ട്വിറ്ററിൽ ഏറ്റവും കൂടുതൽ തെറികൾ വിളിക്കുന്നത് 'ചൗക്കിദാറുകൾ'; മോദി ഇന്ത്യയെ ചെളിക്കുണ്ടാക്കി മാറ്റിയെന്ന് അനുരാഗ് കശ്യപ്
Entertainment
ട്വിറ്ററിൽ ഏറ്റവും കൂടുതൽ തെറികൾ വിളിക്കുന്നത് 'ചൗക്കിദാറുകൾ'; മോദി ഇന്ത്യയെ ചെളിക്കുണ്ടാക്കി മാറ്റിയെന്ന് അനുരാഗ് കശ്യപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2019, 4:49 pm

മുംബൈ: ട്വിറ്ററിൽ ഏറ്റവും കൂടുതൽ തെറിവാക്കുകൾ ഉപയോഗിക്കുന്നത് ‘ചൗക്കിദാർ’ എന്ന പദം പേരിന് മുൻപിലായി ചേർത്തവരെന്ന് ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ്. ഇവരെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഫോളോവേർസ്’ ആണെന്നും മോദി ഇന്ത്യയെ പ്രക്ഷുബ്ധമായ ഒരിടമാക്കി മാറ്റിയെന്നും കശ്യപ് അഭിപ്രായപ്പെട്ടു.

‘എന്തൊക്കെ തെറികൾ നിങ്ങൾ ട്വിറ്ററിൽ തിരഞ്ഞാലും അവ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് ‘ചൗക്കിദാറു’കൾ ആണെന് കാണാൻ സാധിക്കും.’ അനുരാഗ് കശ്യപ് താൻ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. മുൻപ്, ഒരു വലതുപക്ഷ സ്വഭാവമുള്ള ഒരു ട്രോളിനെക്കുറിച്ച് അഭിപ്രായം പറയവേ മോദി ഇന്ത്യയെ ഒരു ചളിക്കുണ്ടാക്കി മാറ്റിയെന്നും കശ്യപ് പറഞ്ഞിരുന്നു.

‘നിങ്ങളുടെ നേതാവിന് രാജ്യത്തെ ഒരു ചളിക്കുണ്ടാക്കി മാറ്റാൻ യാതൊരു മടിയും ഇല്ലെന്നിരിക്കെ, നിങ്ങളുടെ യഥാർത്ഥ സ്വഭാവം പരസ്യമാക്കുന്നതിന് ഞാനെന്തിന് മടിക്കണം?’ കശ്യപ് ചോദിക്കുന്നു.

അടുത്തിടെ, വെറുപ്പിനെ ഇന്ത്യയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 700 സിനിമ പ്രവർത്തകർ നൽകിയ നിവേദനത്തിൽ അനുരാഗ് കശ്യപും ഭാഗമായിരുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, മലയാളം, കന്നഡ, ആസാമീസ്, തെലുങ്ക്, പഞ്ചാബി, കൊങ്കണി, ഉർദു, ഗുജറാത്തി എന്നിങ്ങനെ12 ഭാഷയിലുള്ള കലാകാരന്മാരും ടെക്നീഷ്യന്മാരുമാണ് ഇത്തരത്തിൽ അപേക്ഷ പരസ്യമാക്കിയത്.

ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ ഹിന്ദുത്വ ഗുണ്ടകൾക്ക് അടിമപെട്ടത് എങ്ങനെയെന്ന് ജനങ്ങൾ ഓർമ്മിക്കേണ്ടതാണെന്നും ഇവർ തങ്ങളുടെ നിവേദനത്തിൽ പറയുന്നു.