World News
ലോക്ഡൗണിനെതിരെ ജനം തെരുവിൽ; ഓസ്ട്രേലിയയില്‍ വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 24, 03:09 pm
Saturday, 24th July 2021, 8:39 pm

സിഡ്നി: ഓസ്ട്രേലിയയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബണിലും നിരവധി പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സിഡ്‌നിയില്‍ പ്രതിഷേധക്കാര്‍ റോഡരികിലെ ചെടികള്‍ പിഴുതെറിയുകയും
പൊലീസിന് നേരെ കുപ്പികളെറിയുകയും ചെയ്തു. പ്രതിഷേധക്കാരില്‍ 57 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക്
സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളാണ് ലോക്ഡൗണ്‍ നീട്ടാന്‍ കാരണം  എന്നാണ് ന്യൂ സൗത്ത് വെയില്‍സിലെ ആഭ്യന്തരമന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞത്.

നേരത്തെ കൊവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷത്തെക്കാളും ഗുരുതരമായാണ് കൊവിഡ് ഇത്തവണ രാജ്യത്തെ ബാധിച്ചതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിരുന്നു. ചില കര്‍ശനമായ നിയന്ത്രണങ്ങളോടെ രാജ്യത്തെ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 66,000 ഡോളര്‍ പിഴയോ ലഭിക്കുന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Anti-lockdown protesters hold ‘freedom rallies’ in Australia; pelt cops with plants and bottles