണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഇതെല്ലാം അന്‍വറിനെ മുന്‍ നിര്‍ത്തി മുതിര്‍ന്ന നേതാക്കള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോള്‍ തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. അന്‍വറിന് മുന്നില്‍ യു.ഡി.എഫ് വാതില്‍ അടയ്ക്കുകയോ തുറക്കുകയോ ചെയ്തിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയും യു.ഡി.എഫും ഉചിതമായ സമയത്ത് ഈ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച അന്‍വര്‍ പി.ശശിയുടെ നിര്‍ദേശപ്രകാരമാണ് വി.ഡി സതീശനെതിരെ 150 കോടിയുടെ ആരോപണമുന്നയിച്ചതെന്ന് പറഞ്ഞിരുന്നു. യു.ഡി.എഫിന് മുന്നില്‍ തന്നെ ശത്രുവാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയമുണ്ടെന്നും അന്‍വര്‍ പറയുകയുണ്ടായി.
വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് താന്‍ കേരളസമൂഹത്തോട് മാപ്പ് പറയുന്നുവെന്നും വസ്തുത മനസിലാക്കി പ്രതിപക്ഷ നേതാവ് തന്റെ മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കൂടാതെ
താന്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ഇനി മത്സരിക്കില്ലെന്നും മണ്ഡലത്തില്‍ യു.ഡി.എഫ് നിര്‍ണയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എല്ലാ ശക്തിയുമപയോഗിച്ച് നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: Anwar’s apology is accepted says V.D. Satheeshan