Sports News
സമ്മര്‍ദത്തിലും ശാന്തനായിരുന്നു, പരിഭ്രാന്തിയുടെ ഒരു ലക്ഷണം പോലുമില്ലായിരുന്നു; അശുതോഷിനെ പ്രശംസിച്ച് റായിഡു
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Tuesday, 25th March 2025, 4:02 pm

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സുമായി നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ജയത്തോടെയാണ് പതിനെട്ടാം സീസണ്‍ ആരംഭിച്ചിരിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ത്രില്ലര്‍ വിജയമാണ് ദല്‍ഹി സ്വന്തമാക്കിയത്. അശുതോഷ് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ക്യാപിറ്റല്‍സ് ലഖ്നൗവിനെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് മോശം തുടക്കമാണ് ലഭിച്ചത്. വെറും ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപിറ്റല്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടീം സ്‌കോര്‍ നാല് വിക്കറ്റിന് 65 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ അശുതോഷ് ശര്‍മയാണ് ദല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

31 പന്തില്‍ പുറത്താകാതെ 66 റണ്‍സാണ് അശുതോഷ് ലഖ്നൗവിനെതിരെ അടിച്ചെടുത്തത്. ഏഴാം നമ്പറില്‍ ഇറങ്ങിയാണ് താരം മികച്ച പ്രകടനം പുറത്തെടുത്തത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും അവസാനം വരെ പൊരുതിയാണ് അശുതോഷ് തന്റെ ടീമിനെ വിജയിപ്പിച്ചത്.

ഇപ്പോള്‍, താരത്തെ പ്രശംസിച്ച് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. അശുതോഷ് മത്സരത്തില്‍ ശാന്തനും കാല്‍ക്കുലെറ്റീവുമായിരുന്നുവെന്ന് അമ്പാട്ടി റായിഡു പറഞ്ഞു. മത്സരത്തില്‍ സമ്മര്‍ദത്തിനിടയിലും പരിഭ്രാന്തിയുടെ ഒരു ലക്ഷണവും കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു റായിഡു.

‘ഏറ്റവും ശ്രദ്ധേയമായ കാര്യം അശുതോഷ് മത്സരത്തില്‍ ശാന്തനും കാല്‍ക്കുലെറ്റീവുമായിരുന്നു എന്നതാണ്. അവന്‍ നല്ല ഷോട്ടുകളാണ് കളിച്ചത്. പരിഭ്രാന്തിയുടെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷവും (അശുതോഷ് പഞ്ചാബ് കിംഗ്സിനൊപ്പമുണ്ടായിരുന്നപ്പോള്‍) അവന്‍ അവിശ്വസനീയമായ ചില ഇന്നിങ്‌സുകള്‍ കളിച്ചതായി നമ്മള്‍ കണ്ടിട്ടുണ്ട്.

സമ്മര്‍ദത്തിലും അവന്‍ വളരെ ശാന്തനാണ്. അശുതോഷിന് കളിയിലും കഴിവുണ്ട്. പ്രത്യേകിച്ച് മുകളിലേക്ക് എറിയുന്ന പന്തുകള്‍, യോര്‍ക്കറുകള്‍, അദ്ദേഹത്തിന് ആ വിപ്പ് ഉണ്ട്,’ റായിഡു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്സ് താരമായിരുന്നു അശുതോഷ്. പഞ്ചാബിനായി 11 മത്സരങ്ങളില്‍ നിന്ന് 189 റണ്‍സെടുത്തിരുന്നു. മെഗാ താര ലേലത്തിനോടനുബന്ധിച്ച് പഞ്ചാബ് താരത്തെ റിലീസ് ചെയ്യുകയായിരുന്നു. 3.80 കോടിക്കാണ് താരത്തെ ദല്‍ഹി ടീമിലെത്തിച്ചത്.

Content Highlight: IPL 2025: Former Indian Cricketer Ambati Rayudu Speaks About Ashutosh Sharma