2018ല്‍ ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്. പ്രകാശന്‍ എന്ന ടൈറ്റില്‍ റോളിലായിരുന്നു ഫഹദ് എത്തിയത്. അഞ്ജു കുര്യന്‍, നിഖില വിമല്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ഒരുപാട് നാളിന് ശേഷം ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ സിനിമയായിരുന്നു.
ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രമായി എത്തിയത് നടി ദേവിക സഞ്ജയ് ആയിരുന്നു. ദേവികയുടെ ആദ്യ സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ശേഷം മകള്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്നീ സിനിമകളിലും ദേവിക അഭിനയിച്ചു. ഇപ്പോള്‍ ഞാന്‍ പ്രകാശന്‍ സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും ഫഹദ് ഫാസിലിനെ കുറിച്ചും പറയുകയാണ് ദേവിക. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘സിനിമയുടെ ചിത്രീകരണം എങ്ങനെയാണെന്ന് കണ്ട് മനസിലാക്കുന്നതിനായി കുറച്ച് ദിവസം മുമ്പ് തന്നെ സെറ്റിലെത്താന്‍ സത്യനങ്കിള്‍ എന്നോട് പറഞ്ഞിരുന്നു. കൂടെയുള്ളവര്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് മനസില്‍ ഉറപ്പിച്ചാണ് അന്ന് ക്യാമറയ്ക്ക് മുന്നില്‍ പോയി നിന്നത്.
സിനിമയില്‍ ഫഹദിന് നേരെ നായയെ അഴിച്ചു വിടുന്നതും ഒന്നിച്ചുള്ള സൈക്കിള്‍ യാത്രയുമെല്ലാം ആസ്വദിച്ചാണ് അഭിനയിച്ചത്. നമ്മള്‍ ഒരു കാര്യം ഭയങ്കരമായി ആഗ്രഹിച്ചാല്‍ അത് നമ്മളെ തേടിവരും എന്നല്ലേ. പലപ്പോഴും ഷൂട്ടിങ്ങിനിടയില്‍ ഷാനൂക്ക (ഫഹദ് ഫാസില്‍) മാഡം എന്ന് വിളിച്ച് എന്നെ കളിയാക്കാറുണ്ടായിരുന്നു.
നസ്രിയയുടെ സിനിമകള്‍ കണ്ട് ഫാനായ ഞാന്‍ ഇക്കാര്യം ഷാനൂക്കയെ ധരിപ്പിച്ചിരുന്നു. ഒരു ദിവസം നസ്രിയയെ ലൊക്കേഷനില്‍ വെച്ച് കാണാനും സംസാരിക്കാനും ഇടയായത് എന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു,’ ദേവിക സഞ്ജയ് പറയുന്നു.
Content Highlight: Devika Sanjay Talks About Fahadh Faasil And Njan Prakashan Movie