Entertainment
വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ഞാന്‍ ചെയ്തതില്‍ ഏറ്റവും ഇന്റന്‍സായിട്ടുള്ള കഥാപാത്രം ആ സിനിമയിലാണ്, എന്റെ ഫേവറെറ്റാണത്: ഭാവന

കമല്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാമേഖലയില്‍ എത്തുന്നത്. ചിത്രത്തില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്. മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാവന തന്റെ സാന്നിധ്യമറിയിച്ചു.

തമിഴില്‍ തന്റെ കരിയറിനെ മറ്റൊരു തലത്തിലെത്തിച്ച കഥാപാത്രമേതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഭാവന. തന്റെ ആദ്യ തമിഴ് ചിത്രമായ ചിത്തിരം പേസുതെടിയില്‍ നല്ലൊരു കഥാപാത്രമായിരുന്നെന്ന് ഭാവന പറഞ്ഞു. പിന്നീട് ചെയ്ത വെയില്‍ തന്റെ പേഴ്‌സണല്‍ ഫേവറെറ്റാണെന്നും ആ സിനിമയില്‍ വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉള്ള സീനുകള്‍ വളരെ ഇന്റന്‍സായിട്ടുള്ളവയായിരുന്നെന്നും ഭാവന പറഞ്ഞു. ഇന്നും ആ സിനിമ തന്റെ ഫേവറെറ്റുകളിലൊന്നാണെന്ന് ഭാവന പറയുന്നു. വെയിലിന് ശേഷം ചെയ്ത ദീപാവലിയും നല്ല സിനിമയായിരുന്നെന്നും അതുപോലെയൊന്ന് താന്‍ ചെയ്തിട്ടില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് ഇന്നും ആരാധകരുണ്ടെന്ന് ഭാവന പറഞ്ഞു.

പിന്നീട് ചെയ്ത ജയം കൊണ്ടാനും തനിക്ക് ഒരുപാട് ആരാധകരെ നല്‍കിയെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഈ സിനിമകളാണ് തമിഴില്‍ പ്രധാനപ്പെട്ട ഒന്നായി താന്‍ കാണുന്നതെന്നും ഭാവന പറഞ്ഞു. പുതിയ ചിത്രമായ ദി ഡോറിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

‘തമിഴില്‍ എന്റെ കരിയര്‍ മാറ്റിയതില്‍ ഒരു സിനിമയെ മാത്രം എടുത്തുപറയാന്‍ സാധിക്കില്ല. ചിത്തിരം പേസുതെടി എന്ന സിനിമയാണ് തമിഴില്‍ ഞാന്‍ ആദ്യമായി ചെയ്തത്. എന്റെ തമിഴ് എന്‍ട്രിയാണ് ആ പടം. അതുകൊണ്ട് ആ സിനിമയെ ഒഴിവാക്കാന്‍ സാധിക്കില്ല. പിന്നീട് ചെയ്തത് വെയില്‍ ആയിരുന്നു. ആ സിനിമയില്‍ വളരെ കുറച്ച് സ്‌ക്രീന്‍ സ്‌പേസ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

പക്ഷേ, ഞാന്‍ ചെയ്തതില്‍ ഏറ്റവും ഇന്റന്‍സായിട്ടുള്ള സീനുകള്‍ ആ സിനിമയിലാണ്. എന്റെ പേഴ്‌സണല്‍ ഫേവറെറ്റാണ് ആ പടം. അതുപോലെ ദീപാവലി. കുറച്ച് ഫണ്ണിയായിട്ടുള്ള, ഇടയ്ക്ക് ഓര്‍മ പോകുന്ന ക്യാരക്ടറാണ് ആ പടത്തില്‍. അങ്ങനെയൊന്ന് ഞാന്‍ മുമ്പ് ചെയ്തിട്ടില്ല. ഇന്നും പലരും ആ പടത്തിനെക്കുറിച്ച് സംസാരിക്കാറുണ്ട്. അതുപോലെ എടുത്ത് പറയേണ്ട ഒന്നാണ് ജയം കൊണ്ടാന്‍. ഇതൊക്കെയാണ് ആ ലിസ്റ്റില്‍ എടുക്കേണ്ട സിനിമകള്‍,’ ഭാവന പറയുന്നു.

Content Highlight: Bhavana about her favorite Tamil films she acted