തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമയുടെ പരാതി താന്‍ അറിയുന്നത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞിട്ടാണെന്ന് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.
അനുപമയുടെ പരാതി പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും ശ്രീമതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് താന്‍ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും പി.കെ. ശ്രീമതി പറഞ്ഞു.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും ശ്രീമതി പറഞ്ഞു.
ഒന്നരമാസം മുന്‍പ് ബൃന്ദാ കാരാട്ടെന്നെ വിളിച്ചു. തിരുവനന്തപുരത്ത് അനുപമയെന്ന് പറയുന്ന പെണ്‍കുട്ടിയുടെ വിഷയമുണ്ടെന്ന് പറഞ്ഞ് എന്നോടെല്ലാം വിശദീകരിച്ചുതന്നു
പിന്നീട് അനുപമയെ ഞാന്‍ നേരില്‍ക്കണ്ടു.നമുക്ക് കുഞ്ഞിനെ വീണ്ടെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. എല്ലാവര്‍ക്കും പരാതി കൊടുത്തിട്ടുണ്ടെന്ന് അനുപമ പറഞ്ഞു.
ഞാന്‍ നിര്‍ദേശിച്ച് ഒരുതവണ കൂടി എല്ലാവര്‍ക്കും പരാതി കൊടുത്തു. രണ്ടാമതൊരു തവണ കൂടി ഞാനിവരെ കണ്ടു. അന്ന് ഭര്‍ത്താവ് അജിത്തിനോടും ഞാന്‍ സംസാരിച്ചു.
ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനേയും വിളിച്ചിരുന്നു. കേസെടുക്കാതിരുന്നത് ശരിയായില്ലെന്ന് പറഞ്ഞു.
നടപടിയായില്ലെന്ന് കണ്ടപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ മഹിളാ നേതാക്കളോട് എല്ലാം ഞാന്‍ വിവരം പറഞ്ഞു. നിങ്ങളെല്ലാം ഏത് ലോകത്താണ് ജീവിക്കുന്നത് ഒരു കുട്ടി ഇങ്ങനെ കുഞ്ഞിന് വേണ്ടി നടക്കുമ്പോള്‍ ഒന്നിടപെടാന്‍ വേണ്ടി നമുക്ക് സാധിച്ചില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു.
വേറെ ഒരു വഴിയുമില്ലെങ്കില്‍ നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് ഞാന്‍ പറയുന്നത്. പുത്തലത്ത് ദിനേശന്‍ കേസെടുക്കും എന്ന് പറഞ്ഞതാണ്.
ഞാന്‍ അനുപമയ്ക്ക് നീതി ലഭിക്കാനായി ഒരുപാട് സമയം ചെലവിട്ടു. പക്ഷെ പ്രയോജനമുണ്ടായില്ല. അതെന്റെ പരാജയമാണ്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം.